കോരുത്തോട്: പൊൻകുന്നം എക്സൈസിന്റെ നേതൃത്വത്തിൽ കോരുത്തോട് കോസടി ഭാഗത്തുനടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തത്.
കോരുത്തോട് സ്വദേശികളായ ആലഞ്ചേരിൽ അരുൺ ജോൺ(22), കളപ്പുരത്തൊട്ടിയിൽ അനന്തു കെ. ബാബു(22), തോണിക്കവയലിൽ ജിഷ്ണു സാബു(27) എന്നിവരെയാണ് പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.5 ഗ്രാം എംഡിഎംഎയും 2.5 ഗ്രാം ഉണക്ക കഞ്ചാവും മയക്കുമരുന്ന് കടത്തുന്നതിനായി ഉപയോഗിച്ച ബൈക്കും മൂന്നു മൊബൈൽ ഫോണുകളും കണ്ടെടുത്തു.
ഇന്നലെ പുലർച്ചെ കോസടി കള്ളുഷാപ്പിന് സമീപത്തുനിന്നുമാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും, കഞ്ചാവും കണ്ടെത്തിയത്.
ഡ്രൈവറായ തോണിക്കവയലിൽ ജിഷ്ണു സാബു മുൻപ് കഞ്ചാവ് കേസിലും പ്രതിയായിട്ടുണ്ട്. എരുമേലി എക്സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ റിമാൻഡ് ചെയ്തു.
പരിശോധനയിൽ എഇഐ ഗ്രേഡ് ടോജോ ടി ഞള്ളിയിൽ, പ്രിവൻറ്റീവ് ഓഫീസർ കെ.എൻ. വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. വികാസ്, അഫ്സൽ കരീം, എക്സൈസ് ഡ്രൈവർ എം.കെ. മുരളീധരൻ എന്നിവർ പങ്കെടുത്തു.
പിടികൂടിയ എംഡിഎംഎയ്ക്ക് അരഗ്രാമിന് നാലായിരത്തിൽ അധികമാണ് വിപണിയിലെ വിലയെന്ന് എക്സൈസ് പറയുന്നു. അര ഗ്രാം മയക്കുമരുന്നു പതിനാഞ്ചു പേർക്കുവരെ ഉപയോഗിക്കാം.
ഇത്തരത്തിലുള്ള 2.5 ഗ്രാം മാരക മയക്കുമരുന്നാണു പ്രതികളിൽനിന്ന് പിടികൂടിയത്. 75 പേർക്ക് ഉപയോഗിക്കാൻ കഴിയുന്ന മയക്കുമരുന്നാണിത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കുമുമ്പ് ഇതിന് സമീപത്തായി പ്രവർത്തിക്കുന്ന സ്കൂളിൽ വിദ്യാർഥികൾക്ക് കഞ്ചാവെത്തിച്ചു നൽകുന്നവരെന്ന് സംശയിക്കുന്ന ആളുകളെ അധ്യാപകർ കണ്ടെത്തുകയും, ഇവരുടെ ഫോട്ടോ സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചു നൽകിയതായും പറയപ്പെടുന്നു.
മേഖലയിൽ കൂടുതൽ പരിശോധന വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.