ഒരിടവേളയ്ക്കു ശേഷം മീടു ക്യാമ്പയ്ന്‍ വീണ്ടും ശക്തി പ്രാപിക്കുകയാണ്. നടി തനുശ്രീ ദത്തയാണ് ഇതിനു തുടക്കമിട്ടതെങ്കില്‍ പിന്നീട് നിരവധി വനിതകള്‍ തങ്ങള്‍ നേരിട്ട പീഡനങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തി. ബോളിവുഡ് നടന്‍ ആലോക് നാഥാണ് ഏറ്റവുമൊടുവില്‍ ആരോപണവിധേയനായത്. 90കളില്‍ താര എന്ന ടെലിവിഷന്‍ ഷോയില്‍ ജോലി ചെയ്യവെയാണ് തന്നെ ആലോക് ബലാല്‍സംഗം ചെയ്തതെന്ന് എഴുത്തുകാരിയും ടെലിവിഷന്‍ പരിപാടികളുടെ സംവിധായികയുമായ വിന്‍ത നന്ദ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഈ നിമിഷത്തിനായി നീണ്ട വര്‍ഷങ്ങളായി താന്‍ കാത്തിരിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
സിനിമകളില്‍ വലിയ ‘സദാചാര’ പ്രതിച്ഛായയുള്ള നടനാണ് ആലോക്‌നാഥ്. പോസ്റ്റില്‍ ആലോക്‌നാഥിന്റെ പേര് പറഞ്ഞില്ലെങ്കിലും അദ്ദേഹത്തെ തന്നെയാണ് ഉദ്ദേശിക്കുന്നത് എന്നതിനുള്ള ശക്തമായ സൂചനകള്‍ അവര്‍ നല്‍കിയിട്ടുണ്ട്. സിനിമകളിലും ടിവി സീരിയലുകളിലും മതപരമായ സദാചാരമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന പിതൃരൂപമായിട്ടാണ് ആലോക് എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. പിന്നീട് താനുദ്ദേശിച്ചത് ആലോക്‌നാഥിനെ തന്നെയാണെന്ന് മാധ്യമത്തോട് അവര്‍ വ്യക്തമാക്കി. ഭീതികരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചാണ് ആലോക് തന്നെ ലൈംഗികമായി കീഴ്പ്പെടുത്തിയതെന്ന് വിന്‍ത നന്ദ പറഞ്ഞു.
താര എന്ന ഷോ സംവിധാനം ചെയ്യുന്നതില്‍ നിന്നും താന്‍ പിന്മാറാന്‍ ശ്രമിച്ചുവെങ്കിലും അത് നടക്കുകയുണ്ടായില്ലെന്നും അവര്‍ പറഞ്ഞു. ആലോകിന്റെ വീട്ടില്‍ നിന്ന് ഒരു പാര്‍ട്ടി കഴിഞ്ഞ് പുലര്‍ച്ചെ രണ്ടുമണിക്ക് വീട്ടിലേക്ക് നടക്കവെയാണ് സംഭവമുണ്ടായയതെന്ന് വിന്‍ത പോസ്റ്റില്‍ പറയുന്നുണ്ട്. താന്‍ കുടിച്ച പാനീയത്തില്‍ എന്തോ കലര്‍ത്തിയിരുന്നു. അതിനാല്‍ ക്ഷീണിതയായിരുന്നു. ഇടയ്ക്കുവെച്ച് മനപ്പൂര്‍വ്വം ആലോക് കാറുമായി വന്നു. താന്‍ അയാളെ വിശ്വസിച്ച് കാറില്‍ കയറി. പിന്നീട് തനിക്ക് മയക്കം വന്നെന്നും വായിലേക്ക് കൂടുതല്‍ മദ്യം ഒഴിച്ചു തരുന്നതും ലൈംഗികമായി ഉപദ്രവിക്കുന്നതും നിസ്സഹായതയോടെ സഹിക്കേണ്ടി വന്നെന്നും വിന്‍ത പറയുന്നു.