കൊല്ലം : സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിലെ അപാകതകൾക്കും വഞ്ചനാനിലപാടുകൾക്കുമെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
15 മുതൽ കേരള സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മെഡിസെപ്പ് പദ്ധതിയിൽ 88 ആശുപത്രികളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ തന്നെ ബഹുഭൂരിപക്ഷം ഹോസ്പിറ്റലുകളും ആധുനിക ചികിത്സാ സംവിധാനങ്ങൾ ഒന്നും ഇല്ലാത്തതാണ്.
ന്യൂതന ചികിത്സാ രംഗത്ത് മുൻനിരയിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളേയും ആധുനിക ചികിത്സാ സംവിധാനങ്ങൾ ഉള്ള മുൻനിര സ്വകാര്യ ഹോസ്പിറ്റലുകളേയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കൊല്ലം ജില്ലാ പ്രസിഡന്റ് വി.എൻ പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി പി.ഒ. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. എ. ഹാരീസ്, ബി. ജയചന്ദ്രൻപിള്ള, പരവൂർ സജീബ്, എസ്. ജയ, സുരേന്ദ്രനാഥ്, പി. എ. സജിമോൻ, ശ്രീഹരി എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് സി.സാജൻ, ശാന്തകുമാർ, പി. എസ്. മനോജ്, വിനോദ് പിച്ചിനാട്, ബാബു, ശ്രീകുമാരൻ, ഷാജൻ സക്കറിയ, സുനിൽ കുമാർ എന്നിവർ നേതൃത്വം നല്കി.