അമ്മയുടെ കൈയിൽപിടിച്ചു പാലാ കത്തീഡ്രൽപള്ളിയുടെ അൾത്താരയിലേക്കു നോക്കിയാണ് എന്റെ വിശ്വാസ ജീവിതം ഞാൻ ആരംഭിക്കുന്നത്. വെള്ളയുടുപ്പിട്ട് അൾത്താരയിൽ വിശുദ്ധ കുർബാനയ്ക്കു പൂക്കളൊരുക്കുന്ന സിസ്റ്റേഴ്സിനെ ചൂണ്ടി അമ്മ പറയുമായിരുന്നു, അതു മാലാഖാമാരാണ്. ഈശോയുടെ അടുത്തു നിൽക്കാൻ അവർക്കു ലഭിക്കുന്നത് എത്ര വലിയ ഭാഗ്യമാണ്.
യേശുവിന്റെ അടുത്തു ജീവിക്കാനുള്ള ഒരു മാർഗമായാണ് കത്തോലിക്കാ സന്യാസ ജീവിതം എന്റെ മനസിൽ മുളപൊട്ടുന്നത്. പാലാ സെന്റ് മേരീസ് സ്കൂളിൽ എന്നെ ഒന്നാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെ പഠിപ്പിച്ച എഫ്സിസി സിസ്റ്റേഴ്സിന്റെ സ്നേഹാർദ്രമായ ജീവിതമാതൃക ഒരു കന്യാസ്ത്രീയാകുവാൻ എന്നെ കൊതിപ്പിച്ചിരുന്നു. എന്റെ കുടുംബത്തിലും ബന്ധുവീടുകളിലും നിരവധി വൈദികരും സമർപ്പിതരും യേശുവിനുവേണ്ടി സഭയോടൊത്തു ചെയ്യുന്ന അദ്ഭുതകരമായ പ്രേഷിത ശുശ്രൂഷകളും ചെറുപ്പത്തിൽത്തന്നെ എന്റെ ആവേശമായിരുന്നു.
ആരും നിർബന്ധിച്ചില്ല
കത്തോലിക്കാസഭയിലെ സ്ത്രീകൾക്കു ലഭിക്കുന്ന ഏറ്റവും ധന്യവും ഉന്നതവുമായ ജീവിത ശൈലിയായ സന്യാസ ജീവിതം സ്വീകരിക്കാൻ ആരുമെന്നെ നിർബന്ധിച്ചിട്ടില്ല. എന്നെ കന്യാസ്ത്രീയാക്കാമെന്ന് ആരും നേർച്ച നേർന്നിരുന്നുമില്ല. പിന്തിരിപ്പിക്കുകയായിരുന്നു എല്ലാവരും.
എന്നാൽ, മറ്റുള്ളവർക്കുവേണ്ടി സ്വയം നഷ്ടപ്പെടുത്തുവാൻ ക്രിസ്തുവിന്റെ സ്നേഹം എന്നെ നിരന്തരം നിർബന്ധിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒന്നര നൂറ്റാണ്ടിലേറെ ശുശ്രൂഷാപാരന്പര്യമുള്ള അന്താരാഷ്ട്ര കത്തോലിക്കാ സന്യാസ സമൂഹമായ സിസ്റ്റേഴ്സ് ഒാഫ് ദി ക്രോസ് ഒാഫ് ഷാവനോ എന്ന സഭയിൽ ഞാൻ ഒരു സന്യാസിനിയായി.
വരുമാനമില്ലാത്തവർ!
ഈയിടെ കേൾക്കുന്നത് വരുമാനമില്ലാത്ത കന്യാസ്ത്രീകൾക്കു സ്വാതന്ത്ര്യമില്ലെന്നും മഠത്തിൽ പട്ടിണിയാണെന്നുമൊക്കെയുള്ള അസത്യങ്ങളാണ്. എന്നെ സഭ പഠിപ്പിച്ചത് ഒരു ഫിസിയോ തെറാപ്പിസ്റ്റാകാനാണ്. ഒരു ഫിസിയോ തെറാപ്പിസ്റ്റായ ഞാൻ ആ ജോലി ഉപേക്ഷിച്ച്, പതിനാറു വർഷം മുന്പ് ബുദ്ധിന്യൂനതയുള്ളവർക്കുവേണ്ടി പ്രവർത്തിക്കാനാഗ്രഹമുണ്ട് എന്നു പറഞ്ഞു. ഒരു വരുമാനവുമില്ലാത്ത സ്പെഷൽ സ്കൂൾ ശുശ്രൂഷയ്ക്ക് എന്റെ സഭ എന്നെ അനുവദിച്ചു. ഇന്നു കുറവിലങ്ങാട് മണ്ണയ്ക്കനാടുള്ള എന്റെ ഹോളിക്രോസ് കോണ്വന്റിൽ സ്ഥിരവരുമാനമുള്ള ഒരാൾ മാത്രമേയുള്ളൂ.
