ന്യൂഡൽഹി: മീടു ആരോപണത്തിൽ ഉൾപ്പെട്ട മലയാളി ഐടി ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതി നൽകിയവർക്കെതിരേ കേസെടുത്തു. കോതമംഗലം സ്വദേശി സ്വരൂപ് രാജിനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാതെയാണ് ജോലിയിൽനിന്നു പുറത്താക്കിയതെന്നു ചൂണ്ടിക്കാട്ടി ഭാര്യ കൃതി ശ്രീവാസ്തവ നൽകി പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
പരാതി ലഭിച്ചതിനുശേഷം കന്പനി അധികൃതർ നടപടികൾ പാലിക്കാതെയാണു പുറത്താക്കിയതെന്നും സ്വരൂപിന്റെ നേട്ടങ്ങളിൽ അസംതൃപ്തി ഉണ്ടായിരുന്നവർരാണ് വ്യാജ പരാതി ഉന്നയിച്ചതെന്നും ചൂണ്ടിക്കാട്ടിയാണു കൃതി പോലീസിൽ പരാതി നൽകിയത്. സ്വരൂപ് രാജ് ജോലി ചെയ്തിരുന്ന ജെൻപാക്ട് ഇന്ത്യ എന്ന സ്ഥാപനത്തിലെ ഏഴു പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
രണ്ടു വനിതാ ജീവനക്കാരുടെ പരാതി കിട്ടിയ ഉടൻ കന്പനി വൈസ് പ്രസിഡന്റായിരുന്ന സ്വരൂപിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ നോയിഡയിലെ വസതിയിൽ സ്വരൂപിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തനിക്കെതിരായ എല്ലാ ആരോപണങ്ങളും സ്വരൂപ് ആത്മഹത്യാക്കുറിപ്പിൽ നിഷേധിച്ചു.
ആത്മഹത്യാക്കുറിപ്പിൽ സ്വരൂപ് കുറിച്ചത് ഇങ്ങനെ: എനിക്ക് ആരെയും അഭിമുഖീകരിക്കാൻ ധൈര്യമില്ല. നീ ധൈര്യമായിരിക്കണം. നിന്റെ ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ കുറ്റക്കാരനല്ലെന്നും തെളിഞ്ഞാലും എല്ലാവരും എന്നെ മോശക്കാരനായി കാണും. അതിനാൽ ഞാൻ പോകുന്നു. എന്നെ വിശ്വസിക്കൂ. ഞാൻ തെറ്റു ചെയ്തിട്ടില്ല. ലോകം വൈകാതെ അതു തിരിച്ചറിയും.