ചില മാധ്യമങ്ങളും തത്പരകക്ഷികളും പറയുന്നതുകേട്ട് വികാരമിളകി ട്രോളുകളിട്ടു മടുക്കുന്പോൾ വരിക. ഈ സമൂഹം ഇവിടെത്തന്നെയുണ്ടാകും, ക്ഷമിക്കാനും ക്ഷമ ചോദിക്കാനും സ്നേഹിക്കാനും തയാറായി.
ഒരു വ്യക്തിയുടെ പേരിൽ ആരോപണമുണ്ടായാൽ അവർ ഉൾപ്പെടുന്ന സമുദായത്തെ അവഹേളിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നതിന്റെ ഉദ്ദേശ്യം വേറെ തന്നെയാണ്. അതുകൊണ്ടാണല്ലോ സമരപ്പന്തലിലെ യഥാർഥ ആവശ്യങ്ങൾ ബാനറുകളിൽ തെളിഞ്ഞുകണ്ടത്. കുന്പസാരം നിരോധിക്കലും പൗരോഹിത്യത്തിനെതിരേയുള്ള വിഷം ചീറ്റലുമൊക്കെയായിരുന്നല്ലോ അവിടെ നിറഞ്ഞത്. സഭ കുറ്റക്കാരെ പിന്തുണയ്ക്കില്ലെന്നു പറഞ്ഞാലും മാധ്യമങ്ങൾ അതു കേട്ടതായി ഭാവിക്കില്ല. അത് ഉയർത്തിക്കാട്ടിയാൽ പിന്നെ കുന്തമുന ഒടിഞ്ഞുപോകില്ലേ?
പത്രം വിൽക്കേണ്ടത് എങ്ങനെ എന്നറി യാവുന്ന ചിലർ ചില സമുദായക്കാരെ തൊ ടില്ല. തൊട്ടപ്പോഴൊക്കെ അനുഭവിച്ചിട്ടുമുണ്ട്. സാന്പത്തികലാഭത്തെ ബാധിക്കുന്ന കാര്യങ്ങൾക്ക് അവർ ഇറങ്ങിപ്പുറെ പ്പടാറുമില്ല. കത്തോലിക്കാ വൈദികർക്കും സന്യസ്തർക്കുമെതിരേ കാണിക്കുന്ന ആവേശം മറ്റു ചില വാർത്തകളിൽ കാണാനുമില്ല.
ഇങ്ങനെ അസത്യവും പരിഹാസവും അശ്ലീല കമന്റുകളും പടച്ചുവിടുന്ന കൂടുതൽപേരുടെയും മക്കൾ ഇതേ കന്യാസ്ത്രീകളുടെയും അച്ചന്മാരുടെയും പള്ളിക്കൂടങ്ങളിലേക്കാണ് രാവിലെ ഇറങ്ങിപ്പോകുന്നത്. ഇത്തരം നാണംകെട്ട അന്തിച്ചർച്ചകൾ നടത്തിയശേഷമാണ് കത്തോലിക്കാസഭയുടെ സ്കൂളുകളിലേക്ക് ചിലരൊക്കെ സ്പെഷ്യൽ സ്കീമുകളുമായി കുരുന്നുകളെ വലവീശാ ൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. എത്ര വിചിത്രം! സ്വന്തം ബിസിനസ് കൊഴുപ്പിക്കാൻ നന്മയുടെ മുഖംമൂടിയണിഞ്ഞ് കടന്നുവരുന്നവരെ തിരിച്ചറിയാൻ ഇനിയെങ്കിലും കഴിയണം.
