കൂത്തുപറമ്പ് :ചോറിന് നിറം മാറ്റം ഉണ്ടാവുകയും ഇത് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം ഉൾപ്പെടെ ഉണ്ടായതിന് പിന്നാലെ ഭക്ഷണത്തിൽ ചേർക്കാൻ ഉപയോഗിച്ച പച്ചമുളകിൽ പ്ലാസ്റ്റിക് മായം കണ്ടെത്തിയതോടെ കൂത്തുപറമ്പ് മേഖലയിലെ ജനങ്ങൾ ആശങ്കയിൽ.
കഴിഞ്ഞ മാസമാണ് ആമ്പിലാട്, പാച്ചപ്പൊയ്ക ഭാഗങ്ങളിൽ മൂന്നു വീടുകളിൽ പാകം ചെയ്ത ചോറിന് നിറവ്യത്യാസം കാണപ്പെട്ടത്. പാത്രത്തിലാക്കി സൂക്ഷിച്ചു വെച്ച ചോറ് നീല, റോസ് നിറങ്ങളിൽ കാണപ്പെടുകയായിരുന്നു.പാച്ച പൊയ്കയിലെ കെ.ഭാസ്കരൻ ആമ്പിലാട് ചോരക്കുളത്തെ കൊമ്പ്രങ്കണ്ടി രവീന്ദ്രൻ, ആമ്പിലാട്നിട്ടൂ കോമത്ത് ക്ഷേത്രത്തിനു സമീപത്തെ അഷ്കർ എന്നിവരുടെ വീടുകളിൽ പാകം ചെയ്ത ചോറിനാണ് നിറവ്യത്യാസം കാണപ്പെട്ടത്.
നിറം മാറുന്നതിന് മുമ്പ് ഈ ഭക്ഷണം കഴിച്ച അഷ്കറിനും ഭാര്യയ്ക്കും മകനും ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്തിരുന്നു.അതേ സമയം, ഇതു സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം അരിയുടെ സാമ്പിൾ എടുത്ത് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും പരിശോധനാ ഫലം ലഭിച്ചില്ല.
ആമ്പിലാട്ടെ അഷ്കറിന്റെ വീട്ടിൽ നിന്നും ഇവർ അരി വാങ്ങിയതായ കടയിൽ നിന്നും ശേഖരിച്ച സ്റ്റാറ്റ്യൂട്ടറി സാമ്പിളാണ് കൂത്തുപറമ്പിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ കോഴിക്കോട് മലാപ്പറമ്പിലെ റീജണൽ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചത് .
സാധാരണ നിലയിൽ രണ്ടാഴ്ചക്കകം ഇത്തരം പരിശോധനാ ഫലങ്ങൾ ലഭിക്കാനാണത്രെ പതിവ്. എന്നാൽ ഗൗരവതരമായ ഇത്തരം സംഭവങ്ങളിൽ അടിയന്തിരമായി ലഭിക്കേണ്ട പരിശോധനാ ഫലം വൈകുന്നതും ജനങ്ങളിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്