കാക്കനാട്: എറണാകുളത്ത് വൻതോതിൽ മയക്കുമരുന്ന് വില്പന വരുന്ന മസ്താനെ തേടി എക്സൈസ് സംഘം. ഇന്നലെ കാക്കനാട് പടമുകളിൽ സാറ്റ്ലൈറ്റ് ജംഗ്ഷന് സമീപത്തുള്ള അപ്പാർട്ട്മെന്റിൽനിന്നു 15 ലക്ഷത്തോളം രൂപ വില വരുന്ന 194 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷൻ സ്വദേശി പുളിക്കൽപറമ്പിൽ വീട്ടിൽ പി.എ ഇസ്തിയാഖ് (26), ഇടപ്പള്ളി നോർത്ത് കൂനംതൈ സ്വദേശി പൂകൈതയിൽ വീട്ടിൽ അഹാന (26) എന്നിവരിൽ നിന്നുമാണ് എറണാകുളത്തെ മയക്കുമരുന്നിന്റെ മൊത്തവ്യാപാരിയായ മസ്താനെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്.
ട്രാൻസ്ജെന്റേഴ്സിനു ഇടയിൽ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാവുന്നത്.
ഇവർ മയക്കു മരുന്ന് വില്പന നടത്തിയ 9,000 രൂപ, മയക്ക് മരുന്ന് തൂക്കി നോക്കുന്ന ഡിജിറ്റൽ ത്രാസ്, ഒരു ഐ ഫോൺ, മൂന്ന് സ്മാർട്ട് ഫോൺ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഉപയോക്താക്കൾക്കിടയിൽ “പറവ’ എന്നാണ് ഇവർ ഇരുവരും അറിയപ്പെട്ടിരുന്നത്.
സോഷ്യൽ മീഡിയ വഴി “നിശാന്തതയുടെ കാവൽക്കാർ’ എന്ന പ്രത്യേക തരം ഗ്രൂപ്പ് ഉണ്ടാക്കി അർധരാത്രിയോടു കൂടി മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. അങ്കമാലി ഇൻസ്പെക്ടർ സിജോ വർഗീസ്, സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, ഐ.ബി. പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത്കുമാർ, ജിനീഷ് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ.ഡി. ടോമി, സരിതാ റാണി, സ്പെഷ്യൽ സ്ക്വാഡ് സിഇഒമാരായ സി.കെ. വിമൽ കുമാർ, കെ.എ. മനോജ്, മേഘ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.