തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികമായ ദുരനുഭവങ്ങളെയും അതിന് കാരണക്കാരായവരെയും വെളിപ്പെടുത്താനും നിയമത്തിന് മുന്നിലെത്തിക്കാനും സ്ത്രീകള്‍ക്ക് ലഭിച്ച തുറന്ന വേദിയാണ് മീടു കാമ്പയിന്. സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ച മീടുവിലൂടെ നിരന്തരം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ്.
കൊച്ചുകേരളത്തില്‍ പോലും മീടുവിന്റെ തിരകള്‍ ആഞ്ഞടിച്ചു. സമാനമായ രീതിയില്‍ ഇപ്പോഴിതാ കേരളത്തിലെ മാധ്യമമേഖലയില്‍ നിന്നുള്ള ഒരു സ്ത്രീയും മീടു വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നു. ഏഷ്യാനെറ്റിലെ മുന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റും ഏഷ്യാനെറ്റില്‍ തന്നെ ജോലിചെയ്തിരുന്ന, ജേണലിസ്റ്റ് സുരേഷ് പട്ടാളിയുടെ ഭാര്യയുമായ നിഷ ബാബുവാണ് ഏഷ്യാനെറ്റില്‍ ജോലി ചെയ്തിരുന്ന കാലത്ത് തനിക്ക് നേരിട്ട ദുരനുഭവങ്ങളെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിഷ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. നിഷയുടെ വാക്കുകളിങ്ങനെ..
1997 മുതല്‍ 2014 വരെ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് പോസ്റ്റില്‍ ഏഷ്യാനെറ്റിന്റെ പുളിയറക്കോണം സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഞാന്‍. 2000 ല്‍ മരിക്കുന്നത് വരെ ഏഷ്യാനെറ്റില്‍ തന്നെയായിരുന്നു എന്റെ ഭര്‍ത്താവ് ശ്രീ. സുരേഷ് പട്ടാളിയും ജോലി ചെയ്തിരുന്നത്. അദ്ദേഹം മരിക്കുന്നതുവരെ ഓഫീസില്‍ വളരെ നല്ല അന്തരീക്ഷമായിരുന്നു എനിക്കഭനുഭവപ്പെട്ടിരുന്നത്. കുലീനമായ ഇടപെടല്‍ മാത്രമായിരുന്നു സഹപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായിരുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷം കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു.
ഏക വനിതാ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് എന്ന നിലയിലും വിധവ എന്ന നിലയിലും, അശ്ലീലച്ചുവയോടെയുള്ള നോട്ടവും സംഭാഷണവും സമീപനവും എന്റെ മേലധികാരികളില്‍ പലരില്‍ നിന്നും എനിക്കനുഭവിക്കേണ്ടി വന്നു തുടങ്ങി. എന്റെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്ന അന്നത്തെ ചീഫ് പ്രൊഡ്യൂസര്‍, ശ്രീ. എം.ആര്. രാജനില്‍ നിന്ന് അശ്ലീലച്ചുവയുള്ള നോട്ടങ്ങളും പെരുമാറ്റങ്ങളും ഉണ്ടായി. ആദ്യമൊക്കെ ഭര്‍ത്താവിന്റെ വേര്‍പാടില്‍ ആശ്വസിപ്പിക്കാന്‍ എന്ന രീതിയിലുള്ള സമീപനങ്ങള്‍ പിന്നീട് അനാവശ്യ രീതിയിലേക്ക് കടക്കുകയായിരുന്നു.
എന്നാല്‍ ഞാന്‍ വഴങ്ങാതെ വന്നതോടെ ചെയ്യുന്ന എല്ലാ കാര്യത്തിലും കുറ്റം കണ്ടുപിടിച്ച് മറ്റുള്ളവരുടെ മുമ്പില്‍ എന്നെ അപമാനിക്കാനും നാണം കെടുത്താനുമായി പിന്നീട് അയാളുടെ ശ്രമം. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു മാനസിക പീഡനങ്ങള്‍. നാണംകെട്ടും, വിതുമ്പിയും പൊട്ടിക്കരഞ്ഞും മാത്രം ദിവസങ്ങള്‍ തള്ളിനീക്കേണ്ടി വന്നു.
