ചാത്തന്നൂർ: ലക്ഷക്കണക്കിന് രൂപ വില വരുന്ന മാരകലഹരി വസ്തുവായ 71 ഗ്രാം എംഡിഎംഎയുമായി ബിഡിഎസ് വിദ്യാർഥി പോലീസ് പിടിയിലായി.
കോഴിക്കോട് പാനൂർ കിഴക്കോത്ത് പുതുപറമ്പിൽ പി.പി. നൗഫൽ (28) ആണ് അറസ്റ്റിലായത്. ഇയാൾ അവസാന വർഷ ബിഡിഎസ് വിദ്യാർത്ഥിയാണെന്ന് പോലീസ് പറഞ്ഞു.
ഇന്ന് പുലർച്ചെ 6ന് കൊട്ടിയം ജംഗ്ഷനിൽ വച്ചാണ് നൗഫൽ പോലീസ് വലയിലാകുന്നത്. ബംഗളൂരുവിൽ നിന്നെത്തിയ ആഡംബര ബസിൽ കൊട്ടിയത്ത് ഇറങ്ങുമ്പോൾ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശക്തമായ പോലീസ് സന്നാഹം ഒരുക്കിയിരുന്നു. ബസിൽ നിന്നിറങ്ങിയ ഉടൻ തന്നെ നൗഫലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നൗഫലിന്റെ ബാഗ് പരിശോധിച്ചാണ് മാരക ലഹരി വസ്തു കണ്ടെടുത്തത്.
ബംഗളൂരുവിൽ നിന്ന് വലിയ അളവിൽ കടത്തി കൊണ്ടു വന്ന് വിദ്യാർഥികൾക്കിടയിൽ വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറയുന്നു. നൗഫലിനെ ഒമ്പത് മണിയോടെ കൊട്ടിയം പോലീസ് സ്റ്റേഷനിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ കിട്ടുകയുള്ളൂ.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ സി പി ഗോപകുമാർ ബി.യുടെ നിർദ്ദേശ പ്രകാരമായിരുന്നു അറസ്റ്റ് .
കൊട്ടിയം എസ് എച്ച് ഒ പി.വിനോദ് കുമാർ എസ് ഐ മാരായ നിതിൻ നളൻ, ഗിരീശൻ , എ എസ് ഐ ഫിറോസ് , സി പി ഒ മാരായ അനൂബ്, പ്രവീൺ ചന്ദ്, ഡാൻ സാഫ് ടീം അംഗങ്ങൾ എന്നിവരായിരുന്നു എംഡി എം എ പിടിച്ചെടുത്തതും അറസ്റ്റ് ചെയ്തതും.