കൊച്ചി: കങ്ങരപ്പടിയിൽ 140 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ എംഡിഎംഎ വിതരണക്കാരനായ നൈജീരിയൻ സ്വദേശിയെ തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തു.
ഗോമസ് ഇമ്മാനുവലിനെയാണ് തൃക്കാക്കര പോലീസ് ബംഗളൂരുവിൽനിന്ന് ഇന്നലെ അറസ്റ്റു ചെയ്തതത്. കഴിഞ്ഞ ഒന്നിന് 140 ഗ്രാം എംഡിഎംഎയുമായി കങ്ങരപ്പടിയിൽവച്ച് തൃക്കാക്കര നോർത്ത് കങ്ങരപ്പടി തെക്കേതാമരച്ചാലിൽ ടി.എസ്.ഷമീം ഷായെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾക്ക് എംഡിഎംഎ നൽകിയത് നൈജീരിയൽ സ്വദേശിയാണെന്നാണ് പോലീസിനോട് പറഞ്ഞത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ബംഗളൂരുവിൽ നിന്ന് ഗോമസ് ഇമ്മാനുവൽ അറസ്റ്റിലായത്.
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ ഇയാളുമായി എംഡിഎംഎ വാങ്ങുന്നതിന് ഷമീം ഷാ ഗൂഗിൾ പേ വഴി പണം മുടക്കിയതിന്റെ വിശദാംശങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരുന്നു.