കൊച്ചി: ഇഞ്ചി മിഠായി മൊത്ത വ്യാപാരമെന്ന വ്യാജേന മയക്കുമരുന്ന് വില്പന നടത്തിയിരുന്ന ഇതരസംസ്ഥാനക്കാരന് എക്സൈസിന്റെ പിടിയിലായി.
ഒഡീഷ സ്വദേശി ദീപ്തി കാന്ത് മാലിക്ക് (മന്ദി റാം-27) ആണ് അറസ്റ്റിലായത്. എക്സൈസ് ഇന്റലിജന്‍സും എറണാകുളം ടൗണ്‍ റേഞ്ചും ചേര്‍ന്ന് കാക്കനാട് തുതിയൂരില്‍ നിന്നാണ് മുന്തിയ ഇനം ബ്രൗണ്‍ ഷുഗറുമായി ഇയാൾ പിടിയിലായത്. 60 ചെറു പായ്ക്കറ്റുകളിലാക്കിയ 8.5 ഗ്രാം ബ്രൗണ്‍ ഷുഗറാണ് പിടിച്ചെടുത്തത്.
‘ഇഞ്ചി മിഠായി’ എന്ന കോഡ് ഉപയോഗിച്ചായിരുന്നു മയക്ക് മരുന്ന് കൈമാറ്റം. സ്വന്തമായി താമസ സ്ഥലം വാടകയ്ക്കെടുക്കാതെ ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ഒപ്പം താമസിക്കുന്നതാണ് പ്രതിയുടെ രീതി.
ഒഡീഷയില്‍ നിന്ന് ഇഞ്ചി മിഠായി കൊണ്ട് വന്ന് മൊത്തം വ്യാപാരം നടത്തുകയാണെന്നാണ് പുറത്തു പറഞ്ഞിരുന്നത്.
കാക്കനാട് തുതിയൂരിൽ തോട്ടപ്പാട്ട് റോഡിൽ പ്രതി താമസിച്ചിരുന്നിടത്ത് പതിവായി യുവതീയുവാക്കള്‍ വന്ന് പോകുന്നു എന്ന് ഇന്റലിജന്‍സിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഇയാളുമായി സിറ്റി മെട്രോ ഷാഡോ ടീമും എറണാകുളം ഇന്റലിജന്‍സ് വിഭാഗവും സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പ്രതിയുടെ പക്കൽ ബ്രൗൺ ഷുഗർ ഉണ്ടെന്നും ഉറപ്പാക്കി.
പിന്നീട് മയക്കുമരുന്ന് ആവശ്യപ്പെട്ട എക്സൈസ് ടീമിനോട് വില പറഞ്ഞ് ഉറപ്പിച്ച ശേഷം രാത്രി 8.30ഓടെ മയക്കുമരുന്ന് കൈമാറുകയായിരുന്നു.
ഇതിനിടെ അപകടം മണത്ത പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി. തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കൂടുതല്‍ ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ എം.പി. പ്രമോദ്, അസി. ഇന്‍സ്പെക്ടര്‍ കെ.വി. ബേബി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ.ആര്. സുനില്‍, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എന്‍.ഡി. ടോമി, സിഇഒമാരായ പി. പത്മഗിരീശന്‍, എം.എ. ധന്യ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മില്ലിഗ്രാമിന് വില 1500 രൂപ
മില്ലിഗ്രാം മാത്രം തുക്കമുള്ള ഒരു ചെറു പൊതിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്. മയക്കുമരുന്ന് ഒഡീഷയില്‍ നിന്ന് വാങ്ങിക്കൊണ്ടു വന്നതാണെന്ന് പ്രതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഈ ഇനത്തില്‍പ്പെടുന്ന അഞ്ച് ഗ്രാം മയക്ക് മരുന്ന് കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ഉപയോഗം പാളിയാൽ ഹൃദയാഘാതം
ഇതിന്റെ ഉപയോഗക്രമം പാളിയാല്‍ അമിത രക്തസമ്മര്‍ദം മൂലം ഹൃദയാഘാതം സംഭവിക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രതിയുടെ മയക്കുമരുന്ന് ശൃംഖലയിൽ കൂടുതല്‍ പേര് ഉണ്ടോ എന്നതിനെക്കുറിച്ചും ഈ മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.