സ്വന്തം ലേഖകൻ
തൃശൂർ: പുകയും കരിയും നീക്കി മോട്ടോർ വാഹനങ്ങളുടെ ഇന്ധനക്ഷമത മെച്ചപ്പെടുത്താനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും പുതിയ വിദ്യ. മൂന്നു വർഷത്തെ ഗവേഷണത്തിനും പരീക്ഷണങ്ങൾക്കും ശേഷമാണ് കംപ്യൂട്ടർ നിയന്ത്രിതമായ സാങ്കേതിക വിദ്യ ഒളരി സ്വദേശിയായ ജെനീസ് പോൾ വികസിപ്പിച്ചെടുത്തത്. പുതിയ വിദ്യക്കു മെക്കാർബോ എന്നാണു പേരിട്ടിരിക്കുന്നത്. വാഹനങ്ങൾക്കു സേവനം നൽകുന്നതിന് ഒളരിയിലെ നിയാസ് ഹോട്ടലിനു സമീപം മെക്കാർബോ എന്ന പേരിൽ സ്ഥാപനം ആരംഭിക്കുകയും ചെയ്തു.
മോട്ടോർ വാഹനങ്ങളുടെ എൻജിനുകളുടെ ഹെഡ്, വാൽവ്, ടർബോ ചാർജർ, പിസ്റ്റണ്‍ ടോപ്പ്, കാറ്റലറ്റിക് കണ്‍വെർട്ടർ, സൈലൻസർ എന്നിവയിലെ കരി നീക്കം ചെയ്യുന്ന വിദ്യയാണു വികസിപ്പിച്ചെടുത്തത്. വാഹനം ഇരുപതിനായിരത്തിലേറെ കിലോമീറ്റർ ഓടിയാൽ കരിനിറഞ്ഞ് മൈലേജ് കുറയും. എൻജിന്റെ കരുത്തും കുറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യും. ഇന്ധനം കത്തുന്പോൾ കൂടുതൽ പുകയുണ്ടാകുകയും ചെയ്യും. ഈ പ്രശനങ്ങൾക്കു പരിഹാരമായാണ് പുതിയ വിദ്യ വികസിപ്പിച്ചെടുത്തത്.
എൻജിൻ പ്രവർത്തിപ്പിക്കുന്നതിനൊപ്പം പ്രത്യേകയിനം വാതകംകൂടി കടത്തിവിട്ടാണ് എൻജിനിലേയും അനുബന്ധ മേഖലയിലേയും കരി കരിച്ചുകളയുന്നത്. ലൈസൻസറിലെ കരി വലിച്ചെടുക്കുകയും ചെയ്യും. ഒരു വാഹനത്തിന്റെ കരി നീക്കംചെയ്യുന്നതിനു മൂന്നു മണിക്കൂർ സമയം വേണ്ടിവരും. വാഹനങ്ങളുടെ എൻജിനോ സൈലൻസറോ മറ്റു ഭാഗങ്ങളോ അഴിച്ചെടുക്കാതെയാണ് കരി നീക്കംചെയ്യുക. എയർ ഫിൽട്ടർ മാത്രമേ അഴിച്ചെടുക്കൂ.
ലോറി, ബസ് തുടങ്ങിയ വാഹനങ്ങൾക്കും കരി നീക്കംചെയ്യുന്നതു വളരെ പ്രയോജനകരമാണെന്ന് ജെനീസ് പോൾ ചൂണ്ടിക്കാട്ടി. നാൽപതിനായിരം കിലോമീറ്റർ ഓടിയാൽ കരി നീക്കംചെയ്യുന്നതു ശീലമാക്കിയാൽ വാഹനത്തിന്റെ ഇന്ധനക്ഷമത വർധിക്കും, എൻജിന്റെ പ്രവർത്തനം സുഖകരമാകും; അന്തരിക്ഷ മലിനീകരണം കുറയ്ക്കാനും കഴിയുമെന്ന് ജെനീസ് പോൾ പറഞ്ഞു.