മഞ്ഞപ്പിത്തം ബാധിച്ചെത്തിയ 16കാരനെ വാർഡിൽ കിടത്താതെ പറഞ്ഞയച്ചു, ഗാന്ധിനഗർ: മഞ്ഞപ്പിത്തം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയ പതിനാറുകാരനെ വാർഡിൽ കിടത്താതെ തിരിച്ചയച്ചു. സൂപ്രണ്ടിന് പരാതി നല്കിയപ്പോൾ വീണ്ടും അഡ്മിറ്റ് ചെയ്ത് ആശുപത്രി അധികൃതർ.
ഇന്നലെ വൈകുന്നേരമാണ് രോഗിയെ പാന്താടുന്ന രീതിയിൽ ആശുപത്രി അധികൃതർ തട്ടിക്കളിച്ചത്. കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയായ പതിനാറുകാരനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽനിന്ന് റഫർ ചെയ്താണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. വൈകുന്നേരം നാലരയോടെ അത്യാഹിത വിഭാഗത്തിൽ എത്തിയ രോഗിയെ ആവശ്യമായ പരിശോധനകൾക്കു ശേഷം ആറാം വാർഡിലേക്ക് അഡ്മിറ്റ് ചെയ്തു. അഡ്മിഷൻ ബുക്കുമായി രോഗിയും ബന്ധുക്കളും ആറാം വാർഡിലെത്തി.
അവിടെ കിടത്തുന്നതിനു മുന്പുള്ള ഡോക്ടറുടെ പരിശോധനയിലാണ് കിടത്തി ചികിത്സിക്കാനുള്ള രോഗമില്ലെന്ന് ഡോക്ടർ അറിയിച്ചത്. തുടർന്ന് അഡ്മിഷൻ റദ്ദാക്കി ഡോക്ടർ രോഗിയെ പറഞ്ഞയച്ചു. കാഞ്ഞിരപ്പള്ളിയിൽനിന്ന് അവശനിലയിൽ മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സ തേടിയെത്തിയ രോഗിയെ അഡ്മിറ്റ് ചെയ്തിട്ടും വാർഡിൽ കിടത്താതെ പറഞ്ഞയച്ചത് രോഗിയുടെ കൂടെ വന്ന ബന്ധുക്കൾക്ക് താങ്ങാനായില്ല.
സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാൻ പണമില്ലാഞ്ഞിട്ടാണ് സർക്കാർ ആശുപത്രിയെ അഭയം പ്രാപിച്ചത്. അവിടെയും ഇതാണ് അനുഭവമെങ്കിൽ പിന്നെ എവിടെ പോകുമെന്ന് ഇവർ അത്യാഹിത വിഭാഗത്തിലെത്തി ഡോക്ടർമാരോടും ജീവനക്കാരോടും ചോദിച്ചു. പിന്നീട് ആശുപത്രി സൂപ്രണ്ടിനെ കണ്ട് പരാതി പറഞ്ഞതോടെ വീണ്ടും അഡ്മിറ്റ് ചെയ്ത് ആറാം വാർഡിലേക്കു തന്നെ അയച്ചു. ഇപ്പോൾ ആറാം വാർഡിൽ ചികിത്സയിലാണ് രോഗി.
അഡ്മിറ്റ് ചെയ്ത രോഗിയെ ഒരു ദിവസം പോലും കിടത്താതെ പറഞ്ഞയച്ചത് എന്തു കാരണത്താലാണെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ തെറ്റു പറ്റിയത് ആർക്ക് ? അത്യാഹിത വിഭാഗത്തിൽ പരിശോധിച്ച ഡോക്ടർക്കോ അതോ ആറാം വാർഡിലെ ഡോക്ടർക്കോ ? ആർക്കാണെങ്കിലും രോഗികളോട് ഇതുപോലെ ക്രൂരമായി പെരുമാറുന്നതു ശരിയാണോ എന്നാണ് ആശുപത്രി ജീവനക്കാർ പോലും ചോദിക്കുന്നത്.