തൊടുപുഴ: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി പോലീസ് അസോസിയേഷന് ഭാരവാഹിയായ പോലീസുകാരനും സഹായിയും അറസ്റ്റിലായ കേസ് അട്ടിമറിക്കാന്‍ ശ്രമം. സംഭവത്തില്‍ തുടര്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരില്‍ ഒരാളെ സ്ഥലം മാറ്റിയതുള്‍പ്പെടെ നിരവധി ഇടപെടലുകളാണ് നടക്കുന്നതെന്നാണ് ആരോപണം.
ഇതോടൊപ്പം പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാനായുള്ള നീക്കവും ആരംഭിച്ചു. പ്രതിയെ പിടികൂടിയതു മുതല്‍ തുടങ്ങിയ നീക്കമാണിപ്പോള്‍ സജീവമാക്കിയിരിക്കുന്നത്.
പ്രതിയുടെ ബന്ധുക്കളും അടുത്ത ബന്ധം പുലര്‍ത്തുന്നവരുമായ ഏതാനും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അട്ടിമറി നീക്കം.
കഴിഞ്ഞ 20ന് മുതലക്കോടത്ത് വച്ചാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന് തൊടുപുഴ മുതലക്കോടം മുണ്ടയ്ക്കല്‍ വീട്ടില്‍ എം.ജെ. ഷാനവാസ് (33), കൂട്ടാളി കുമാരമംഗലം കുന്നത്ത് വീട്ടില്‍ ഷംനാസ് കെ.ഷാജി (33) എന്നിവരെ തൊടുപുഴ എക്സൈസ് സംഘം പിടികൂടിയത്.
ഇവരില്‍ നിന്നും 3.6 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണക്ക കഞ്ചാവും ഒരു കാറും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥന്റെ കാറില്‍ വച്ച് ലഹരിമരുന്ന് കൈമാറുന്നതിനിടെയായിരുന്നു പ്രതികള്‍ പിടിയിലായത്.
അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കി ഇരുവരെയും റിമാന്‍ഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥനെ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
പിടിയിലായ സ്ഥലത്തു നിന്നു തന്നെ റെയ്ഡിനെത്തിയ ഒരു ഉദ്യോഗസ്ഥന് പ്രതിയായ പോലീസുകാരനെ ബൈക്കില്‍ കയറ്റി രക്ഷപെടുത്താന്‍ ശ്രമം നടത്തിയിരുന്നു. ഷാനവാസിനെ സ്ഥലത്ത് നിന്ന് രക്ഷപെടുത്താനും കൂട്ടാളി ഷംനാസിന്റെ തലയില്‍ മാത്രം കുറ്റം ചാര്ത്താനുമായിരുന്നു നീക്കം.
മറ്റ് ഉദ്യോഗസ്ഥരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത് തടസപ്പെട്ടത്. അറസ്റ്റിലായി 24 മണിക്കൂറോളം കസ്റ്റഡിയില്‍ ഉണ്ടായിട്ടും പ്രതിയായ ഷാനവാസിന്റെ ഫോണ്‍ വിളികളോ വാട്സാപ്പില്‍ ഉള്‍പ്പെടെയുള്ള മെസേജുകളോ പരിശോധിക്കാനോ അത് സംബന്ധിച്ചുള്ള അന്വേഷണം നടത്താനോ തയാറായിട്ടില്ല.
പോലീസ് ഉദ്യോഗസ്ഥന് പിടിയിലായ സംഭവമാണെങ്കിലും അന്വേഷണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സംഭവത്തില്‍ ജില്ലയിലെ ഉന്നത എക്സൈസ് അധികൃതര്‍ പോലും ഇപ്പോള്‍ മൗനത്തിലാണ്.
അന്വേഷണവും ഏതാണ്ട് നിലച്ച മട്ടാണ്. ഇത്തരത്തിലുള്ള വലിയ കേസുകള്‍ അന്വേഷിക്കുന്നതിനായി എക്സൈസില്‍ പ്രത്യേക ക്രൈംബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
അസി. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ സംസ്ഥാനത്തെ മികച്ച അന്വേഷണ റെക്കോഡുള്ള സ്വാധീനിക്കപ്പെടാത്ത ഉദ്യോഗസ്ഥരാണുള്ളത്.
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഔദ്യോഗിക കത്ത് സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ഓഫീസിലേക്ക് അയയ്ക്കാതെ തടയുകയും ചെയ്തു.
പ്രതികളെ പിടികൂടിയ അതേ സംഘം തന്നെയാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. ഇവര്‍ക്ക് അന്വേഷണത്തിനുള്ള പരിമിതിയും പ്രതിയുമായി അടുപ്പമുള്ളവര്‍ സേനയില്‍ ഉള്ളതും അന്ന് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നെങ്കിലും ഉന്നതര്‍ അവഗണിക്കുകയാണ് ചെയ്തത്.
ഇതിനിടെയാണ് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സംഭവമുണ്ടായത്. മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ കത്ത് നല്‍കിയിരുന്നു.
ഇതിന്റെ മറവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ കേസില്‍ ശക്തമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനേയും സ്ഥലം മാറ്റുകയായിരുന്നു. ഇത്തരമൊരു ഉത്തരവിറങ്ങിയത് സേനാംഗങ്ങള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കി.