സ്വന്തം ലേഖകന്‍

കോഴിക്കോട്: നഗരത്തിലെ പ്രമുഖഹോട്ടലില്‍ കോവിഡ് കാലത്ത് പാഴ്സല്‍ കൊള്ള. സാധാരണ ഊണിനാണ് പേരും പെരുമയും അവകാശപ്പെടുന്ന നഗരത്തിലെ പാരഗണ്‍ ( ഉത്തമ മാതൃകയെന്ന് പദ അര്‍ഥം) ഹോട്ടല്‍ 93 രൂപ ഈടാക്കുന്നത്. മുന്‍പ് 38 രൂപയായിരുന്നു ഹോട്ടലില്‍ ഇരുന്ന് കഴിക്കുന്നതിനായി വാങ്ങിയിരുന്നത്.
പാർസലാണെങ്കില്‍ പത്തുരൂപവരെ ഈടാക്കുന്നത് ന്യായമാണെങ്കിലും രണ്ടരയിരട്ടിയോളം തുക വാങ്ങുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം കറിയുടെയോ വിഭവങ്ങളുടെയോ എണ്ണത്തിലോ ഗുണമേന്മയിലോ വലിയ വിത്യാസമില്ലാതെയാണ് ഈ “വിലക്കയറ്റം’.
മുന്‍പ് ഇവിടെ നിന്നും ഭക്ഷണംവാങ്ങികഴിച്ചവരുടെ കണ്ണുതള്ളിയിരിക്കുകയാണ് ഇപ്പോള്‍ . പലരും ഇതിനകം പരാതിയുമായി സിവിൽ സപ്ലൈസ് അധികൃതരെ സമീപിച്ചുകഴിഞ്ഞു. വിലവര്ധിപ്പിച്ചതായുള്ള യാതൊരു അറിയിപ്പും ഹോട്ടലില്‍ വച്ചിട്ടില്ല.
സാധാരണക്കാരും മുന്പ്് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവരും പാർസല്‍ വാങ്ങുമ്പോഴാണ് ഭീമമായ തുക വര്‍ധിപ്പിച്ചതിനെക്കുറിച്ച് അറിയുന്നത്. സംസ്ഥാനത്തെ മറ്റൊരു ഹോട്ടലിലും ഈ രീതിയില്‍ പിടിച്ചുപറി ഇല്ലെന്ന് ഉപയോക്താക്കള്‍ പരാതിപ്പെടുന്നു.
നഗര മധ്യത്തില്‍ ആയതിനാല്‍ തന്നെ നിരവധി സ്ഥാപനങ്ങളില്‍ ഉള്ള ജീവനക്കാരും മറ്റും പാരഗണിനെയാണ് ആശ്രയിക്കാറുള്ളത്. ഹോട്ടലുകളില്‍ മിക്കതും അടഞ്ഞുകിടക്കുന്നതിനാല്‍ ആളുകളുടെ സാഹചര്യം മുതലെടുക്കുകയാണ് ഹോട്ടലെന്ന് ആക്ഷേപമാണ് ഉയരുന്നത്.
സാധാ മീൻകറി ( ഒരു ചെറിയ കഷ്ണം) ഉള്‍പ്പെടെ മൂന്ന് കറി, അച്ചാര്‍, ഉപ്പേരി, എന്നിവമാത്രമാണ് പാർസലില്‍ ഉള്ളത്. പപ്പടം പോലും കോവിഡ് കാലത്ത് ‘അപ്രത്യക്ഷം’.
ശരിക്കും പറഞ്ഞാല്‍ പാക്കിംഗ് ഒക്കെ ഭംഗി. മീൻകറിയിൽ മീൻകാണണമെങ്കിൽ ലെൻസ് ഉപയോഗിച്ച് നോക്കണമെന്ന് ഉപഭോക്താക്കൾ പറയുന്നു.
വിലയോ തൊട്ടാല്പൊള്ളുകയും ചെയ്യും. ഇരുന്ന് കഴിക്കുമ്പോള്‍ രസവും ഉണ്ടായിരുന്നെങ്കിലും പാഴ്സല്‍ സര്‍വീസില്‍ അതും ഇല്ല. കുടുംബശ്രീ നടത്തുന്ന ഹോട്ടലില്‍ 25 രൂപയ്ക്ക് ഊണ് കിട്ടുമെന്നിരിക്കേയാണ് നഗരമധ്യത്തിലെ ഹോട്ടല്‍ അമിതമായി വിലവര്‍ധിപ്പിച്ചത്.
ഒരുമാസത്തോളമായി ഇത്രയും പണം വാങ്ങിതന്നെയാണ് ഹോട്ടല്‍ അധികൃതര്‍ കോവിഡ് കാലത്ത് ജനങ്ങളെ ഊറ്റുന്നത്. അതേസമയം നഗരത്തിലെ മറ്റ് ഹോട്ടലുകളിലൊന്നും അമിതമായി വില വര്‍ധിപ്പിച്ചിട്ടില്ല. പാർസലിനും എത്തിച്ചു നല്കുന്നതിനുമുള്ള നാമമാത്രമായ സര്‍വീസ് ചാര്‍ജ് മാത്രമേ ഈടാക്കാറുള്ളു.
വിലവര്‍ധനവിനെതിരേ വഞ്ചിതരായവര്‍ സിവില്‍ സപ്ലൈസിനും കളക്ടര്‍ക്കും പരാതി നൽകി. അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു.