മുളങ്കുന്നത്തുകാവ്: നിർമാണം പൂർത്തീകരിച്ചിട്ടും മൂന്നു വർഷം അനാഥമായി കിടന്ന മെഡിക്കൽ കോളജിലെ കാന്റീൻ കെട്ടിടം ഒടുവിൽ ലേലത്തിൽ കൊടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി നിർമിച്ച കാന്റീൻ കെട്ടിടമാണ് ഏറെക്കാലത്തെ അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ ലേലം ചെയ്തത്.
രണ്ടു കോടി ഇരുപത്തിയൊന്നു ലക്ഷം രൂപയ്ക്ക് മഞ്ചേരി സ്വദേശി ഹസനാണ് കാന്റീൻ ലേലത്തിലെടുത്തത്. മൂന്നു വർഷം മുന്പ് നിർമാണം പൂർത്തീകരിച്ച കാന്റീനിന്റെ നടത്തിപ്പവകാശം കുടംബശ്രീ പ്രവർത്തകർക്ക് നൽകണമെന്നായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ ആശുപത്രി പരിസരത്ത് പ്രവർത്തിച്ചിരുന്ന മിൽമ ബൂത്ത് ഉടമയുടെ ഇടപെടൽ മൂലം ഉദ്യോഗസ്ഥർ കാന്റീൻ തുറക്കുന്നത് വൈകിപ്പിക്കുകയായിരുന്നു.
ഒന്നരക്കോടി രൂപയ്ക്കാണ് നേരത്തെ മിൽമ ബൂത്ത് ലേലം പോയിരുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മിൽമബൂത്തിന്റെ ഒരു ദിവസത്തെ വരുമാനം രണ്ടരലക്ഷം രൂപയായിരുന്നു. ഇത്തരത്തിൽ ഒരു വർഷത്തെ മിൽമബൂത്തിലെ വരുമാനം പത്തു കോടിയോളം വരുമായിരുന്നു.
ഉടമയുടെ കാലവധി ഈ മാസം അവസാനിച്ചതിനെ തുടർന്നാണ് കാന്റീൻ ലേലത്തിൽ നൽകാൻ അധികൃതർ തയ്യാറായത്. മാത്രമല്ല, ഇനി മുതൽ മിൽമബൂത്ത് ലേലം ചെയ്യേണ്ടെന്നും തീരുമാനിച്ചു. ഒന്നര സെന്റ് സ്ഥലത്താണ് മിൽമബൂത്ത് പ്രവർത്തിച്ചിരുന്നത്. പുതിയ കാന്റീൻ പ്രവർത്തിക്കുന്നത് 10 സെന്റ് സഥലത്തും.
രോഗികൾക്ക് ന്യായ വിലയക്ക് ഭക്ഷണം നൽകുകയെന്ന ലക്ഷ്യംവെച്ച് ആരംഭിക്കുന്ന ഇത്തരം സഥാപനങ്ങൾ രോഗികളിൽ നിന്ന് അമിത ചർജാണ് ഈടക്കിയിരുന്നത്. ജനങ്ങൾ പരാതി പറഞ്ഞ് തോൽക്കുക മാത്രമാണ് ഇതുവരെ ഉണ്ടായ നടപടി.