അജൻഡവച്ചു ചർച്ച
ചാനൽ ചർച്ചകളിലെ അജൻഡ തിരിച്ചറിയേണ്ടതുണ്ട്. അവതാരകർ അവർക്കിഷ്ടമുള്ള രീതിയിൽ ചർച്ചകളെ വഴിതെളിക്കും. ആ രീതിയിലാണ് ചർച്ചയിൽ ആളുകളെ ക്ഷണിക്കുന്നത്. നാലു പേരുണ്ടെങ്കിൽ മൂന്നുപേരും സഭയെ സ്ഥിരമായി ചീത്ത വിളിക്കുന്നവർ. അനുകൂലിക്കുന്ന ഒരാളുണ്ടെങ്കിൽ അയാളെ കൂടുതൽ സംസാരിക്കാൻ അനുവദിക്കാതെയും വായടപ്പിച്ചും മുൻകൂട്ടി തയാറാക്കിയ സ്വന്തം വിധി പറയുന്ന അവതാരകൻ. സഭയുടെ പ്രതിനിധിയെന്ന മട്ടിൽ എത്തിച്ചിരിക്കുന്ന നിസഹായനെ കൂട്ടമായി പരിഹസിച്ച് ഇരുത്തിക്കളയുന്പോൾ കത്തോലിക്കാസഭയ്ക്ക് ഇതിനൊന്നും മറുപടി ഇല്ലെന്ന മട്ടിലാണ് അവതാരകന്റെ ഒടുക്കത്തെ അട്ടഹാസം.
ന്യായം വിധിക്കുന്നവർ
ജഡ്ജിമാരായി വിരമിച്ച ചിലരാണെങ്കിൽ ലോകത്തുള്ള എല്ലാക്കാര്യങ്ങളിലും അഭിപ്രായം തീർത്തങ്ങു പറയുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരും സർക്കാരുമൊക്കെ ആ മഹാപാണ്ഡിത്യത്തിനു മുന്നിൽ എന്ത്? പരിഷ്കരണം കത്തോലിക്കാസഭയിൽ മാത്രം ഒതുങ്ങുമോയെന്നേ ഇനി അറിയാനുള്ളു. അല്ലെങ്കിൽ അവരുടെ സ്വന്തം മതത്തിൽ ഉൾപ്പെടെ വലിയൊരു വിപ്ലവം ഉടൻ പ്രതീക്ഷിക്കാവുന്നതാണ്.
മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും മാത്രമല്ല, തെരുവിലും വൈദികരെയും കന്യാസ്ത്രീകളെയും അവജ്ഞയോടെ നോക്കുന്നവരും പരിഹസിക്കുന്നവരും അറിയുക, അവരുടെ സേവനത്തിന്റെ, ശുശ്രൂഷയുടെ സദ്ഫലങ്ങൾ അനുഭവിക്കാത്ത ഏതു പ്രദേശമുണ്ട് ഇവിടെ? അവരുണ്ടായിരുന്നതുകൊണ്ടുമാത്രം ജീവനും അക്ഷരവെളിച്ചവും ലഭിച്ചവരുടെ സംഖ്യ ലക്ഷങ്ങൾക്കപ്പുറമാണ്. ചാനലുകളിലും പത്രങ്ങളിലും സോഷ്യൽ മീഡിയയിലും നടത്തുന്ന പരിഹാസങ്ങൾ ആരെയാവും വേദനിപ്പിക്കുക? ആരാണ് യഥാർഥ ഇര?
പ്രതിഫലേഛ കൂടാതെ ജാതിമത പരിഗണനയ്ക്കപ്പുറത്ത് രാപകൽ ശുശ്രൂഷ ചെയ്യുന്ന ആയിരക്കണക്കിനു സന്യസ്തരുടെയും അല്മായ പ്രേഷിതരുടെയും ത്യാഗം കണ്ടില്ലെന്നു നടിക്കരുത്. നല്ല പ്രായത്തിൽ ചോരയും നീരും മജ്ജയും മാംസവും മറ്റുള്ളവരുടെ കുഞ്ഞുങ്ങൾക്കും അനാഥർക്കും മക്കൾക്കു വേണ്ടാത്ത മാതാപിതാക്കൾക്കും വേണ്ടി ചെലവഴിച്ച വൈദികരും കന്യാസ്ത്രീകളും ജീവിത സായാഹ്നത്തിൽ എന്തെടുക്കുകയാണെന്നു നിങ്ങൾ കണ്ടിട്ടുണ്ടോ? അവർ ഒരു പന്തലിലുമില്ല.
