കൊല്ലം: മീ റ്റൂ ക്യാമ്പൈന് വഴി ആരോപണ വിധേയനായ എം.മുകേഷ് എംഎല്‍എ. രാജി വച്ച് അന്വേഷണത്തെ നേരിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ തന്റെ ദുരഃനുഭവം സഹപ്രവര്‍ത്തക വെളിപ്പെടുത്തിയതിലൂടെ മുകേഷിന്റെ ഒരു മുഖംമൂടികൂടി അഴിഞ്ഞുവീണിരിക്കുകയാണെന്നും കൊല്ലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപമാനമായി മുകേഷ് മാറിയിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
മുകേഷിനെതിരെ കേസെടുത്ത് നിയമപരമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി സമര്‍പ്പിച്ചു.പിണറായി സര്‍ക്കാരിന്റെ കാലത്ത് സിപിഎമ്മിന്റെ എംഎല്‍എമാരുടെ സ്ത്രീപീഡനം തുടര്‍കഥയായി മാറുകയാണ്.
ആരോപണങ്ങള്‍ ഉണ്ടായ ഒരു കേസില്‍പോലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്ത്രീവിരുദ്ധ സര്‍ക്കാരായി പിണറായി ഗവണ്മെന്റ് മാറിയിരിക്കുകയാണന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.പ്രതിഷേധമാര്‍ച്ചിനെ തുടര്‍ന്ന് മുകേഷ് എംഎല്‍എ യുടെ കോലം കത്തിച്ചു. തുടര്‍ന്ന് ദേശീയപാത ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അംസംബ്ലി പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനും സമരത്തിനും മംഗലത്ത് വിനു, ഒ.ബി.രാജേഷ്, ഷാ സലിം, ഹര്‍ഷാദ്, സച്ചിന് പ്രതാപ്, സിദ്ധിക് കുളമ്പി, സജന് ഗോപാലശേരി, സുബലാല്‍, അജു ചിന്നക്കട, അര്ജുന്, ഷാറൂ, ജമുന് ജഹാംഗീര്‍, പ്രവീണ്‍ കൊടുംതറ തുടങ്ങിയവര്‍ നേതൃത്വം നല്കി.