കൊച്ചി: 69.12 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായ കേസില്‍ പ്രതി ഒരു ഗ്രാം എംഡിഎംഎയ്ക്ക് ഈടാക്കിയിരുന്നത് 5,000 രൂപ.
കേസുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി മുഹമ്മദ് സലാമിനെ(26) ആണ് യോദ്ധാവ് സ്ക്വാഡും എളമരക്ക പോലീസും ചേര്‍ന്ന് കറുകപിള്ളിയില് പിടികൂടിയത്.
കാറില്‍ വിവിധ പൊതികളിലായി ഒളിപ്പിച്ച നിലയില്‍ 69.12 ഗ്രാം എംഡിഎംഎ കണ്ടെത്തി. പിടിയിലാകുമ്പോള്‍ ഇയാള്‍ എംഡിഎംഎ ഉപയോഗിച്ചിട്ടുണ്ടായിരുന്നു. തുടര്‍ന്ന് പോലീസിനുനേരേ അക്രമാസക്തനായി.
ബംഗളൂരുവില്‍നിന്ന് മൊത്തമായി വാങ്ങുന്ന എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കിയായിരുന്നു വില്പന. കാറില്‍ കടത്തുന്ന എംഡിഎംഎ വരുന്ന വഴി തൃശൂര്‍ ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ വില്‍ക്കും.
എറണാകുളത്ത് എത്തിയ ശേഷം ഹോട്ടലില്‍ താമസിക്കും. തുടര്‍ന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കാറുമായി സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് എംഡിഎംഎ വില്‍ക്കുന്നതാണ് രീതി.
നേരത്തെയും ഇയാള്‍ എംഡിഎംഎ വില്പനയ്ക്കിടെ പിടിയിലാവുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ മൂന്നും പായിപ്രയില്‍ ഒരു കേസുമുണ്ട്. മുഹമ്മദ് സലാം സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.