പച്ചനുണകളും അർധ സത്യങ്ങളും ആധാരമാക്കിയുള്ള ചില മാധ്യമ-സാമൂഹ്യമാധ്യമ വായാടിത്തങ്ങൾ അതിരു കടക്കുകയാണ്. ഒരു ബിഷപ് ആരോപണവിധേയനായ കേസിന്റെ മറവിൽ വൈദികരെയും കന്യാസ്ത്രീകളെയും കത്തോലിക്കാ സഭയെ ആകെത്തന്നെയും അധിക്ഷേപിക്കുന്നതിൽ ആനന്ദിക്കുകയാണ് തത്പര കക്ഷികൾ.
മുന്പ് സഭയുടെ നന്മകളെ അംഗീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തവരൊന്നുമല്ല ഇത്തരം കുപ്രചാരണങ്ങൾക്കു പിന്നിലുള്ളതെന്നതും ശ്രദ്ധേയമാണ്. ചില തുറന്നുപറച്ചിലുകൾക്കു സമയമായിരിക്കുന്നു. ഈ തുറന്നെഴുത്ത് തെറ്റിനെയോ തെറ്റുകാരെയോ ന്യായീകരിക്കാനുള്ള പരിശ്രമമായി ആരും ദുര്വ്യാഖ്യാനം ചെയ്യേണ്ടതില്ല.
“മഠങ്ങളിലെ മൗനവിലാപങ്ങൾ’ എന്ന പേരിൽ രണ്ടു ദിവസം മുന്പ്, ഒരു പ്രത്യേക സമുദായം നടത്തുന്ന ഒരു മാധ്യമം കത്തോലിക്കാസഭയെ അവഹേളിക്കാൻ, യാതൊരു ധാർമികതയോ സത്യസന്ധതയോ ഇല്ലാതെ പരന്പര തുടങ്ങിയിട്ടുണ്ട്. അനുവദിച്ചിരിക്കുന്ന സമയത്തല്ലാതെ ഇത്തിരി വർത്തമാനം പറയാൻപോലും കഴിയാത്ത കന്യാസ്ത്രീകളെയോർത്തു കരഞ്ഞുകൊണ്ടാണ് തുടക്കം.
കത്തോലിക്കാ സഭയെ അറിയാവുന്നവർ മൂക്കത്തു വിരൽ വച്ചുപോയി സന്യാസത്തിന്റെ അന്തഃസത്ത മനസിലാക്കാതെ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന വിഡ്ഢിത്തങ്ങൾ കേട്ട്. ഏതെങ്കിലും ഒരു കന്യാമഠത്തിൽ ചെന്ന്, എന്തിന്, കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആതുരാലയങ്ങളിലും അനാഥാലയങ്ങളിലുമൊക്കെ ജോലി ചെയ്യുന്ന ഏതെങ്കിലുമൊരു കന്യാസ്ത്രീയോടു ചോദിച്ചിരുന്നെങ്കിൽ ഈ പന്പരവിഡ്ഢിത്തം പടച്ചുവിടേണ്ടിവരുമായിരുന്നോ?
ലോകമെങ്ങും കത്തോലിക്കാസഭ നിലനില്ക്കുന്നത് കേരളത്തിൽനിന്നു കന്യാസ്ത്രീകളെയും അച്ചന്മാരെയും കയറ്റിവിടുന്നതുകൊണ്ടാണത്രേ. അതാണ് പരന്പരക്കാരന്റെ മറ്റൊരു വിഷമം. അതിന്റെ കാര്യം വഴിയേ പറയാം. പക്ഷേ ഒരു കാര്യം ഉറപ്പല്ലേ, തീവ്രവാദത്തിനോ മതഭീകരവാദത്തിനോ ഒന്നുമല്ലല്ലോ അവർ ട്രെയിൻ കയറിയും വിമാനം കയറിയുമൊക്കെ പോകുന്നത്. ഇതരമതസ്ഥരെയും നിസഹായരായ സ്ത്രീ-പുരുഷന്മാരെയും കുഞ്ഞുങ്ങളെയുമൊക്കെ വധിക്കാനുള്ള പരിശീലനത്തിനല്ലല്ലോ അവരെ കത്തോലിക്കാസഭ കയറ്റിവിടുന്നത്.