പ്രീസ്റ്റ് ഹോമുകളിലും സന്യാസ ഭവനങ്ങളിലും ഒന്നെഴുന്നേറ്റു പോലും നില്ക്കാനാകാതെ കിടക്കുന്ന നിരവധി പേരുണ്ട്. അവരുടെ സ്നേഹപരിലാളനങ്ങളാൽ ജീവിതം കെട്ടിപ്പടുത്ത ആരെങ്കിലും അവരെ കാണാൻ പോകാറുണ്ടോ? വാർധക്യത്തിലും രോഗത്തിലും കഴിയുന്ന വൈദികരെയും കന്യാസ്ത്രീകളെയും ശുശ്രൂഷിക്കാൻ അവരിൽ ആരെങ്കിലുമല്ലാതെ ആരുണ്ട്? അവരെയൊക്കെ കൂട്ടത്തോടെ അധിക്ഷേപിക്കുന്പോൾ വീണ്ടും ചോദിക്കുകയാണ് ആരാണ് യഥാർഥ ഇര?
വിഷം കവിതപോലെയും
ഇക്കഴിഞ്ഞദിവസം കേരളത്തിലെ പ്രമുഖ കവി സമരപ്പന്തലിലെത്തി പറഞ്ഞത് കേരളം കേട്ടു. ഫാ. ബെനഡിക്റ്റ് ഓണംകുളം അച്ചനെ ആരൊക്കെയോ ഇടപെട്ടില്ലായിരുന്നെങ്കിൽ കത്തോലിക്കാസഭ വിശുദ്ധനാക്കുമായിരുന്നെന്ന്. മുന്തിയ വക്കീലിനെ പിടിച്ച് രക്ഷിക്കുകയായിരുന്നെന്നൊക്കെ. കുപ്രസിദ്ധമായ മറിയക്കുട്ടി കൊലക്കേസിൽ യഥാർഥ കുറ്റവാളിയുടെ ബന്ധുക്കൾ തന്നെയാണ് അച്ചന്റെ അടുത്തെത്തി സത്യം തുറന്നു പറഞ്ഞ് മാപ്പപേക്ഷിച്ചത്.
ഒരായുസ് മുഴുവൻ കുറ്റവാളിയുടെ പരിവേഷത്തിൽ കഴിഞ്ഞ ആ മനുഷ്യൻ അതിനു ദിവസങ്ങൾക്കു ശേഷം ഇഹലോകവാസം വെടിഞ്ഞു. ഇതൊക്കെ കേരളത്തിലെ സകല മാധ്യമങ്ങളിലും വന്നു. എന്നിട്ടും ഇത്തരമൊരു നുണ പ്രചാരണം നടത്തിയതിലൂടെ കവി എന്താണ് ഉദ്ദേശിച്ചത്? അക്ഷരങ്ങളിലല്ലാതെ ഉള്ളിലെങ്ങും സത്യസന്ധതയോ ധാർമികതയോ ഇല്ലാത്ത കള്ളനാണയങ്ങൾ!
പിന്നിൽനിന്നു കുത്തിയവർ
വീഴ്ചകളുടെയും പ്രതിസന്ധികളുടെയും കാലത്ത് തിരുത്തലുകൾക്കു പകരം പിന്നിൽനിന്നു കുത്തിയവരും ഏറെയുണ്ട്. സഭാസ്ഥാപനങ്ങളിൽനിന്ന് എന്തെങ്കിലും ആനുകൂല്യങ്ങൾ കിട്ടാത്തതിന്റെ പരിഭവവും, ഏതെങ്കിലും വൈദികന്റെയോ കന്യാസ്ത്രീയുടെയോ പെരുമാറ്റശൈലിയുടെ പേരിൽ പക കൊണ്ടു നടക്കുന്നവരും, വ്യത്യസ്തമായ കാരണങ്ങളാൽ മനസിൽ നിരീശ്വരത്വം കൊണ്ടു നടക്കുന്നവരുമൊക്കെ അക്കൂട്ടത്തിൽ ഉണ്ടാകും.
