കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റിൽനിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസിൽ പ്രതികൾക്കു ഫണ്ട് നൽകുന്നത് കോഴിക്കോട് സ്വദേശികളെന്നു സൂചന. ഇതിന്റെ ഭാഗമായുള്ള അന്വേഷണമാണു ഇപ്പോൾ എക്സൈസ് ക്രൈബ്രാഞ്ച് നടത്തുന്നത്.
ഇന്നലെ കോഴിക്കോട് സ്വദേശികളായ മൂന്നുപേരെ കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തു. നേരത്തെയും നിരവധി കോഴിക്കോട് സ്വദേശികളെ ചോദ്യംചെയ്തു വിട്ടയച്ചിരുന്നു. പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടവരെയാണു നിലവില്‍ ചോദ്യംചെയ്യുന്നതെന്നാണു വിവരം.
അതിനിടെ, മയക്കുമരുന്ന് കേസില്‍ ഡബിള്‍ റോള്‍ കളിച്ച യുവാവ് ഒളിവിലാണെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. എക്സൈസിന് മുന്നില്‍ ഇന്‍ഫോര്‍മറായി നില്‍ക്കുകയും അവസരം കിട്ടിയപ്പോള്‍ മയക്കുമരുന്നുമായി മുങ്ങാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭ്യമായിട്ടില്ലത്രേ.
ഇയാളെ എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടിച്ചെങ്കിലും ഇന്‍ഫോര്‍മര്‍ ആയതിനാല്‍ അറസ്റ്റ് ചെയ്യാതെ വിടുകയായിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.