സ്വന്തം മാതാപിതാക്കളെയും ബന്ധുക്കളെയും ഒക്കെ ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന അവർ അന്യദേശക്കാരും അപരിചിതരുമായ എത്രയോ മനുഷ്യരുടെ കാവൽക്കാരായിട്ടാണ് മാറുന്നത്. ജാതിയോ മതമോ നോക്കാതെ ഇത്ര സേവനം ചെയ്യുന്ന മനുഷ്യരെ അവഹേളിക്കുന്പോൾ പാണ്ഡിത്യം വേണമെന്നു പറയുന്നില്ല, ഇത്തിരി സാമാന്യബോധം ഉണ്ടായിരുന്നെങ്കിൽ! ഇസ്ലാമിക രാജ്യങ്ങളിൽ ഉൾപ്പെടെ ഇത്തരം സേവനത്തിനിടെ ഭീകരവാദികളാൽ കൊല്ലപ്പെട്ട കന്യാസ്ത്രീകളുടെ ചോരയോടെങ്കിലും ഇത്തിരി മര്യാദ കാട്ടിയിരുന്നെങ്കിൽ! കന്യാസ്ത്രീയാകാൻ തീരുമാനിച്ചാൽ പിന്നീടുള്ള “നാലാഴ്ച’ത്തെ പരിശീലന കാലത്ത് പുനർ വിചിന്തനത്തിന് അവസരമുണ്ടത്രേ. കന്യാസ്ത്രീയാകുന്നതുവരെയും അതിനുശേഷവും അവർക്ക് അതിന് അവസരമുണ്ടെന്നും അങ്ങനെ പലരും ചെയ്യാറുണ്ടെന്നും അവരിൽ വിരലിലെണ്ണാവുന്ന ചിലർ മാത്രമാണ് സഭയ്ക്കെതിരേ പുസ്തകമെഴുതിയും മുദ്രാവാക്യം വിളിച്ചും നടക്കുന്നതെന്നും ആരു പറയാൻ?
ചുരുക്കിപ്പറയാം. കേരളത്തിലെന്നല്ല, ലോകത്തെവിടെയാണെങ്കിലും സ്വകാര്യജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും ഏറ്റവും സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നവരിലാണ് ക്രൈസ്തവ സ്ത്രീകളുള്ളത്. ലേഖന പരന്പര പടച്ചിറക്കിയ മാന്യദേഹത്തിനും അതൊക്കെ അറിയാവുന്ന കാര്യമാകും. വിദ്യാഭ്യാസത്തിനായും തൊഴിലിനായും ലോകത്തെവിടെയും സഞ്ചരിക്കാനും പുരുഷനോടൊപ്പം ജോലി ചെയ്യാനും അവർക്ക് ആരുടെയും സമ്മതം ആവശ്യമില്ല. ആരുടെയും സമ്മർദത്തിനു വഴങ്ങിയല്ല ഒരു സ്ത്രീയും ഈ ജീവിതാന്തസ് തെരഞ്ഞെടുക്കുന്നതെന്നും അറിയുക.
ചില സമുദായങ്ങളിലെ സാധാരണക്കാരായ സ്ത്രീകളെക്കാൾ സ്വാതന്ത്ര്യമുണ്ട് കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകൾക്ക്. അവർ പുരുഷന്മാരെപ്പോലെ തന്നെ ഡോക്ടർമാരായും നഴ്സുമാരായും അധ്യാപകരായും വകുപ്പു മേധാവികളായുമൊക്കെ ജോലി നോക്കി തനിയെ ഡ്രൈവ് ചെയ്ത് സ്വന്തം മഠത്തിലേക്കു പോകാൻ തുടങ്ങിയിട്ടു കാലം കുറെയായി. വീടിനു പുറത്തിറങ്ങാനും ഡ്രൈവ് ചെയ്യാനും ചാനലുകളിൽ വാർത്ത വായിക്കാനുമൊക്കെ പല രാജ്യങ്ങളും സ്ത്രീകൾക്ക് അവകാശം കൊടുത്തത് ഈയടുത്ത ദിവസങ്ങളിലാണെന്നറിയാമല്ലോ. പോട്ടെ, സന്ദർഭവശാൽ പറഞ്ഞെന്നേയുള്ളു. ഇനിയിപ്പോൾ എന്തെങ്കിലും കുറവുണ്ടെങ്കിൽ ഇത്തരം പരന്പരകൾ വായിച്ച് കൂടുതൽ തിരുത്തലുകൾക്ക് കത്തോലിക്കാസഭയ്ക്ക് അവസരമുണ്ടല്ലോ!
