ശബരിമലയിലേക്ക് വീണ്ടും മാധ്യമവിലക്ക്. ഇന്നലെ രാത്രി സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. സന്നിധാനത്തെ ഓഫീസുകളില്‍ ജോലിയിലായിരുന്ന നാല് സ്വകാര്യ ചാനലുകളുടെ പ്രവര്‍ത്തകരെയാണ് ഇറക്കിവിട്ടത്. രാത്രി പത്തോടെ കാമറകള്‍ ഉള്‍പ്പെടെ സംഘത്തെ ട്രാക്ടറില്‍ കയറ്റി പമ്പയിലേക്കും അവിടെനിന്നു രാത്രിയില്‍ തന്നെ നിലയ്ക്കലിനപ്പുറത്തേക്കും പറഞ്ഞയക്കുകയായിരുന്നു.
മാധ്യമങ്ങള്‍ 16നു പമ്പയിലെത്തിയാല്‍ മതിയെന്നാണ് പോലീസ് തീരുമാനം. 16ന് രാവിലെ മുതല്‍ നിലയ്ക്കലിലേക്കും അവിടെനിന്ന് ഉച്ചയോടെ പമ്പയിലും വൈകുന്നേരം സന്നിധാനത്തേക്കും കടത്തിവിട്ടാല്‍ മതിയെന്ന് പോലീസിനു നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ചിത്തിര ആട്ടവിശേഷദിവസത്തില്‍ നട തുറന്നപ്പോഴും സമാനരീതിയിലുള്ള നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഹൈക്കോടതി മുന്പാകെ വിഷയം എത്തിയപ്പോള്‍ മാധ്യമ നിയന്ത്രണം ഇല്ലായെന്ന മറുപടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയത്. മാധ്യമ നിയന്ത്രണം എന്തെങ്കിലും ഉണ്ടായാല്‍ കോടതിയെ അപ്പോള്‍തന്നെ അറിയിക്കാനും അന്നു നിര്‍ദേശിച്ചിരുന്നു.
കെഎസ്ആര്‍ടിസി വര്‍ധിപ്പിച്ച നിരക്ക് നാളെ മുതല്‍
കെഎസ്ആര്‍ടിസി ശബരിമല യാത്രയ്ക്കു നിരക്ക് കുത്തനെ കൂട്ടി. വര്‍ഷങ്ങള്‍ക്കു മുമ്പ് പിന്‍വലിച്ച സ്‌പെഷല്‍ നിരക്ക് ഇതോടെ പുനഃസ്ഥാപിച്ചിരിക്കുകയാണ്. നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസുകളുടെ നിരക്ക് 30 ശതമാനം വര്‍ധിപ്പിച്ചതിന് ആനുപാതികമായാണ് പമ്പ സ്‌പെഷല്‍ സര്‍വീസുകളുടെ നിരക്കുകളില്‍ നാളെ മുതല്‍ വര്‍ധന അംഗീകരിച്ചിരിക്കുന്നത്. നിരക്ക് വര്‍ധനയ്ക്ക് നിയമപരമായ സാധുതയുണ്ടെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.
ഇതോടെ പത്തനംതിട്ട – പമ്പ യാത്രാ നിരക്ക് 77 രൂപയായിരുന്നത് 100 രൂപയാകും. എരുമേലി പമ്പയ്ക്ക് 31 രൂപയില്‍ നിന്ന് 40 രൂപയായി വര്‍ധിക്കും. നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ നോണ്‍ എസി ബസുകള്‍ക്ക് 40 രൂപയും എസി ബസുകള്‍ക്ക് 75 രൂപയുമാണ് ഈടാക്കുന്നത്. 50 എസി ബസുകളാണ് നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ ഓടാനുള്ളത്. ആദ്യ ബസ് നാളെ ഉച്ചയ്ക്ക് 12ന് സര്‍വീസ് നടത്തുമെന്നാണ് അറിയിപ്പ്. കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകളും നാളെ എത്തും.