തിരുവല്ല: പത്ത് വയസുകാരനായ മകനെ മറയാക്കി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം എംഡിഎംഎ ഉൾപ്പടെ രാസലഹരി എത്തിച്ചു നല്‍കിയിരുന്ന മയക്കുമരുന്ന് മാഫിയ തലവനാണ് ഇന്നലെ തിരുവല്ലയില്‍ പോലീസിന്റെ പിടിയിലായ മുഹമ്മദ് ഷെമീര്‍. ആറു മാസമായി ഡാന്‍സാഫ് സംഘത്തിന്റെയും തിരുവല്ല പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു മുഹമ്മദ് ഷമീര്‍. ശനിയാഴ്ച രാത്രി പത്തോടെ ചുമത്രയിലെ പിതാവിന്റെ വീടായ താഴ്ചയില്‍ വീട്ടില്‍നിന്നാണ് ഇയാള്‍ പിടിയിലായത്.
തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലെയും സ്കൂള്‍, കോളജ്, പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് അടക്കം രാസലഹരി എത്തിച്ചു നല്‍കിയിരുന്നുവെന്ന് മുഹമ്മദ് ഷമീര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികളടക്കം ഉള്ളവരെ ഏജന്റുമാരാക്കി ഇയാള്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
കര്‍ണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. മറ്റ് ഏതെങ്കിലും സ്ഥലത്ത് ഒളിപ്പിച്ച നിലയില്‍ കൂടുതല്‍ എംഡിഎംഎ ഇയാളുടെ കൈവശമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് ഷെമീറിനെ റിമാന്‍ഡ് ചെയ്തു.