കോഴിക്കോട്: മെഡിസെപ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലെ നിബന്ധനകള്‍ മാരക രോഗങ്ങള്‍ക്കുള്ള ആനുകൂല്യം നിഷേധിക്കപ്പെടുന്നതായി പരാതി. ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതിയിലെ പല മാനദണ്ഡങ്ങളും തലാസീമിയ പോലുള്ള രോഗികള്‍ക്ക് ചികിത്സാ ആനുകൂല്യവും ജീവന്‍രക്ഷാ മരുന്നുകളും നിഷേധിക്കപ്പെടാന്‍ കാരണമാകുമെന്ന് ബ്ലെഡ് പേഷ്യന്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പരാതിപ്പെട്ടു.
ഒപി വിഭാഗത്തിലെ രോഗികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ലെന്ന നിബന്ധന തലാസീമിയ രോഗികളെ പ്രതിസന്ധിയിലാക്കും. ആനുകൂല്യം ലഭിക്കണമെങ്കില്‍ 24 മണിക്കൂര്‍ എങ്കിലും അഡ്മിഷനുണ്ടാകണമെന്നാണ് ഉത്തരവിലുള്ളത്. മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള 14 ലക്ഷം രൂപയുടെ ധനസഹായം ലുക്കീമിയ രോഗികള്‍ക്ക് മാത്രം പരിമിതപ്പെടുത്തുകയും മറ്റു രക്തജന്യരോഗികളായ തലാസീമിയ, സിക്കിള്ബെല് അനീമിയ, ,ഹിമോഫീലിയ തുടങ്ങിയ രോഗികളെ ഉത്തരവില്‍ നിന്നും ഒഴിവാക്കിയതും തിരിച്ചടിയാണ്.
മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എല്ലാവര്ക്കും ആനുകൂല്യം പ്രഖ്യാപിക്കേണ്ടതിന് പകരം ഏതാനും ഏതാനും വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണ് രോഗികളെ പ്രതിസന്ധിയിലിലാക്കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ദേദ്ദഗതി വരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതരായ രോഗികള്‍ സൗജന്യ ചികിത്സ നല്കാന് നടപടി വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ പെന്ഷന്കാര്ക്കുംഅവരുടെ ആശ്രിതര്‍ക്കും ആരോഗ്യസേവനം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച പദ്ധതിയാണിത്. കഴിഞ്ഞ ബജറ്റിലാണ് മെഡിസെപ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.