വാഷിംഗ്ണ്: ഇന്ത്യയിൽ കടുത്ത സാന്പത്തിക പ്രതിസന്ധിയെന്ന് അന്തരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). രാജ്യത്തെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞു. നിക്ഷേപത്തിലേയും ഉപഭോഗത്തിലെയും ഇടിവാണ് സാന്പത്തിക പ്രതിസന്ധിക്ക് കാരണം.
സാന്പത്തിക തകർച്ചയിൽ നിന്ന് കര കയറാൻ ഇന്ത്യ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ഐഎംഎഫ് പറഞ്ഞു. കാതലായ നയവ്യതിയാനങ്ങൾ ഉണ്ടാവണം. നിലവിലെ പ്രതിസന്ധി മറികടക്കാനും ഉയർന്ന വളർച്ചാപാതയിലേക്ക് മടങ്ങുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഐഎംഎഫ് അസി.ഡയറക്ടർ റാനിൽ സൽഗാഡൊ പറഞ്ഞു. പ്രതിസന്ധി തുടരുകയാണെങ്കിൽ ബാങ്ക് നിരക്കുകൾ ഇനിയും കുറയ്ക്കാൻ ഇന്ത്യ നിർബന്ധിതമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നിരുന്നാലും വളർച്ചയെ സഹായിക്കുന്നതിനുള്ള നിക്ഷേപം വർദ്ധിപ്പിക്കാൻ സർക്കാരിന് പരിമിതമായ ഇടമുണ്ട്. ഇന്ത്യയിലെ പ്രതിസന്ധിയിൽ ഐഎംഎഫിലെ മുഖ്യ സാന്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് കഴിഞ്ഞ ആഴ്ച ആശ്ചര്യം രേഖപ്പെടുത്തിയിരുന്നു. പ്രതീക്ഷിച്ചതിലും വളരെ ആഴത്തിലുള്ള പ്രതിസന്ധിയാണ് ഇന്ത്യയിലുള്ളത്. ഇതിൽ നിന്ന് മറികടക്കാൻ കുറച്ച് സമയമെടുക്കുമെന്നും അവർ പറഞ്ഞിരുന്നു.
റിസർവ് ബാങ്ക് ഈ വർഷം അഞ്ച് തവണയാണ് വായ്പാനിരക്ക് വെട്ടിക്കുറച്ചത്. കഴിഞ്ഞ ഒന്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിത്. കൂടാതെ റിസർവ് ബാങ്ക് വാർഷിക വളർച്ചാനിരക്ക് നേരത്തേ പ്രവചിച്ച 6.1ൽ നിന്ന് അഞ്ച് ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. സർക്കാർ പുറത്തു വിട്ട കണക്കനുസരിച്ച് ജൂലൈ-സെപ്റ്റംബർ സമയത്ത് ഇന്ത്യയുടെ സാന്പത്തിക വളർച്ചയുടെ വേഗം കഴിഞ്ഞ വർഷം ഏഴ് ശതമാനമുള്ളത് 4.5ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണിത്. ലോകത്തെ 90 ശതമാനം രാജ്യങ്ങളിലും സാന്പത്തിക മാന്ദ്യമുണ്ടാകും. ഇതിൽ വികസ്വര രാജ്യമായ ഇന്ത്യ നേരിടുക കടുത്ത സാന്പത്തിക ആഘാതമായിരിക്കുമെന്നും ഐഎംഎഫിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ ക്രിസ്റ്റലീന ജോർജിവ പറഞ്ഞിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ യുദ്ധവും ബ്രെക്സിറ്റ് പോലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാന്പത്തിക മാന്ദ്യത്തിനും അനിശ്ചിതത്വത്തിനും കാരണമായതായി ജോർജിവ കുറ്റപ്പെടുത്തിയിരുന്നു.