ഒരു പുസ്തകത്തിന്റെ പെരുമയിൽ സാഹിത്യത്തിലെ മഹാസംഭവമാണെന്നു കരുതി നടക്കുന്ന ഒരു സാഹിത്യകാരനെ ഓർമിക്കാതെ വയ്യ. സ്വന്തം പുസ്തകത്തിൽ മാത്രമാണ് അദ്ദേഹത്തിന്റെ മൂന്നാംകിട ഭാഷ കുത്തിക്കയറ്റാതിരുന്നത്. കുറെ നാളുകൾക്കു മുന്പ് ആർക്കോ കുടിക്കാൻ കടുക്കാവെള്ളം ഉണ്ടാക്കിയ അദ്ദേഹം ഇത്തവണ ഇറങ്ങിയത് കന്യാസ്ത്രീകളെ തിരിച്ചുവിളിക്കാൻ മാതാപിതാക്കളോട് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു.
ആ കുറിപ്പ് ഇങ്ങനെ: “സ്വന്തം പെണ്മക്കളെ തുടർന്നും ജീവനോടെ കാണണമെന്നുണ്ടെങ്കിൽ സഭാസ്നേഹം, ക്രിസ്തു സ്നേഹം എന്നൊക്കെ പറഞ്ഞ് തിരുവസ്ത്രം അണിയിച്ചു പറഞ്ഞുവിട്ട പെണ്കുട്ടികളെ തിരിച്ചു വിളിച്ച് വീട്ടിൽ കൊണ്ടുവന്നു നിർത്തുക. തെമ്മാടികളായ ചില അച്ചന്മാർക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെണ്കുട്ടിയെ തന്നതെന്നു സ്നേഹത്തോടെ ഓർമിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. അത് പുരുഷന്മാരുടെ സഭയാണ്. അവർക്കുവേണ്ടി മാത്രമുള്ളതാണ്.’
എന്തായാലും സെബാസ്റ്റ്യൻ മരോട്ടിക്കുടി എന്നയാളുടെ പ്രതികരണത്തിനു സാഹിത്യകാരന്റെ മറുപടി കണ്ടില്ല. ആ പ്രതികര ണം ഇങ്ങനെയായിരുന്നു. “ഇതുകൂടി പറയണം സാഹിത്യകാരാ…പെണ്കുട്ടികൾ സുരക്ഷിതരായിരിക്കണമെന്ന് ആഗ്രഹിക്കുന്നവർ അവരെ സ്കൂളിൽ അയയ്ക്കാതിരിക്കട്ടെ, ഒറ്റയ്ക്കു പുറത്തുവിടാതിരിക്കട്ടെ, അന്പലത്തിലും മദ്രസകളിലും വിടാതിരിക്കട്ടെ, ബന്ധുവീടുകളിൽ വിടാതിരിക്കട്ടെ, സുഹൃത്തുക്കളോടൊപ്പം അയയ്ക്കാതിരിക്കട്ടെ, രാത്രിയാത്രകൾക്ക് അയയ്ക്കാതിരിക്കട്ടെ, വിനോദയാത്രകളിൽനിന്നു പിന്തിരിപ്പിക്കട്ടെ, അന്യനഗരങ്ങളിൽ പഠിക്കാൻ അയയ്ക്കാതിരിക്കട്ടെ. ഇതിലും പ്രധാനമായി പെണ്കുട്ടികൾ സുരക്ഷിതരായിരിക്കണമെന്ന് ആഗ്രഹമുള്ളവർ മദ്യപാനികളായ പിതാക്കന്മാരും സഹോദരന്മാരും ബന്ധുക്കളുമുള്ളപ്പോൾ സ്വന്തം വീടുകളിൽനിന്ന് അകറ്റി നിർത്തട്ടെ.’
മറ്റൊരു മറുപടി: “താങ്കളുടെ ആടുജീവിതം എന്ന കഥ വായിച്ചതിൽപിന്നെ ഗൾഫിലെ മലയാളികളെല്ലാം തിരിച്ചു പോന്നതുപോലെ. അല്ലേ സാറേ.’