ചാനലുകളും സോഷ്യൽ മീഡിയയും എല്ലാം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് കത്തോലിക്കാ അച്ചന്മാരെയും കന്യാസ്ത്രീകളെയും നന്നാക്കാനും അവരെ സഹനങ്ങളിൽനിന്നു രക്ഷിക്കാനുമാണ്. പെണ്ണു കേസിലൂടെ അരങ്ങേറ്റം കൊഴുപ്പിക്കാൻ ശ്രമിച്ച് മാനംപോയ ചാനൽ മുതൽ ആരു മീശ പിരിച്ചാലും മുട്ടിടിക്കുന്ന യഥാർഥ മാധ്യമ വീരന്മാർ വരെ കളത്തിലുണ്ട്. കത്തോലിക്കാസഭയെയും സ്ഥാപനങ്ങളെയും ആക്രമിച്ചാൽ ഒന്നും പേടിക്കാനില്ലെന്ന ധൈര്യമാണ് ഈ മര്യാദകേടിന്റെ അടിസ്ഥാനം. മറ്റൊന്നുമല്ല.
ദീപികയുടെ നിലപാട്
ദീപിക പീഡനവാർത്തകൾ എന്തുകൊണ്ട് ഒന്നാം പേജിൽ കൊടുക്കുന്നില്ലെന്നാണ് ചിലരുടെ പരാതി. ബിഷപ്പിന്റെ കാര്യം അവിടെ നില്ക്കട്ടെ, ഏതെങ്കിലും പൂജാരിയുടെയോ മുക്രിയുടെയോ ഉൾപ്പെടെ ഏതെങ്കിലും പീഡന വാർത്തകൾ ആളുകളെ കോരിത്തരിപ്പിക്കാൻ ദീപിക ഒന്നാം പേജിൽ കൊടുക്കാറുണ്ടോ? അറിയില്ലെങ്കിൽ പറയാം. ഇല്ല. ബിഷപ്പിന്റെ വാർത്തയ്ക്കു കൊടുത്ത പ്രാധാന്യം പോലും അവയ്ക്കു നല്കിയിട്ടില്ല.
നിർഭയ, കാഷ്മീരിലെ പെണ്കുട്ടി തുടങ്ങി രാജ്യത്തെ ഇളക്കിമറിച്ച വാർത്തകൾ പോലും പ്രാധാന്യത്തോടെയാണെങ്കിലും അതീവ ശ്രദ്ധയോടെയാണ് പ്രസിദ്ധീകരിച്ചത്. പീഡനങ്ങളുടെ വാർത്തകൾക്കപ്പുറം പൊടിപ്പും തൊങ്ങലും വച്ച കഥകൾ ഈ പത്രം നല്കാറില്ല. ദീപിക വായിക്കുകയോ വരുത്തുകയോ ചെയ്യില്ലെങ്കിലും ഉപദേശിച്ചു നന്നാക്കാനിറങ്ങിയിരിക്കുന്ന ചില “വിശ്വാസികൾക്കും’ അതത്ര മനസിലാകണമെന്നില്ല.
131 വർഷം മുന്പ് ഒരു പൈങ്കിളിമാധ്യമവും പിറക്കുംമുന്പ് ഈ പക്ഷി പറന്നു തുടങ്ങിയതാണ്. കുറ്റങ്ങളും കുറവുകളും ഉണ്ടായിട്ടുണ്ട്. അതു തിരുത്താൻ ശ്രമിച്ചിട്ടുമുണ്ട്. മലയാളത്തിലെ ആദ്യത്തെ ദിനപത്രത്തെ മാധ്യമധർമം പഠിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർ ഇത്തിരി ആത്മപരിശോധന നടത്തുന്നതു നല്ലത്.
