കോഴിക്കോട്: ലൈഗിംക അതിക്രമത്തിന് ഇരകളായവരുടെ കണക്കെടുപ്പല്ല മറിച്ച് അതിജീവനത്തിന് ധൈര്യം കാണിച്ചവരുടെ ചങ്കൂറ്റത്തോടെയുള്ള വെളിപ്പെടുത്തലുകളായി മാറുകയാണ് സമൂഹമാധ്യമങ്ങളിലെ മീ റ്റൂ ഹാഷ്ടാഗ് എന്ന നവമാധ്യമ വിപ്ളവം. സോഷ്യൽമീഡിയയിൽ ഉയർന്നുകേൾക്കുന്ന പ്രതിരോധത്തിന്റെ പുതിയ ശബ്ദമാണ് ‘മീ റ്റൂ’എന്ന ഹാഷ്ടാഗ് കാന്പയ്ൻ.
കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ലൈഗിംക അരാജകത്വങ്ങളുടെ തീവ്രത എത്രത്തോളം ഭീകരമായി കഴിഞ്ഞിരിക്കുന്നു എത് പൊതുസമൂഹത്തെ അറിയിക്കുക, ശബ്ദിക്കാനാകാതെ ഭയന്ന് ഒളിക്കുന്നവരോട് പ്രതിരോധിക്കൂ എന്ന ഉറക്കെ പറയുക എന്നീ ലക്ഷ്യങ്ങളോടെയാണ് കാന്പയ്ൻ ആരംഭിച്ചത്. ഹോളിവുഡിൽ ആരംഭിച്ച ഈ കാന്പയ്നിന്റെ ഓളങ്ങൾ ഇപ്പോൾ കേരളത്തിലും അലയടിച്ചുകൊണ്ടിരിക്കുകയാണ്.
നോട്ടം കൊണ്ടോ,സ്പർശം കൊണ്ടോ ഒരിക്കലെങ്കിലും ലൈഗിംക അരാജകത്വങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുള്ള അഭിനയത്രികൾ, എഴുത്തുകാരികൾ, വീട്ടമ്മമാർ, വിദ്യാർഥിനികൾ തുടങ്ങിയവരെല്ലാം അവർക്ക് നേരിടേണ്ടി വന്നിട്ടുള്ള കയ്പേറിയ അനുഭവങ്ങൾ മീ റ്റൂ എന്ന ഹാഷ്ടാഗോടെ സോഷ്യൽമീഡിയകളിൽ കുറിക്കുകയാണ്. മനസിനെ മുറിവേൽപിച്ചതും തുറന്ന് പറയാൻ ഭയപ്പെട്ടിരുന്നതുമായ കാര്യങ്ങൾ പലരും വിശദമായി തുറന്നെഴുതാൻ തുടങ്ങി. ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വൈറലായി കഴിഞ്ഞ ഈ കാന്പയ്നിന്റെ തുടക്കം അമേരിക്കൻ സിനിമാ നിർമാതാവ് ഹാർവി വെയ്സ്റ്റന് എതിരായുള്ള ഹോളിവുഡ് നടിമാരുടെ ലൈംഗികാരോപണങ്ങളിലൂടെയാണ്. പ്രശസ്ത ഹോളിവുഡ് നടി അലീന മിലാനോയുടെ ട്വീറ്റാണ് എല്ലാത്തിന്റെയും തുടക്കം.
‘ലൈംഗിക പീഡനത്തിന് ഇരയാവുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്ത എല്ലാ സ്ത്രീകളും മീ റ്റൂ എന്ന ഹാഷ്ടാഗോടെ സോഷ്യൽ മീഡിയകളിൽ സ്റ്റാറ്റസ് ഇട്ടാൽ വിഷയത്തിന്റെ ആഴവും ഭീകരതയും സമൂഹത്തിന് എളുപ്പത്തിൽ ബോധ്യപ്പെടും’ എന്നതായിരുന്നു അവരുടെ ട്വീറ്റ്. തുടർന്ന്പതിനായിരകണക്കിന് ആളുകൾ അവരുടെ ട്വീറ്ററിന് മറുപടി നൽകുകയും അതിലേറെ പേർ ഫേസ്ബുക്ക്, ട്വീറ്റർ, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് സ്റ്റാറ്റസ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ കാന്പയ്ൻ ഏറ്റെടുക്കുകയായിരുന്നു. ബോളിവുഡ്, ഹോളിവുഡ് താരങ്ങളും സജിത മഠത്തിൽ, പാർവ്വതി, റിമ കല്ലിങ്കൽ തുടങ്ങിയ മലയാള നടിമാർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രശസ്തർ തുടങ്ങിയവരും തങ്ങളുടെ അനുഭവങ്ങൾ ഫേസ്ബുക്കിലും ട്വീറ്ററിലും കുറിച്ചു.
അതേസമയം തുറന്നെഴുതിയ ചിലർക്ക് മോശം പരാമർശങ്ങളെ നേരിടേണ്ടി വന്നു. തുടർന്ന് സോഷ്യൽ മീഡിയയിൽ തെറ്റു തുറന്നു പറയേണ്ടായിരുന്നു എന്ന് പശ്ചാത്തപിച്ചവരുമുണ്ട്. ബാല്യകാലത്തിലെ നിറം മങ്ങിയ ഏടുകളും ജീവിതാവസാനം വരെ നീറി പുകയുന്ന ഓർമകളുമാണ് പലരും മീ റ്റൂ ഹാഷ്ടാഗിൽ പങ്ക് വയ്ക്കുന്ന അനുഭവങ്ങൾ. ഭയമല്ല വേണ്ടതെന്നും യാഥാർഥ്യത്തെ അംഗീകരിച്ച് ഇനിയാർക്കും ആ ഗതി വരാതിരിക്കാൻ ശ്രമിക്കുകയും പൊയ്മുഖത്തോടെ ജീവിക്കുന്ന ഇത്തരക്കാരുടെ മുഖംമൂടി വലിച്ചുകീറാൻ സധൈര്യം മുന്നോട്ട് വരികയാണ് വേണ്ടതെന്നും മീ റ്റൂ ഹാഷ്ടാഗ് കാന്പെയ്ൻ ആഹ്വാനം ചെയ്യുന്നു. അതേസമയം വ്യക്തിവൈരാഗ്യം തീർക്കാനും നിരപരാധികളെ ക്രൂശിക്കാനും ഇതു വഴിയൊരുക്കുമോ എന്നും ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്.