എന്തായാലും സാറിന് ഇതിനൊന്നും ഉത്തരമില്ല. ഈ മനുഷ്യന്റെ വിശുദ്ധ നാട് യാത്ര വായിച്ച് അന്പരന്നുപോയിട്ടുണ്ട്. അവിടെയും കത്തോലിക്കാ സഭയെ പുലഭ്യം പറയാനാണ് മുക്കാൽപങ്കും പേജുകൾ ഉപയോഗിച്ചിട്ടുള്ളത്. കത്തോലിക്കാസഭയുടെ തെറ്റുകൾ, കുരിശുയുദ്ധങ്ങൾ തുടങ്ങിയവയാണ് വിഷയം. വിശുദ്ധനാട്ടിലും വിഷം മാത്രം കാണുന്നവൻ. വിശുദ്ധ നാട് തീർഥാടനത്തിനു പോകാതെ വീട്ടിലിരുന്നാലും എഴുതാവുന്നതല്ലേയുള്ളു അതൊക്കെ. ഉദ്ദേശ്യം വ്യക്തം. സഭയുടെ നെഞ്ചത്ത്…
മനുഷ്യാവകാശം ഇങ്ങനെയും
കത്തോലിക്കാ കന്യാസ്ത്രീകളുടെ സംരക്ഷണം ജീവിത വ്രതമായി എടുത്തിരിക്കുന്ന മറ്റൊരു നീതിനായകനെയും കുറെനാൾകൂടി ചാനലിൽ കണ്ടു. അദ്ദേഹത്തിന്റെ വരുമാനമാർഗം കൂടിയാണ് ഈ മനുഷ്യാവകാശപ്രവർത്തനമെന്ന് ആരോപണമുണ്ട്. കത്തോലിക്കാ കന്യാസ്ത്രീകൾക്കു മാത്രമേ മനുഷ്യാവകാശം ഉള്ളു എന്നു കരുതുന്നതുകൊണ്ടാവാം മറ്റാരുടെയും കാര്യത്തിൽ അദ്ദേഹം ഇടപെടാറില്ല.
എന്തായാലും മറ്റുള്ളവർക്കു നടപ്പാക്കിക്കൊടുത്ത നീതി സ്വന്തം അപ്പനു കൊടുക്കാൻ ഇയാൾക്കു കഴിഞ്ഞില്ലെന്നാണ് മറ്റൊരു ആരോപണം. അദ്ദേഹത്തിന്റെ പിതാവിനും ജീവിതാന്ത്യത്തിൽ സംരക്ഷണം നല്കാൻ സഭയുടെ സ്ഥാപനങ്ങൾതന്നെ വേണ്ടിവന്നു. എന്താല്ലേ?
മാപ്പു പറയുന്ന സഭ
മാർപാപ്പ പലയിടത്തുംപോയി മാപ്പു പറഞ്ഞുവന്നതാണ് ഇപ്പോൾ ചിലരുടെ തുരുപ്പുചീട്ട്. സ്ഥാനത്തും അസ്ഥാനത്തും അതു പറയുന്നു. വൈദികരുടെ പാപങ്ങൾക്കു ക്ഷമ പറയാൻ മാർപാപ്പ ഓടി നടക്കുകയാണെന്നാണ് ചിലരുടെ പരിഹാസം. ശരിയാണ്. കഴിഞ്ഞകാലങ്ങളിൽ വന്നുപോയ തെറ്റുകൾക്ക് മാർപാപ്പ ലോകത്തോടു മാപ്പു പറഞ്ഞിട്ടുണ്ട്.
കത്തോലിക്കാ സഭയിൽ മൊത്തം മഹാപാപികളും ബാക്കിയെല്ലായിടത്തും പുണ്യാത്മാക്കളുമായതുകൊണ്ടാണ് ഈ ക്ഷമ പറച്ചിൽ എന്നു ചിലരൊക്കെ ചിന്തിച്ചുവശായിരിക്കുന്നു. തന്റെ സമൂഹത്തിൽ പെട്ടവർ ചെയ്ത തെറ്റിന് പൊതു സമൂഹത്തിൽ മാപ്പു പറയാൻ ഏതൊക്കെ സമൂഹം ഇതുവരെ തയാറായിട്ടുണ്ട് രാഷ്ട്രീയക്കാരുടെ കാര്യം പോകട്ടെ. ഏതു മതനേതാവാണ് അതിനു തയാറായിട്ടുള്ളത്. അതോ ലോകത്ത് കത്തോലിക്കർ അല്ലാത്തവരൊന്നും തെറ്റു ചെയ്തിട്ടില്ലെന്നാണോ?