വാർത്തയിലും പരസ്യത്തിലും എന്തു വിട്ടുവീഴ്ചയും നടത്തി കച്ചവടം കൊഴുപ്പിക്കാൻ ഉദ്ദേശ്യവുമില്ല. ഉള്ളടക്കത്തിന്റെ കാര്യത്തിലാണെങ്കിൽ ജാതി-മതഭേദമന്യേ ഏതൊരു കുടുംബത്തിലും കയറ്റാനുള്ള നിലവാരം ഇതിനുണ്ട്. മികച്ചതും ഉത്തരവാദിത്വപൂർണവുമായ പത്രപ്രവർത്തനത്തിന് ദീപിക വാങ്ങിയത്ര ദേശീയ-ആഗോള പുരസ്കാരങ്ങൾ മറ്റൊരു മലയാള പത്രവും വാങ്ങിയിട്ടില്ല. അതവിടെ നില്ക്കട്ടെ.
സമീപകാല സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ചിലതു പറയാതെ വയ്യ. ഇരയുടെ പക്ഷത്താണ് ഞങ്ങൾ. പിന്നെ രാജ്യത്തെ നിയമവും കോടതിയുമൊന്നുമല്ല, തങ്ങൾ പ്രഖ്യാപിക്കുന്നവരെ ഇരകളായും വേട്ടക്കാരായും അംഗീകരിക്കണമെന്ന് ഏതെങ്കിലും ചാനലോ സോഷ്യൽ മീഡിയയോ പറഞ്ഞാൽ അനുസരിക്കാൻ സൗകര്യപ്പെട്ടെന്നു വരില്ല.
കത്തോലിക്കാസഭയെ കരിവാരിത്തേക്കാൻ ശ്രമിക്കുന്നവരെ തിരുത്താനല്ല ഈ എഴുത്ത്. അപഹാസ്യമായ മാധ്യമവിചാരണയാൽ വേദനിക്കുകയും അവഹേളനമനുഭവിക്കുകയും ചെയ്തിട്ടും തങ്ങളുടെ സേവനപ്രവർത്തനങ്ങൾ വീഴ്ചയില്ലാതെ ചെയ്തുകൊണ്ടേയിരിക്കുന്ന വാക്ചാതുര്യമില്ലാത്ത കർമയോഗികൾക്കായിട്ടാണ്. അവരിൽ വൈദികരും കന്യാസ്ത്രീകളും മാത്രമല്ല, സാധാരണക്കാരായ ലക്ഷക്കണക്കിനു മറ്റു മനുഷ്യരുമുണ്ട്. മൗനം വെടിയുകയെന്നു ഞങ്ങളോട് ആവശ്യപ്പെട്ടവരിൽ ഇതര മതസ്ഥരായ സുമനസുകളുമുണ്ടെന്നതും ഈ ഉദ്യമത്തെ അനിവാര്യമാക്കിയിരിക്കുന്നു.
ആരാണ് ഇര?
വാദിയോ പ്രതിയോ അല്ലാതിരുന്നിട്ടും ഇരകളായ ആയിരങ്ങളെക്കുറിച്ചുകൂടി ഇവിടെ പറയേണ്ടതുണ്ട്. സേവനത്തിന്റെ നൂറുനുറു കർമരംഗങ്ങളിൽ ജീവിതം സമർപ്പിച്ചിരിക്കുന്ന വൈദികരും കന്യാസ്ത്രീകളും. അവരുടെ നെഞ്ചിൽ തീ കോരിയിട്ടുകൊണ്ടാണ് മാധ്യമങ്ങളുടെ അന്തിച്ചർച്ചകളും പത്രങ്ങളുടെ വിഷനീലിമ കലർന്ന കഥയെഴുത്തുകളും തുടരുന്നത്.
ആളും തരവും നോക്കുന്ന വീരന്മാർ.
ഇതാണു മാധ്യമസ്വാതന്ത്ര്യമെങ്കിൽ തിരുത്തലുകൾ വേണ്ടിയിരിക്കുന്നു.സഭയെ തെരുവിലിട്ട് വസ്ത്രാക്ഷേപം നടത്തിയാലും നിർഭയം നിരന്തരം മുന്നോട്ടുപോകാമെന്ന് ചിലർക്കു നല്ല ബോധ്യമുണ്ട്. പ്രതിഷേധം അറിയിക്കുമെന്നല്ലാതെ കത്തോലിക്കർ വാളും വീശി വരില്ല. ആളും തരവും നോക്കി മാത്രം വാർത്ത കൊടുക്കുകയും കണ്ണുരുട്ടി കാണിച്ചാൽ ക്ഷമ പറഞ്ഞ് തടിയൂരുകയും ചെയ്യുന്നവർക്ക് പക്ഷേ, മീശയുള്ള അപ്പന്മാരെ കാണുന്പോൾ മുട്ടിടിക്കുകയും ചെയ്യും.
