മയക്കുമരുന്ന് വേട്ടവരാപ്പുഴ: വരാപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചേരാനല്ലൂർ സ്വദേശിയും നിലവിൽ വയനാട് കമ്പളക്കാടു താമസക്കാരനുമായ സിബി ജോയ് (24) ആണ് പിടിയിലായത്. ഇയാളിൽനിന്നും 25 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു.
ആന്റി നർകോട്ടിക് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വരാപ്പുഴ എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹനും സംഘവും പരിശോധനകൾ നടത്തിവരവേ വരാപ്പുഴ പാലത്തിനു സമീപത്തു നിന്നുമാണ് സിബിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മൊത്തവ്യാപാര വിപണിയിൽ രണ്ടു ലക്ഷത്തിൽപരം വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. എറണാകുളം ജില്ലയിലെ മയക്കുമരുന്ന് വിപണന ശൃംഖലയിലെ മുഖ്യ കണ്ണിയാണ് സിബി.
ഇയാൾ കാസർഗോഡ് നിന്നുമാണ് എംഡിഎംഎ എത്തിച്ചിരുന്നത്. ഓയോ റൂംസ് കേന്ദ്രീകരിച്ചും മുന്തിയ ഹോട്ടൽ മുറികളിലും മറ്റും താമസിച്ചാണ് ഇയാൾ വില്പനക്ക് ചുക്കാൻ പിടിച്ചിരുന്നത്.
മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതി എക്സൈസിന്റെ വലയിലായത്. ജില്ലയിലെ മയക്കുമരുന്ന് ലോബികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇയാളിൽനിന്നും അറിയാൻ സാധിച്ചതായി എക്സൈസ് ഓഫീസർ അറിയിച്ചു.
പ്രിവന്റീവ് ഓഫീസർ പി.കെ. ഗോപി, എം.ടി. ഹാരിസ് സിവിൽ എക്സൈസ് ഓഫീസർ അനൂപ്, അമൽദേവ്, അനീഷ് കെ. ജോസഫ്, എക്സൈസ് ഡ്രൈവർ ജിനിരാജ് വുമൺ സിവിൽ എക്സൈസ് ഓഫീസർ ജിപ്സി എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.