തൊടുപുഴ: വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി യുവാക്കൾ പോലീസിന്റെ പിടിയിലായി. തട്ടക്കുഴ വെള്ളാക്കാട്ട് അഖിൽ കുമാർ (28), ഒളമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന പുത്തൻപുരയ്ക്കൽ പി.എസ്. ഫെമിൽ (27) എന്നിവരെയാണ് തൊടുപുഴ ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ്ചെയ്തത്.
വ്യാഴാഴ്ച രാത്രി 11ഓടെ തൊടുപുഴ ധന്വന്തരി ജംഗ്ഷന് സമീപത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. 1.79 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്.
നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരായിരുന്നു ഇരുവരും. കേസിൽ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്നും ഇയാൾ ബംഗളൂരുവിലാണെന്നും പോലീസ് പറഞ്ഞു.
എംഡിഎംഎ ക്രിസ്റ്റലുകൾ വിൽപന ലക്ഷ്യമിട്ട് ചെറുപൊതികളിലാക്കി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നിർദേശപ്രകാരം എസ്ഐ എൻ.എസ്. റോയിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.