തുർക്കിയിലെ തെക്കൻ നഗരമായിരുന്ന അഡാനയിൽ 1909 ഏപ്രിലിൽ 30,000 ക്രിസ്ത്യാനികളെയാണ് കൂട്ടക്കുരുതി നടത്തിയത്. 1914നും 1924നും ഇടയ്ക്ക് ഓട്ടോമൻ തുർക്കികളുടെ ഭരണകാലത്തു നടന്ന കൂട്ടക്കൊലയെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ മാധ്യമ ശിഖണ്ഡികളേ? 15 ലക്ഷം പേരെയാണ് വംശഹത്യക്ക് ഇരയാക്കിയത്. പശ്ചിമേഷ്യയിൽ ക്രിസ്ത്യാനികളെ കഴുത്തറത്തും വെടിവച്ചും ബോംബിട്ടും കൊന്നു തള്ളുന്നത് ഇപ്പോഴും തുടരുകയാണ്.
ഇന്ത്യയിൽ തന്നെ ഒഡീഷയിലെ കാന്ധമാലിലും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും എത്രയോ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. ആരെങ്കിലും മാപ്പു പറഞ്ഞോ? നിങ്ങളുടെ എത്ര അന്തിച്ചർച്ചകൾ അതിനായി മാറ്റിവച്ചു? മേല്പറഞ്ഞ സ്ഥലങ്ങളിലൊക്കെ കൂട്ടമാനഭംഗത്തിനിരയായിട്ടുള്ള പെണ്കുഞ്ഞുങ്ങളുടെ നിലവിളിക്കും വധിക്കപ്പെട്ട വൈദികർക്കും കന്യാസ്ത്രീകൾക്കുമൊന്നും അവകാശപ്പെട്ടതല്ലേ മനുഷ്യാവകാശം? അവരോട് ഈ ദിവസം വരെ ഏതെങ്കിലും ആധ്യാത്മിക നേതാവ് മാപ്പു പറഞ്ഞിട്ടുണ്ടോ?
വിദ്വേഷ വ്യാപാരികളേ നിങ്ങൾക്കു തെറ്റിപ്പോയി. ഇത് ഒരു സംസ്കാരമാണ്. മാപ്പു പറഞ്ഞും മാപ്പു കൊടുത്തുമാണ് സഭ സഹസ്രാബ്ദങ്ങളിലൂടെ കടന്നുവന്നത്. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ എന്നാണ് ഓരോ ക്രൈസ്തവനും ദിവസത്തിൽ പല തവണ പ്രാർഥിക്കുന്നത്.
സിസ്റ്റർ റാണി മരിയയെ ഇൻഡോറിൽ ബസിൽനിന്നിറക്കി വെട്ടിക്കൊന്നവർക്കു മാതാപിതാക്കൾ മാപ്പു കൊടുത്തതും ഈ സംസ്കാരത്തിന്റെ ഭാഗമാണ്. കൊലയാളി മാപ്പുചോദിച്ച് വന്നപ്പോളല്ല സിസ്റ്ററിന്റെ മാതാപിതാക്കൾ മാപ്പുകൊടുത്തതും സ്വന്തം വീട്ടിൽ സ്വീകരിച്ചതും.
കൊലയാളിയെ അങ്ങോട്ടുചെന്ന് ആലിംഗനം ചെയ്യുകയായിരുന്നു. മാപ്പു കൊടുക്കുകയും മനുഷ്യരാശിയെ ഒന്നായിക്കണ്ട് സ്വന്തം സമുദായത്തിലും സംഘടനകളിലും അതു നടപ്പാക്കുകയും ചെയ്യുന്നതിനു പകരം മാർപാപ്പ മാപ്പുപറഞ്ഞതിനു പരിഹസിച്ചു നടക്കുന്നവരോട് എന്തു പറയാൻ? നിങ്ങൾക്കും തന്നിരിക്കുന്നു മാപ്പ്.