ബിഷപ്പിനെതിരേ പരാതി നല്കിയതിലോ അന്വേഷണത്തിലോ ഒരുതരത്തിലും സഭ ഇടപെട്ടിട്ടില്ല. പോലീസ് അന്വേഷണം നടക്കട്ടെയെന്നും അതുവരെ കാത്തിരിക്കണം എന്നുമാണ് ആദ്യം മുതൽ പറഞ്ഞിരുന്നത്. തെറ്റുകാരനെന്നു തെളിഞ്ഞാൽ ഒരുവിധത്തിലുള്ള ന്യായീകരണത്തിനും തയാറാകില്ല.
വീണ്ടും വീണ്ടും വീണ്ടും അത് ആവർത്തിക്കുന്നു. ഇപ്പോഴും അതേ നിലപാടു തന്നെയാണ്. പക്ഷേ, ഇതിന്റെ മറവിൽ ചില മാധ്യമങ്ങൾ വേട്ടക്കാരൻ വേട്ടക്കാരൻ എന്ന് ആവർത്തിച്ചുപറഞ്ഞ് മലയാളിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരുന്നു. അന്വേഷണം നല്ലനിലയിലാണെന്നു കോടതി പറഞ്ഞിട്ടും അവർക്കു സമ്മതമില്ലായിരുന്നു. പക്ഷേ അറസ്റ്റ് കഴിഞ്ഞതോടെ നിലപാട് മാറ്റി.
കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ പിന്തുണയ്ക്ക് എത്തിയവരിൽ മിക്കവരുടെയും ഉദ്ദേശ്യം പ്രശ്നപരിഹാരത്തിന് അപ്പുറമുള്ള ചിലതൊക്കെയല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സന്യാസ സ്ഥാപനങ്ങൾ മുഴുവൻ പിരിച്ചുവിടണമെന്നായിരുന്നു ഒരു മാന്യന്റെ എളിയ ആവശ്യം. മറ്റൊരാൾക്ക് കുന്പസാരം നിരോധിക്കണം.
സോഷ്യൽ മീഡിയയിലും ഇവരുടെയൊക്കെ തെറ്റിദ്ധരിപ്പിക്കുന്ന കണ്ടെത്തലുകൾ വ്യാപകമായി പ്രചരിച്ചു. കാണുന്നതൊക്കെ അപ്പടി വിശ്വസിക്കുന്ന പലരും അതൊക്കെ ഷെയർ ചെയ്തുകൊണ്ടിരുന്നു.
ഒരു പത്രത്തിന്റെ മുഖ്യ അധികാരിതന്നെ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു. അതുപോലെ ജാതി-മത ഭേദമെന്യേ പലരും അവിടെയെത്തി. സ്വന്തം സമുദായത്തിലെ അനീതികൾക്കെതിരേ ചെറുവിരൽ പോലും അനക്കിയിട്ടില്ലാത്തവരെയും ഒരു പരസ്യവേദികളിലും കണ്ടിട്ടില്ലാത്തവരെയും അവിടെ കണ്ടു.
അതിൽ വലിയൊരു പങ്ക് ഒരു പ്രത്യേക സമുദായ സംഘടനയുടെ ആഭിമുഖ്യത്തിൽ എത്തിയവരായിരുന്നു. അവരുടെ കീഴിലുള്ള സ്കൂളിലെ എട്ടുംപൊട്ടും തിരിയാത്ത കുട്ടികളും അക്കൂട്ടത്തിൽ പെടുന്നു. ഇതൊക്കെ യാദൃച്ഛികമായി സംഭവിക്കുന്നതാണെന്നു വിശ്വസിക്കാൻ അരിയാഹാരം കഴിക്കുന്നവർക്കു ബുദ്ധിമുട്ടാണ്.