ആ സിസ്റ്ററിന്റെ ശന്പളം സമൂഹത്തിലെ എല്ലാവരുടെയും ക്ഷേമത്തിനായി ഉപയോഗിക്കുന്നു. ശന്പളമുള്ള ആ സിസ്റ്ററിനും ശന്പളമില്ലാത്ത എനിക്കും എന്റെ മഠത്തിലെ പ്രായംചെന്ന മറ്റുള്ളവർക്കും തമ്മിൽ ഒരു കാര്യത്തിനും ഒരു വ്യത്യാസവും ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല.
ഇതാണ് എല്ലാ സന്യാസ സഭകളുടെയും യഥാർത്ഥ അവസ്ഥ. വിശുദ്ധ ബൈബിളിലെ ആദിമ ക്രൈസ്തവ സമൂഹത്തെപ്പോലെ ക്രിസ്തുകേന്ദ്രീകൃതമായി ജീവിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് ക്രൈസ്തവ സന്യാസം എന്നത് എന്റെ അനുഭവമാണ്, എന്റെ മാത്രമല്ല ഈ വഴിയെ വരുന്ന എല്ലാവരുടെയും. അനുസരണം, ദാരിദ്ര്യം, കന്യാവ്രതം എന്നീ സുവിശേഷവ്രതങ്ങൾ ഒരു വ്യക്തി സ്വീകരിക്കുന്നത് എത്രയോകാലത്തെ പഠനത്തിനും ധ്യാനത്തിനും ആലോചനയ്ക്കും ശേഷമാണ്.
സത്യം തിരിച്ചറിയുക
പ്രീഡിഗ്രി പഠനത്തിനുശേഷം പതിനെട്ടാം വയസിലാണു ഞാൻ കന്യാസ്ത്രീയാകാൻ മഠത്തിൽ ചേരുന്നത്. എട്ടു വർഷത്തെ പഠനത്തിനും ധ്യാനത്തിനും ശേഷം 26-ാം വയസിലാണു ഞാൻ നിത്യവ്രതം ചെയ്തു സന്യാസിനിയായി മാറുന്നത്.
കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ എഴുതിയതുപോലെ കന്യാസ്ത്രീ ആകാൻവരുന്ന പെണ്കുട്ടികളെ നാലഞ്ചുമാസംകൊണ്ടു നിർബന്ധിച്ചു വ്രതംചെയ്യിപ്പിക്കുന്ന രീതി കത്തോലിക്കാസഭയിൽ ഒരിടത്തുമില്ല. പകരം സുവിശേഷാധിഷ്ഠിതമായ മൂല്യങ്ങളുടെ ധ്യാനാത്മകമായ പഠനംവഴി വർഷങ്ങളുടെ പരിചിന്തനത്തിനു ശേഷമാണു ഒരു സന്യാസിനി വ്രതങ്ങൾ സ്വീകരിക്കുന്നത്.
എന്റെ പരിശീലനകാലത്ത്, ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തിരിച്ചുപൊയ്ക്കൊള്ളുക എന്നു നിരവധിതവണ എന്റെ അധികാരികൾ സ്നേഹപൂർവം എന്നെ നിർബന്ധിച്ചതാണ്. ഇഷ്ടമുണ്ടെങ്കിൽ മാത്രം ഒരു വർഷത്തേക്കു വ്രതമനുഷ്ഠിക്കുവാനാണ് ആദ്യം അവസരം തന്നത്. അങ്ങനെ നാലു വർഷങ്ങൾ വ്രതജീവിതം അഭ്യസിച്ചുനോക്കി. തുടർന്നു സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം നിത്യവ്രതമനുഷ്ഠിക്കുക എന്നാണ് അധികാരികൾ നിർദേശിച്ചത്.
അല്ലാതെ, ബാഹ്യമായ ഒരു സമ്മർദവും എന്നെ സ്വാധീനിച്ചിട്ടില്ല. അത് എന്റെ സ്വന്തം തീരുമാനമായിരുന്നു. ദൈവത്തിനുമുന്പിലും എന്റെ കുടുംബാംഗങ്ങളുടെ മുന്പിലും ലോകത്തിനുമുന്പിലും പരസ്യമായാണ് ഞാൻ എന്റെ വ്രതങ്ങൾ അർപ്പിച്ചത്. എന്നെപ്പോലെതന്നെ ഇത്രയും അവസരങ്ങൾ ലഭിച്ചവരാണ് സന്യാസവസ്ത്രം ധരിച്ച് ഇന്നു സന്യാസജീവിതത്തെ പരസ്യമായി അവഹേളിക്കുന്നവർ എന്ന് എല്ലാവരും മനസിലാക്കേണ്ടതാണ്.