ഇവിടെത്തന്നെയുണ്ടാകും സഭ
ഇതിലൂടെയൊക്കെ സഭയെ അവഹേളിക്കാം പക്ഷേ, ഇല്ലാതാക്കാനാകില്ല. അതു പണിയപ്പെട്ടിരിക്കുന്നത് പാറമേലാണ്. മാധ്യമക്കൊടുങ്കാറ്റു വീശിയാലും അപവാദപ്പെരുമഴ പെയ്താലും ഇതിന്റെ പടവിലുള്ളവന്റെ ശക്തിക്കു മുന്നിൽ അടങ്ങിക്കൊള്ളും. ഇൻഡോറിലെ റാണി മരിയ കൊല്ലപ്പെട്ടപ്പോഴും ഒഡീഷയിൽ ഗ്രഹാം സ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും ചുട്ടുകൊന്നപ്പോഴും കാന്ധമാലിൽ ക്രൈസ്തവരെ കൂട്ടമായി കൊന്നൊടുക്കിയപ്പോഴും ഒന്നും അന്വേഷണമാവശ്യപ്പെട്ട് തെരുവിലിറങ്ങാത്തവർ ഇപ്പോൾ പ്രതികരിക്കാൻ ഇറങ്ങിയതുകണ്ട് ഇത്രയും പറഞ്ഞെന്നേയുള്ളൂ.
സഭ ഇവിടെയുണ്ടാകും. നിങ്ങളുടെ വേദനകളിൽ സഹായമാകാൻ, നിങ്ങളുടെ മക്കളെ അക്ഷരം പഠിപ്പിക്കാൻ, മടുത്ത് ഉപേക്ഷിക്കുന്ന മാതാപിതാക്കളെ അന്നമൂട്ടാൻ, ബുദ്ധിസ്ഥിരതയില്ലാത്ത കുഞ്ഞുങ്ങളെ സ്നേഹിച്ചുവളർത്താൻ, അനാഥരോടു ഞങ്ങളുണ്ടെന്നു പറയാൻ. മരണാസന്നരെ മടിയിൽ കിടത്താൻ ഞങ്ങളുണ്ട്. മാധ്യമങ്ങളും ശത്രുക്കളും പറയുന്നതുകേട്ട് വികാരമിളകി ട്രോളുകളിട്ടു മടുക്കുന്പോൾ വരിക.
ഈ സഭ ഇവിടെത്തന്നെയുണ്ടാകും. ക്ഷമിക്കാനും ക്ഷമ ചോദിക്കാനും സ്നേഹിക്കാനും തയാറായി.
വായാടികളിൽനിന്നാണ് ഞാൻ നിശബ്ദതയെക്കുറിച്ച് അറിഞ്ഞത്. അസഹിഷ്ണുക്കളിൽനിന്നു സഹിഷ്ണുതയും പഠിച്ചു. കാരുണ്യമില്ലാത്തവർ എന്നെ കരുണയുടെ വില പഠിപ്പിച്ചു. ഹാ, കഷ്ടം ! ആ ഗുരുക്കന്മാരോടാണല്ലോ ഞാൻ നന്ദികേടു കാണിച്ചിരിക്കുന്നത്.
-ഖലീൽ ജിബ്രാൻ.
വീണവരുണ്ട്, പക്ഷേ…
തീർച്ചയായും സഭയിൽ പുഴുക്കുത്തുകളുണ്ട്. തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അത് ഇന്നു മാത്രമല്ലെന്നു മനസിലാക്കുക. ക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഒരാൾതന്നെ കള്ളനാണയമായിപ്പോയി. ആദ്യത്തെ 12 ബിഷപ്പുമാരിൽ ഒരാളായിരുന്നു യൂദാസ്. തന്റെ തെരഞ്ഞെടുപ്പ് തെറ്റിപ്പോയെന്ന് ക്രിസ്തു ഒരിക്കലും പശ്ചാത്തപിച്ചില്ല.
ക്രിസ്തുവിനെ ഒറ്റിക്കൊടുത്തത് യൂദാസാണെങ്കിൽ ശത്രുക്കൾ കാൽവരിയിലേക്കു കൊണ്ടുപോയ രാത്രിയിൽ ഗുരുവിനെ തള്ളിപ്പറഞ്ഞവനായിരുന്നു പത്രോസ്. പക്ഷേ, അയാൾ നെഞ്ചുപൊട്ടി കരഞ്ഞു. പശ്ചാത്താപ വിവശനായ ആ മനുഷ്യനെ ക്രിസ്തു തന്റെ സഭയുടെ നായകനാക്കി. കയറുമെടുത്ത് കുശവന്റെ പറന്പിലേക്കു പോകാതെ പശ്ചാത്തപിച്ചിരുന്നെങ്കിൽ യൂദാസിന്റെ വിധി മറ്റൊന്നാകുമായിരുന്നു.