ഒരു ചോദ്യം ചോദിച്ചാൽ പരിഭവിക്കരുത്. ഇനി സ്വന്തം സമുദായത്തിലെ സ്ത്രീപീഡനങ്ങൾക്കും വിവേചനങ്ങൾക്കുമെതിരേ രംഗത്തുവരാൻ ആ വനിതകൾക്കും കുട്ടികൾക്കും ഈ സമരം പ്രചോദനമാകുമോ? അവരെ നിങ്ങൾ അതിന് അനുവദിക്കുമോ? അതല്ല, അവരെയൊക്കെ കത്തോലിക്കാസഭയുടെ പ്രശ്നവേദികളിൽ മാത്രമേ കാണൂ എന്നാണെങ്കിൽ ഉദ്ദേശ്യശുദ്ധിയിൽ സംശയം തോന്നും. അത്രേയുള്ളു.
ആരാണ് യഥാർഥ ഇര എന്നതിലപ്പുറം, വാദിയോ പ്രതിയോ അല്ലാതിരുന്നിട്ടും ഇരകളായ ആയിരങ്ങളെക്കുറിച്ചുകൂടി ഇവിടെ പറയേണ്ടതുണ്ട്. സേവനത്തിന്റെ നൂറുനൂറു കർമരംഗങ്ങളിൽ ജീവിതം സമർപ്പിച്ചിരിക്കുന്ന വൈദികരും കന്യാസ്ത്രീകളും. അവരുടെ നെഞ്ചിൽ തീ കോരിയിട്ടുകൊണ്ടാണ് മാധ്യമങ്ങളുടെ അന്തിച്ചർച്ചകളും പത്രങ്ങളുടെ വിഷനീലിമ കലർന്ന കഥയെഴുത്തുകളും തുടരുന്നത്.
മാധ്യമങ്ങൾ സ്വന്തമായ അജൻഡകളോടെയും താത്പര്യങ്ങളോടെയും ചമച്ച കഥകൾ, വർഗീയ വിഷം ചീറ്റുന്ന സോഷ്യൽ മീഡിയ ട്രോളുകൾ, കത്തോലിക്കാ സന്യസ്തരുടെ വേഷങ്ങൾ വരച്ച് അതിനടിയിലിട്ട അശ്ലീല കമന്റുകൾ, പച്ചത്തെറികൾ….ഇതുപോലെ അവഹേളിക്കാൻ വേറെ ഏതു സമുദായത്തെ നിങ്ങൾക്കു കിട്ടും?
ഒരു മതസംഘടന പ്രസിദ്ധീകരിക്കുന്ന ദിനപത്രം ഒന്നാം പേജിൽ കൊടുത്ത ഒരു കാർട്ടൂണ് കുറെപ്പേരെ ചിരിപ്പിച്ചു. പക്ഷേ, ഏറെപ്പേരെ വേദനിപ്പിച്ചു. ഒരു കോഴിയുടെ തലയിൽ ബിഷപ്പിന്റെ തലപ്പാവ് അണിയിച്ചാണ് അവർ കളിച്ചത്. അതു കണ്ട് ക്രൈസ്തവരാരും പ്രതിഷേധ മുദ്രാവാക്യം വിളിച്ചും ആയുധമെടുത്തും തെരുവിലിറങ്ങിയില്ല. ഇറങ്ങുകയുമില്ല. അതു നിങ്ങൾക്കും ഉറപ്പാണ്.
പക്ഷേ, സ്വന്തം സമുദായത്തിന്റേതുൾപ്പെടെ മറ്റ് ആരുടെയെങ്കിലും മത ചിഹ്നങ്ങളെ അധിക്ഷേപിക്കാൻ നിങ്ങൾക്കു ധൈര്യമുണ്ടോ? അങ്ങനെ ആരെങ്കിലും ചെയ്താൽ നിങ്ങൾ അംഗീകരിക്കുമോ? വിദേശത്തുപോലും ആരെങ്കിലും അങ്ങനെ ചെയ്താൽ ദിവസങ്ങളോളം വാർത്തകളും ലേഖനങ്ങളും മുഖപ്രസംഗങ്ങളും എഴുതി മതസംരക്ഷണം നടത്തുന്ന, നിങ്ങൾക്കു മാത്രമുള്ള ഒരുതരം ആവിഷ്കാര സ്വാതന്ത്ര്യമുണ്ടല്ലോ. അതിൽ ഇടപെടുന്നില്ല. പക്ഷേ, ജനം മുഴുവൻ മണ്ടന്മാരാണെന്നു കരുതിക്കളയരുത്.
സെബാസ്റ്റ്യൻ കല്ലറ