ദിലീപ് വിഷയത്തില്‍ ഇടഞ്ഞു നില്ക്കുന്ന വുമണ്‍ ഇന്‍ സിനിമ കളക്ടീവ് കൂട്ടായ്മ മീ ടു കാംപെയ്‌നുമായി രംഗത്തെത്താന്‍ തയാറെടുക്കുന്നു. വരുംദിവസങ്ങളില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ മലയാള സിനിമയിലെ സ്ത്രീകളുടെ പ്രതികരണങ്ങളുമായി സിനിമലോകത്തെ ഞെട്ടിക്കാനാണ് ഇവര്‍ തയാറെടുക്കുന്നത്. ദിലീപ് വിഷയത്തില്‍ താരസംഘടനയായ അമ്മ യാതൊരുവിധ നടപടികളുമെടുക്കാതെ നില്ക്കുന്നതാണ് ഡബ്യൂസിസിയെ ചൊടിപ്പിച്ചത്.
മലയാളത്തിലെ ചില പ്രമുഖ താരങ്ങള്‍ക്കെതിരേ ഡബ്യൂസിസ തെളിവുകള്‍ ശേഖരിക്കുന്നതായ വിവരങ്ങളാണ് ലഭിക്കുന്നത്. പരസ്യമായി പ്രതികരിക്കാന്‍ ഭയമുള്ളവരെ നേരിട്ടു കണ്ട് അവര്‍ക്ക് ധൈര്യം പകരാനുള്ള നീക്കങ്ങളും സജീവമാണ്. മുകേഷിനെതിരായി ആരോപണം ഉന്നയിച്ച ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറെ ഡബ്ല്യൂസിസ ബന്ധപ്പെട്ടിരുന്നു. മലയാളത്തിലെ ഒരു യുവ കോമഡി നടനും മീ ടു കാംപെയ്‌നില്‍ കുടുങ്ങുമെന്ന സൂചനകളും സിനിമലോകത്ത് ശക്തമാണ്. ഇയാള്‍ക്കെതിരായ ചില തെളിവുകള്‍ അടുത്തദിവസം പുറത്തുവിടുമെന്നാണ് സിനിമലോകത്ത് പ്രചരിക്കുന്ന അഭ്യൂഹം. എന്നാല്‍ ഇതിനു പിന്നില്‍ ഡബ്യൂസിസിയല്ല.
അതേസമയം ഇന്ന് വൈകുന്നേരം ഡബ്യൂസിസി അംഗങ്ങള്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. വൈകീട്ട് നാലിന് രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ എറണാകുളം പ്രസ് ക്ലബ്ബിലാണ് മാധ്യമങ്ങളെ കാണുന്നത്. കൂടുതല്‍ നടിമാര്‍ അമ്മ സംഘടനയില്‍ നിന്ന് രാജിവെക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സംവിധായിക അഞ്ജലിമേനോന്‍ അമ്മയുടെ നിലപാടില്‍ പ്രതിഷേധം പറഞ്ഞിരുന്നു. മീടൂ വെളിപ്പെടുത്തലില്‍ ബോളിവുഡില്‍ നടന്മാര്‍ നല്‍കുന്ന പിന്തുണ മലയാളി നടന്മാര്‍ കാണേണ്ടതാണെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.