കൊച്ചി: കൊറിയര്‍ വഴി എംഡിഎംഎ വാങ്ങി വില്പന നടത്തുന്നതിനിടെ 14.75 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ കലൂരില്‍ അടച്ചുപൂട്ടിയ പപ്പടവട റെസ്റ്റോന്റ് സഹയുടമ അമല്‍ നായര്‍ക്ക് എംഡിഎംഎ നല്കിയ നൈജീരിയക്കാരനെ ബംഗളൂരുവില്‍ കണ്ടെത്താനാവാതെ പോലീസ് സംഘം മടങ്ങി.
എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അമല്‍ നായരുമായി ബംഗളൂരുവിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
രാസലഹരി അമലിന് കൈമാറിയ നൈജീരിയക്കാരനെ അവിടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ് സംഘം. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പ്രതിയുമായി അന്വേഷണ സംഘം കൊച്ചിയില്‍ തിരിച്ചെത്തി. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ അമല്‍ നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കൂടിയ അളവില്‍ എംഡിഎംഎ കൊറിയര്‍ സര്‍വീസ് വഴി ബംഗളൂരുവില്‍ നിന്ന് വാങ്ങി അത് കവറുകളിലാക്കി ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനങ്ങളിലും വച്ച് ഫോട്ടോ എടുത്ത് ആവശ്യക്കാരന് അയച്ച് കൊടുത്ത് വില്പന നടത്തുന്ന രീതിയായിരുന്നു അമലിന്റേത്.
കഴിഞ്ഞ 11 നാണ് രവിപുരം ശ്മശാനത്തിന് സമീപം കാറില്‍ എംഡിഎംഎ വില്പനയ്ക്കായി എത്തിയ അമലിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാസലഹരി വിറ്റ ശേഷം ഓണ്‍ലൈനായാണ് പണം വാങ്ങിയിരുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.