തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് കാക്കത്തോടിലെ സി.കെ.ഹാഷിം (27) നെയാണ് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വിപിന്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കൽ നിന്നും 0.698 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തളിപ്പറമ്പ് ടൗണിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഹാഷിമെന്ന് എക്സൈസ് പറഞ്ഞു.
നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ഹാഷിം രണ്ടാഴ്ച്ച മുമ്പേയാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇയാളുടെ പേരില്‍ എന്‍ഡിപിഎസ് വകുപ്പ് 22(ബി) പ്രകാരം കേസെടുത്തു.
തളിപ്പറമ്പ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രവന്റീവ് ഓഫീസര്‍മാരായ കെ.കെ.രാജേന്ദ്രന്, പി.കെ.രാജീവന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, വി.ധനേഷ്, ടി.വി.വിജിത്ത്, റെനില്‍ കൃഷ്ണന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സി.നിത്യ എക്സൈസ് ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.