കൊച്ചി: കാക്കനാട് ഫ്ളാറ്റിൽനിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി അധികൃതര്‍.
പ്രതികളുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു മുന്നോട്ടു പോകുന്നത്. ഇടപാടുകളിലെ മുഖ്യകണ്ണിയെന്നു കരുതുന്ന വ്യക്തിയെയും പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
പിടിയിലായവരില്‍നിന്ന് ഇയാളുടെ നമ്പര്‍ കണ്ടെത്തിയെങ്കിലും ഇത് സ്വിച്ച് ഓഫാണ്. സുഹൃത്തുക്കളില്‍നിന്ന് ഇയാളുടെ മറ്റു നമ്പറുകള്‍ കണ്ടെത്താനാണു ശ്രമം. കേസിലെ പ്രതികള്‍ വിവിധ ജില്ലകളില്‍ വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്തതായാണു അധികൃതരുടെ കണക്കുകൂട്ടല്‍.
അരൂര്‍, കുമ്പളം, നെട്ടൂര്‍, പനങ്ങാട് എന്നിവിടങ്ങളിലും മയക്കുമരുന്ന് വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ ഈ മേഖലകളില്‍ പരിശോധന നടത്തുകയും ചിലരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
കാക്കനാട് പ്രതികളുടെ അപ്പാര്‍ട്ട്മെന്റില്‍ ആദ്യം റെയ്ഡ് നടത്തിയ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, കൊച്ചി കസ്റ്റംസ് പ്രിവന്റീവ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരില്‍നിന്ന് എക്സൈസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.