കൊല്ലം: വീട് വാടകയ്ക്കെടുത്ത് സ്ത്രീകളെ മറയാക്കി എംഡിഎംഎ വിപണനം നടത്തുന്ന നാലു പേർ കുണ്ടറയിൽ പിടിയിൽ. ഇവരിൽ രണ്ടു പേർ സ്ത്രീകളാണ്.
കണ്ണനല്ലൂര്‍ പള്ളിവടക്കതില്‍ വീട്ടില്‍ അല്‍ബാഖാന്‍ (39),മുണ്ടയ്ക്കല്‍ തെക്കേവിള ഏറത്തഴികത്ത് കിഴക്കതില്‍ വിഷ്ണു (32),ചവറ സൗത്ത് എം ആര് ഭവനില്‍ രശ്മി ( 31), ശക്തികുളങ്ങര മൂത്തേഴം സെബി നിവാസില്‍ അലീന ആല്‍ബര്‍ട്ട് (26) എന്നിവരെയാണ് 1.8 ഗ്രാം എംഡിഎംഎയുമായി കുണ്ടറ സിഐ ആര് . രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കുണ്ടറയിലുള്ള ഒരു വീട്ടില്‍ വാടകയ്ക്ക് താമസിച്ച് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുകയായിരുന്നു ഇവരുടെ രീതി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ പെരുമ്പുഴയില്‍ നിന്നാണ് പിടികൂടിയത്.
ഇതില്‍ അല്‍ബാഖാന്‍ ചന്ദനമോഷണ കേസില്‍ ജയില്‍വാസം അനുഭവിച്ച ആളാണ്.എട്ട് ഗ്രാം എം എംഡിഎംഎയുമായി ചാത്തന്നൂര്‍ എക്സൈസ് സംഘം പിടികൂടിയ വിഷ്ണു അടുത്തിടെയാണ് ജയില്‍ മോചിതനായത്.
ഒരാഴ്ചയ്ക്കിടയില് കുണ്ടറ പോലീസ് പിടികൂടുന്ന മൂന്നാമത്തെ എംഡിഎംഎ കേസാണിത്.കഴിഞ്ഞ ഏഴിന് 2.5 ഗ്രാം എംഡിഎംഎയുമായി അമല്‍ എന്നയാളെയും പത്തിന് 4.8 ഗ്രാം എംഡിഎംഎയുമായി അല്‍ത്താഫ് എന്നയാളെയും പിടികൂടിയിരുന്നു.