അല്ലാതെ, ആരെയും നിർബന്ധിച്ചു പിടിച്ചുകൊണ്ടുവന്നു കന്യാസ്ത്രീകളാക്കുന്നില്ല. മാത്രമല്ല, കന്യാസ്ത്രീകളാകുന്നവർ വിദ്യാഭ്യാസമില്ലാത്തവരുമല്ല. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മഠത്തിൽ ചേരുന്നവർക്ക്, ഓരോരുത്തരുടെയും കഴിവ് അനുസരിച്ചു വിവിധ മേഖലകളിൽ ഉപരിപഠനം നടത്താൻ അവസരം നൽകാത്ത ഒരൊറ്റ സന്യാസ സഭയും കത്തോലിക്കാ സഭയിൽ ഇല്ല.
കന്യാവ്രതത്തിന്റെ കാതൽ
സന്യാസസഭയുടെ നിയമാവലി അനുസരിച്ച് അധികാരികൾക്ക് വിധേയരായി ജീവിച്ചുകൊള്ളാം എന്ന പ്രതിജ്ഞയാണ് അനുസരണ വ്രതം. ജീവിതം പൂർണമനസോടെ, ക്രിസ്തുവിനുവേണ്ടി സഭയിലൂടെ സമർപ്പിക്കുന്ന ഒരു വ്യക്തി സ്വന്തമായി ഭൗതിക സന്പത്ത് ഉപയോഗിക്കുന്നില്ല എന്ന പ്രഖ്യാപനമാണ് ദാരിദ്ര്യവ്രതം.
വിവാഹ ജീവിതത്തിന്റെ സൗഭാഗ്യങ്ങൾ ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ഉപേക്ഷിക്കാനുള്ള തീരുമാനമാണ് കന്യാവ്രതത്തിന്റെ കാതൽ. ഈ വ്രതങ്ങൾ ഈ അടുത്തകാലത്ത് ചിലരുടെ ജീവിതത്തിൽ ചില പ്രതിസന്ധികളുണ്ടായപ്പോൾ രൂപപ്പെട്ടതല്ല.
മൂന്നാംനൂറ്റാണ്ടു മുതൽ കത്തോലിക്കാസഭയിൽ ആരംഭിച്ച സന്യാസ ജീവിതശൈലി സ്വീകരിച്ചവർ ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി പിന്തുടർന്ന വിശുദ്ധ പാരന്പര്യത്തിന്റെ തുടർച്ചയാണ് സന്യാസവ്രതങ്ങൾ. അല്ലാതെ, തെരുവുകളിൽനിന്നു പൊതുസമൂഹത്തിന്റെ വൈകാരികമായ ആക്രോശങ്ങൾക്കനുസരിച്ചു കന്യാസ്ത്രീവേഷധാരികൾ സ്വയം വ്യാഖ്യാനിക്കുന്ന പരസ്യജല്പനങ്ങളിലല്ല, കത്തോലിക്കാ സന്യാസപൈതൃകത്തിന്റെ സത്ത എന്നാണ് എന്റെ ഉറച്ച അഭിപ്രായം.
എന്റെ സന്യാസജീവിതത്തിന്റെ സംതൃപ്തിയുടെ കാരണങ്ങളിലൊന്ന് എന്റെ സമൂഹത്തിന്റെ പിന്തുണയാണ്. ഞാൻ ജോലിചെയ്യുന്നതു ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങളോടൊപ്പമാണ്. കേരളത്തിൽ സ്പെഷൽ ഒളിന്പിക്സിന്റെ സംസ്ഥാന സെക്രട്ടറിയും പ്രോഗ്രാം മാനേജരുമായി ഞാൻ സേവനം ചെയ്യുന്നു.
ഏഥൻസിലും ഓസ്ട്രേലിയയിലും അമേരിക്കയിലെ ലോസ്ആഞ്ചലസിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേരളടീമിനെ നയിക്കാനുള്ള അവസരവും ദൈവം എനിക്കു നൽകി. ഇതിനെല്ലാം എന്റെ സഭയാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. എന്റെ കഴിവുകളുടെ ഉപയോഗവും എന്റെ പണത്തിന്റെ ഉപയോഗവും എന്റെ സമയത്തിന്റെ ഉപയോഗവും കൃത്യമായി എന്റെ സമൂഹത്തിൽ എല്ലാവർക്കും അറിയാം. നിരവധി വൈദികരോടൊപ്പവും അധ്യാപകരോടൊപ്പവും ഞാൻ യാത്രചെയ്തിട്ടുണ്ട്.