അതാണ് സഭ. അഭിസാരികയായി ജനങ്ങൾ കല്ലെറിയാൻ കൊണ്ടുവന്ന മഗ്ദലനയുടെ ചുറ്റും നിന്നവരോട് അവൻ പറഞ്ഞത്, നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ എന്നാണ്. പാപിനിയെ അവൻ കൈപിടിച്ചെഴുന്നേല്പിച്ചു പറഞ്ഞത് ഇനി പാപം ചെയ്യരുതെന്നാണ്. ഇന്നു മഗ്ദലന മറിയം കത്തോലിക്കാസഭയിലെ വിശുദ്ധയാണ്. പാപികളും ചുങ്കക്കാരും ധനവാനും പാവപ്പെട്ടവനും ഒക്കെ അടങ്ങുന്ന ഒരു ചെറു പ്രപഞ്ചമാണിത്. ഏതെങ്കിലും ചില വ്യക്തികളുടെ മറവിൽ സഭയെ ഇല്ലാതാക്കാനുള്ള ശ്രമമാണെങ്കിൽ അതു വിജയിക്കില്ലെന്നു വിനീതമായി പറയട്ടെ.
അകത്തിരുന്ന് അഴുകുന്നവർ
ഈ പ്രതിസന്ധിഘട്ടത്തിൽ സഭയുടെ ആത്മാവിനെ കളങ്കപ്പെടുത്താനും പൊതുനിരത്തിൽ അവഹേളിക്കാനും കാരണമായവർ ഇനിയും അകത്തുണ്ടാകാം. മഹത്തായ ശുശ്രൂഷാ പാരന്പര്യമുള്ള കത്തോലിക്കാ സഭയുടെ മുറിവുകളാകരുത് നിങ്ങൾ. യാചനയാണ്. ഒരാൾ തെറ്റുകാരനാകുകയോ കുറ്റാരോപിതനാകുകയോ ചെയ്യുന്പോൾ സംഭവിക്കുന്നത് എന്താണെന്നു നാം കണ്ടുകഴിഞ്ഞു.
എത്രയോ മനുഷ്യരുടെ നന്മയുടെ പാരന്പര്യത്തെയാണ് നമ്മിൽ ചിലർ അവഹേളനത്തിനു വിട്ടുകൊടുത്തത്. ശുശ്രൂഷാ പൗരോഹിത്യത്തെ യഥാർഥ അരൂപിയിൽ ഉൾക്കൊള്ളാൻ പരാജയപ്പെടുന്ന ചുരുക്കം ചില വൈദികരും സന്യസ്തരും ഒന്നു മാറിച്ചിന്തിക്കേണ്ട സമയമാണിത്. ലോകത്തിനു നിങ്ങളിലുള്ള വലിയ പ്രതീക്ഷകളെ പൂവണിയിക്കേണ്ട. പക്ഷേ, ഈ വലിയ ദൗത്യത്തിലേക്കു നിങ്ങളെ കൈപിടിച്ചു കയറ്റിയവനെ ഇനിയും കുരിശിലേറ്റരുത്.
ഒരു വിശ്വാസിയുടെ ഉത്തരവാദിത്വം ഞായറാഴ്ച കുർബാനയിലും നേർച്ചയിടീലിലും അവസാനിക്കുന്നില്ല. ശരിയായ ക്രൈസ്തവ അരൂപിയിൽ നിറയാൻ പരിശീലിക്കേണ്ടതുമുണ്ട്. സോഷ്യൽ മീഡിയയിൽ പറയുന്നതെല്ലാം സത്യമാകണമെന്നില്ല. നശിപ്പിക്കുന്നതെല്ലാം കെട്ടിപ്പടുക്കാൻ അത്ര എളുപ്പവുമല്ല.
സെബാസ്റ്റ്യൻ കല്ലറ