പാട്ന: വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ എത്തിച്ച മുട്ടകൾ പ്രധാന അധ്യാപകൻ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബിഹാർ വൈശാലി ജില്ലയിലാണു സംഭവം. ലാൽഗഞ്ച് ബ്ലോക്ക് റിഖർ ഗ്രാമത്തിലെ മിഡിൽ സ്കൂളിലെ പ്രിൻസിപ്പൽ സുരേഷ് സഹാനി ആണ് മുട്ട മോഷ്ടിച്ചത്. സോഷ്യൽ മീഡിയയിൽ മോഷണ വീഡിയോ പ്രചരിച്ചതിനു പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
സ്കൂളിൽനിന്നു മുട്ടകൾ ബാഗിനുള്ളിലിട്ടു സുരേഷ് സഹാനി വീട്ടിലേക്കു കൊണ്ടുപോകുന്നതാണു വീഡിയോയിലുള്ളത്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രിൻസിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികൾക്കായുള്ള ഭക്ഷ്യവസ്തുക്കൾ സഹാനി വീട്ടിലേക്കു കടത്തുന്നതു പതിവാണെന്നു സ്കൂളിലെ ചില ജീവനക്കാർ പ്രതികരിച്ചു.
സഹാനിയുടെ പ്രവൃത്തി വിദ്യാഭ്യാസ വകുപ്പിനു കളങ്കമായെന്നായിരുന്നു മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം. കുട്ടികളിലെ പോഷകാഹാരക്കുറവ്, വിളർച്ച, പ്രോട്ടീൻ കുറവ് എന്നിവയ്ക്കു പരിഹാരമായി ആഴ്ചയിൽ ആറ് ദിവസവും ബിഹാർ സർക്കാർ സ്കൂളുകളിൽ ഭക്ഷണം നൽകുന്നുണ്ട്.