തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ച ഥാർ എസ്യുവി ലേലം തർക്കത്തിലേക്ക്.
ലേലം പിടിച്ച എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലിക്ക് വാഹനം കൈമാറുന്നത് പുനരാലോചിക്കേണ്ടി വരുമെന്നാണ് ദേവസ്വം ബോർഡ് ചെയർമാന്റെ പ്രതികരണം. ഇതിന്റെ കാരണം ദേവസ്വം വ്യക്തമാക്കിയിട്ടില്ല.
എന്നാൽ ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് വാഹനം സ്വന്തമാക്കിയ അമൽ മുഹമ്മദിന് വേണ്ടി ലേലത്തിൽ പങ്കെടുത്ത സുഭാഷ് പ്രതികരിച്ചു.
വാഹനം സ്വന്തമാക്കിയ യുവാവ് വിദേശത്താണ്. പിതാവാണ് ഇയാൾക്കായി വാഹനം സ്വന്തമാക്കാൻ സുഭാഷിനെ നിയോഗിച്ചത്.
21 വയസുകാരനായ മകന് വേണ്ടി 21 ലക്ഷം രൂപ വരെ മുടക്കാൻ തയാറായാണ് പിതാവ് എത്തിയതെങ്കിലും ലേലത്തിന് മറ്റാരും ഇല്ലായിരുന്നു.
ഇതോടെയാണ് 15 ലക്ഷം അടിസ്ഥാന വില നിശ്ചയിച്ചിരുന്ന വാഹനം 10,000 രൂപ കൂടി അധികം നൽകി സ്വന്തമാക്കാനായത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം ക്ഷേത്രത്തിലെ ദീപസ്തംഭത്തിന് സമീപത്തു വച്ചാണ് വാഹനത്തിന്റെ പരസ്യ ലേലം നടന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ ലേലത്തിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തിയിരുന്നു.