ഭിന്നശേഷിയുള്ള വ്യക്തികൾക്കു വേണ്ടി നിരവധി കായിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഒരിക്കലും ഒരാളിൽനിന്നുപോലും എനിക്കു വൈഷമ്യമുണ്ടാക്കുന്നതോ മോശമായതോ ആയ ഒരു പെരുമാറ്റവും ഉണ്ടായിട്ടില്ല. ഞാൻ മാന്യമായി പെരുമാറിയാൽ ആർക്കും എന്നോടും മാന്യമായി മാത്രമേ പെരുമാറാൻ കഴിയൂ എന്നാണ് എന്റെ അനുഭവം.
ഇതാണോ അടിമത്തം?
എന്റെ സന്തോഷവും നേട്ടങ്ങളും എന്റെ എല്ലാ അനുഭവങ്ങളും ഓരോ ദിവസവും ഞാനെന്റെ സമൂഹത്തിൽ പങ്കുവയ്ക്കുന്നുണ്ട്. ഞാനെവിടെപ്പോകുന്നു, ആരുടെകൂടെ പോകുന്നു, എന്തുചെയ്യുന്നു എന്ന് എന്റെ സമൂഹത്തിലെ അംഗങ്ങൾക്കു കൃത്യമായി അറിയാം.
അനുസരണവ്രതംവഴി എന്റെ സഭയുടെ മുഴുവൻ നിയമങ്ങളും ഞാൻ പാലിക്കും എന്നു പരസ്യപ്രതിജ്ഞ ചെയ്ത ഞാൻ എന്റെ സമൂഹത്തിലെ അധികാരിയുടെ നിർദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥയാണ്. ഞാൻ മാത്രമല്ല, എന്റെ സമൂഹത്തിലെ എല്ലാ സിസ്റ്റേഴ്സും എങ്ങോട്ടുപോകുന്നുവെന്നും എന്തുചെയ്യുന്നുവെന്നും എപ്പോൾ വരുമെന്നും ഞങ്ങൾക്ക് എല്ലാവർക്കും അറിയാം.
എന്റെ സമൂഹത്തിലെ അംഗങ്ങൾ തമ്മിൽ ദൃഢമായ പരസ്പര വിശ്വാസവും ധാരണയും നിലനിൽക്കുന്നുണ്ട്. അതാണു ഞങ്ങളുടെ കൂട്ടായ്മയുടെ കാതൽ. ക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ പങ്കുവയ്ക്കുന്ന ഈ സ്നേഹത്തിനു സ്ത്രീത്വത്തിന്റെ അടിമത്തം എന്നല്ല, ആത്മീയതയുടെ സ്വാതന്ത്ര്യം എന്നാണു ഞാൻ വിളിക്കുന്നത്.
ഈ അടുത്ത കാലത്ത് എന്നെപ്പോലെ സന്യാസം സ്വീകരിച്ച ചില സഹോദരിമാരുടെ ഭാഗത്തുനിന്നു സമർപ്പണജീവിതത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ഉണ്ടാകുന്നതു കാണുന്പോൾ ആത്മാർഥമായി സന്യാസം ജീവിക്കാൻ പരിശ്രമിക്കുന്നവർക്കു വലിയ വേദനയുണ്ട്.
സഭയോടോ വിശ്വാസിസമൂഹത്തോടോ സ്വന്തം കോണ്ഗ്രിഗേഷനോടോ യഥാർഥസ്നേഹവും പ്രതിബദ്ധതയുമുള്ളവർക്കു പൊതുസമൂഹത്തിനു മുന്പിൽ സഭയുടെ മുഖം വികൃതമാക്കാൻ കഴിയില്ലായിരുന്നു എന്നാണ് എന്റെ വിശ്വാസം. വീടുമാറിക്കയറിയവർ പ്രകടിപ്പിക്കുന്ന ഈ പകപ്പ് വീട്ടിലുള്ളവരുടെ അരക്ഷിതാവസ്ഥയാണെന്നു മറ്റുള്ളവരെക്കൊണ്ടു പറയിപ്പിക്കുന്ന രീതി എനിക്ക് അംഗീകരിക്കാൻ കഴിയില്ല.
സിസ്റ്റർ റാണി ജോ എസ്സിസി,
സെക്രട്ടറി സ്പെഷൽ ഒളിന്പിക്സ് കേരള,
പ്രിൻസിപ്പൽ, ഹോളിക്രോസ് സ്പെഷൽ സ്കൂൾ,
മണ്ണയ്ക്കനാട്, കുറവിലങ്ങാട്