കൊച്ചി: വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു.
കാക്കനാട് സ്വദേശി അഷ്കർ നസീർ (21), കൊടുങ്ങല്ലൂർ എടത്തുരുത്തി സ്വദേശി ടി.എ. ജാക്ക് (22) എന്നിവരാണ് എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇവർ വൻ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണെന്നാണ് എക്സൈസ് സംശയിക്കുന്നത്. വിവിധ സിം കാർഡുകൾ ഉപയോഗിച്ചായിരുന്നു ഇടപാട്.
നിരവധിപ്പേർ ഇവരിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയിട്ടുണ്ടെന്നാണ് നിഗമനം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.