കൊച്ചി: ബംഗളൂരുവിൽനിന്ന് അറസ്റ്റിലായ അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിലെ പ്രധാനിയെ റിമാൻഡ് ചെയ്തു. ഫോർട്ടുകൊച്ചി വെളി സുനിൽ കോട്ടേജിൽ വർഗീസ് ജോസഫ് ഫെർണാണ്ടസി (34)നെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റുചെയ്തത്.
ജൂലൈ 19ന് അർധരാത്രി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ അഞ്ചാമത്തെ അറസ്റ്റാണ് ഇത്.
കളമശേരി സി.എം. മടവൂർ വീട്ടിൽ ഹാറൂണ്‍ സുൽത്താൻ(22), മട്ടാഞ്ചേരി നസ്രത്ത് വലിയമരത്തിങ്കൽ വീട്ടിൽ അലിൻ ജോസഫ്(29), തോപ്പുംപടി ചുള്ളിക്കൽ വലിയപറന്പിൽ നിജു പീറ്റർ(30), തോപ്പുംപടി പ്രതീക്ഷാനഗർ വാടക്കൽ വീട്ടിൽ അലൻ ടോണി(33) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
നിജുവിനു കൈമാറാനായി അലനും വർഗീസും ചേർന്നാണ് ഡൽഹിയിൽ നിന്ന് എംഡിഎംഎ കൊച്ചിയിൽ കൊണ്ടുവന്നത്.
വർഗീസിന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പാലാരിവട്ടം എസ്ഐ ടി.എസ്.രതീഷ് പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജുവിന്റെ നിർദേശത്തെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ എസ്. സനൽ, പ്രിൻസിപ്പൽ എസ്ഐ ടി.എസ് രതീഷ്, സീനിയർ സിപിഒ ഷാനിവാസ് , സിപിഒമാരായ മാഹിൻ അബൂബക്കർ, അരുണ്‍ സുരേന്ദ്രൻ, സിജി വിജയൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.