സമാനമായ സമീപനം മറ്റൊരാളില്‍ നിന്നും നേരിടേണ്ടി വന്നു. ഏഷ്യാനെറ്റിന്റെ മാര്‍ക്കറ്റിംഗ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ദിലീപ് വി. എന്ന വ്യക്തിയില്‍ നിന്നുമായിരുന്നു അത്. സ്വകാര്യഭാഗങ്ങള്‍ എനിക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുക പോലും ചെയ്തു, അയാള്‍. രാത്രിയിലും മറ്റും ജോലി ചെയ്യേണ്ടി വരുമ്പോള്‍ കസേരകളുടെയും മേശയുടെയും മറവില്‍ ഒളിച്ചിരുന്നു പോലും സ്വയം രക്ഷിക്കേണ്ടി വന്നിട്ടുണ്ട്. അതുപോലെ തന്നെ എന്നോടുള്ള തന്റെ താത്പര്യം യാതൊരു ഉളുപ്പുമില്ലാതെ തുറന്ന് പറയുകയും ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ മുതിരുകയും ചെയ്ത വ്യക്തിയാണ് അന്ന് ഏഷ്യാനെറ്റില്‍ എന്‍ജിനീയറായിരുന്ന ശ്രീ. പദ്മകുമാര്‍.
ഒരിക്കല്‍ പോലും ഇവര്‍ക്ക് വഴങ്ങിയില്ലെങ്കിലും അവരുടെ ഇത്തരം ശല്യങ്ങളും ചൂഷണങ്ങളും സഹിച്ച് ജോലിയെ ഓര്‍ത്ത് മാത്രം ഞാനവിടെ പിടിച്ചു നിന്നു. ഒരു തരത്തിലും സഹിക്കാനാവാതെ എന്റെ മാനസിക നില തന്നെ തകരുമെന്നായപ്പോള്‍ 2014 ല്‍ ഞാന്‍ ജോലി രാജി വച്ചു. അതിന് മുമ്പുതന്നെ ഏഷ്യാനെറ്റ്, സ്റ്റാര്‍ ഇന്ത്യ ഏറ്റെടുത്തിരുന്നു. എ.ആര്.രാജനെതിരെ എച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പല തവണ പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. നീതി നിഷേധിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ വൈകിയിട്ടില്ല. നീതി കിട്ടിയില്ലെങ്കിലും കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടു വരണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അവരോടൊപ്പം ജോലി ചെയ്യേണ്ടി വരുന്നവര്‍ അറിയണം. ഇനിയെങ്കിലും അവര്‍ ഇത്തരം ചൂഷണങ്ങളില്‍ നിന്ന് പിന്മാറണം. അതാണ് ഈ വെളിപ്പെടുത്തലിലൂടെ ഞാന്‍ ലക്ഷ്യം വയ്ക്കുന്നത്. ആരായാലും ശരി, സ്ത്രീജനമേ, ദയവുചെയ്ത് ജോലി സ്ഥലത്ത് നിങ്ങള്‍ക്കുണ്ടാവുന്ന ചൂഷണങ്ങളെ മൂടിവയ്ക്കരുത്. പ്രതികരിക്കുക.പോരാടുക. ജോലിയിലായിരുന്ന സമയത്ത് എനിക്ക് എല്ലാവിധ പിന്തുണയും സഹായവും നല്‍കുകയും എന്നോടൊപ്പം നില്‍ക്കുകയും ചെയ്ത നല്ലവരായ സഹപ്രവര്‍ത്തകര്‍ക്കും ഇതോടൊപ്പം നന്ദി അറിയിക്കുകയും ചെയ്യുന്നു.
നിഷ ബാബു