കൊല്ലം: മീ ടു ആരോപണത്തിൽ കുടുങ്ങിയ ഇടത് എംഎൽഎ മുകേഷിനെതിരേ യൂത്ത് കോണ്ഗ്രസ് പോലീസിൽ പരാതി നൽകി. മുകേഷ് മോശമായി പെരുമാറിയെന്ന ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫിന്റെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലാണ് യൂത്ത് കോണ്ഗ്രസ് പരാതി നൽകിയത്.
മുകേഷ് രാജിവയ്ക്കണമെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലത്ത് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. എംഎൽഎയുടെ കോലം കത്തിച്ച പ്രവർത്തകർ 20 മിനിറ്റോളം ദേശീയപാത ഉപരോധിച്ചു. ഇതോടെ കനത്ത ഗതാഗത തടസവും ദേശീയപാതയിലുണ്ടായി. ഇതിനിടെ ബിജെപി പ്രവർത്തകർ എംഎൽഎയുടെ കൊല്ലത്തെ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
പ്രതിഷേധം ശക്തമാകുമെന്ന് മനസിലാക്കിയതോടെ പോലീസ് മുകേഷിന്റെ സുരക്ഷ ശക്തമാക്കി. കൊല്ലത്തെ എംഎൽഎയുടെ വീടിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.