വന്‍തോതില്‍ കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള സിന്തറ്റിക് ലഹരിമരുന്നുകള്‍ കടത്തിയ സംഘത്തെ വേരുകളോടെ അകത്താക്കി തൃശൂര്‍ പോലീസ്.
അന്വേഷണം കാരിയര്‍മാരില്‍ മാത്രം ഒതുക്കാതെ കിട്ടിയ തുമ്പുമായി മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് വന്‍സംഘത്തിന്റെ തലവനുള്പ്പെടെയുള്ളവര് പിടിയിലായത്.
2022 മെയ് മാസം 13 ന് മണ്ണുത്തിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ചാവക്കാട് സ്വദേശി ബുര്‍ഹാനുദ്ദീന്‍ എന്നയാളില്‍ നിന്നും 196 ഗ്രാം പിടികൂടിയതോടെയാണ് അന്വേഷണത്തിന് തുടക്കമായത്.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും സുഡാന് സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലി, പാലസ്തീന് സ്വദേശി ഹസന് എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും ബാംഗ്ലൂരില്‍ നിന്നും 300 ഗ്രാം എംഡിഎംഎ അടക്കം പിടികൂടി.
എന്നാല്‍ ഇവരുടെയെല്ലാം തലവന്‍ കെന്‍ എന്ന വിളിപ്പേരുള്ള നൈജീരിയക്കാരനാണെന്ന് മനസിലാക്കിയ പോലീസ് അയാള്‍ക്കായി വലവിരിച്ചു.
കെന്‍ എന്ന പേരല്ലാതെ ഇയാളെക്കുറിച്ച് മറ്റൊരു വിവരവും പൊലീസിന് ഉണ്ടായിരുന്നില്ല. ഡല്‍ഹിയിലെത്തി വേഷം മാറിയും വിവിധ പേരുകള്‍ സ്വീകരിച്ചും രഹസ്യാന്വേഷണം നടത്തിയുമാണ് ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്.
തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ നൈജീരിയന്‍ കോളനിയില്‍ നിന്നും ഇയാളെ സാഹസികമായി അറസ്റ്റു ചെയ്യുകയായിരുന്നു. ഈ ഓപ്പറേഷന്റെ വിശദ വിവരങ്ങള്‍ പോലീസ് ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന നൈജീരിയക്കാരന് പിടിയില്‍
ഡല്‍ഹി കേന്ദ്രീകരിച്ച് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്ന നൈജീരിയക്കാരന് പിടിയില്‍.
മയക്കുമരുന്ന് ചില്ലറവില്പനക്കാര്‍ക്കിടയില്‍ കെന്‍ എന്നറിയപ്പെടുന്ന എബൂക്ക വിക്ടര്‍ അനയോയെ (27) ഡല്‍ഹി നൈജീരിയന്‍ കോളനിയില്‍ നിന്നുമാണ് തൃശൂര്‍ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
2022 മെയ് മാസം 13 ന് മണ്ണുത്തിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ചാവക്കാട് സ്വദേശി ബുര്‍ഹാനുദ്ദീന്‍ എന്നയാളില്‍ നിന്നും 196 ഗ്രാം MDMA പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ ഇവര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സുഡാന് സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലി, പാലസ്തീന് സ്വദേശി ഹസന് എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും ബാംഗ്ലൂരില്‍ നിന്നും 300 ഗ്രാം MDMA സഹിതം പിടികൂടിയിരുന്നു. അറസ്റ്റിലായ സുഡാന് സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് മയക്കുമരുന്ന് കടത്തുന്ന നൈജീരിയന്‍ പൗരനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
കെന്‍ എന്ന വിളിപ്പേരുമാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ച ഏക വിവരം. ഡല്‍ഹിയിലെത്തി വേഷം മാറിയും വിവിധ പേരുകള്‍ സ്വീകരിച്ചും രഹസ്യാന്വേഷണം നടത്തിയുമാണ് ഇയാളെക്കുറിച്ചുള്ള മറ്റുവിവരങ്ങള്‍ ശേഖരിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍, ഡല്‍ഹി പോലീസിന്റെ സഹായത്തോടെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ന്യൂഡല്‍ഹി നൈജീരിയന്‍ കോളനിയില്‍ നിന്നും ഇയാളെ സാഹസികമായി അറസ്റ്റുചെയ്തത്.
അറസ്റ്റിലായ പ്രതിയെ ന്യൂഡല്‍ഹി സാകേത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് രണ്ടു ദിവസം തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കുകയുണ്ടായി. ഇതിനുശേഷമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് അനുമതി ലഭിച്ചത്.
മണ്ണുത്തി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ എന്‍. പ്രദീപ്, ജില്ലാ പോലീസ് ലഹരിവിരുദ്ധ വിഭാഗം സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍.ജി. സുവ്രതകുമാര്‍, പി. രാഗേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.വി. ജീവന്, സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. വിപിന്‍ദാസ്.
തൃശൂര്‍ സിറ്റി പോലീസിന് അഭിനന്ദനങ്ങള്‍.