ഇന്ത്യ ന്യൂസിലണ്ട് മത്സരത്തിനിടെ വീണ്ടും പ്രത്യക്ഷപ്പെട്ട് ‘മി ടു’ ബാനറുകള്‍. ആദ്യ മത്സരം നടന്ന വെല്ലിങ്ടണ്‍ വെസ്റ്റ്പാക് സ്റ്റേഡിയത്തിലും മുമ്പ് സമാന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ന്യൂസിലണ്ട് ഓള്‍റൗണ്ടര്‍ സ്കോട്ട് കുഗ്ഗെലെയ്നെതിരെയാണ് മീടു ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. 2015-ല്‍ താരത്തിനെതിരെ ബലാത്സംഗക്കേസ് ചുമത്തിയിരുന്നു. രണ്ടു വര്‍ഷത്തെ വിചാരണയ്ക്കു ശേഷം 2017-ല്‍ കുഗ്ഗെലെയ്നെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിടുകയായിരുന്നു.
ബലാത്സംഗക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടശേഷം 2017 മേയ് 14-നാണ് കുഗ്ഗെലെയ്ന്‍ ന്യൂസിലണ്ടിനായി അരങ്ങേറിയത്. ആദ്യ മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ കാണപ്പെട്ട ‘മി ടൂ’ ബാനറുകള്‍ അധികൃതര്‍ നീക്കം ചെയ്തിരുന്നു. ബാനറുമായെത്തിയ യുവതിയെ സ്റ്റേഡിയത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു.
ഇത് വിവാദമായതോടെ ഇത്തരം പോസ്റ്ററുകള്‍ സ്റ്റേഡിയത്തില്‍ അനുവദനീയമല്ലെന്നും ചട്ടപ്രകാരമാണ് നീക്കിയതെന്നും വിശദീകരിച്ച് അധികൃതര്‍ രംഗത്തെത്തി. ഇതിനു പിന്നാലെ ഓക്ലന്‍ഡിലും സമാന ബാനര്‍ പ്രത്യക്ഷപ്പെട്ടത് ന്യൂസീലണ്ട് ക്രിക്കറ്റിന് നാണക്കേടായി. ‘ന്യൂസിലണ്ട് ക്രിക്കറ്റ് ഉണരൂ’ എന്നായിരുന്നു ബാനറില്‍ എഴുതിയിരുന്നത്.