ജയ്പുർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ ബാൽമുകുന്ദ് ആചാര്യ. ജയ്പുരിലെ ഹവാ മഹൽ മണ്ഡലത്തിൽനിന്നാണ് ഇദ്ദേഹം ജയിച്ചത്. പ്രദേശത്തെ തെരുവുകളിൽ മാംസാഹാരം വിൽക്കുന്ന എല്ലാ ഭക്ഷണശാലകളും അടച്ചുപൂട്ടണമെന്ന ഇദ്ദേഹത്തിന്റെ നിർദേശം വലിയ വിവാദമായിരിക്കുകയാണ്.
“റോഡിൽ മാംസാഹാരം പരസ്യമായി വിൽക്കാൻ കഴിയുമോ? നിങ്ങൾ ഇതിനെ പിന്തുണയ്ക്കുകയാണോ? വഴിയോരത്തെ എല്ലാ മാംസാഹാര വിൽപനശാലകളും ഉടൻ പൂട്ടണം. ഞാൻ റിപ്പോർട്ട് ആവശ്യപ്പെടും’ ബൽമുകുന്ദ് ആചാര്യ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇതിന്റെ വീഡിയോ വൈറലായതോടെ പ്രതികരണവുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. ഉത്തരവ് തെറ്റാണെന്ന് പറഞ്ഞ ഒവൈസി ആർക്കെങ്കിലും ഇങ്ങനെ ചെയ്യാൻ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിലെ ആർ.ആർ. തിവാരിയെ 600 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബൽമുകുന്ദ് ആചാര്യ വിജയിച്ചത്. രാജസ്ഥാനിൽ 115 സീറ്റുകൾ നേടി ബിജെപി അധികാരം പിടിച്ചിരുന്നു.