ഗാന്ധിനഗർ: വയറുവേദനയുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ ശസ്ത്രക്രിയക്കായി തലമൊട്ടയടിച്ചു. എരുമേലി സ്വദേശി ശോഭന (43)യുടെ മുടിയാണു അബദ്ധവശാൽ ജീവനക്കാർ മുറിച്ചുമാറ്റിയത്.
ആശുപത്രി സൂപ്രണ്ടിനു പരാതി നല്കാൻ ഒരുങ്ങുകയാണു ശോഭനയുടെ ബന്ധുക്കൾ. കഴിഞ്ഞ ഓഗസ്റ്റ് 26നാണു വയറുവേദനതുടർന്നു ശോഭനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
അടുത്ത ദിവസം ശസ്ത്രക്രിയക്കായി തല മൊട്ടയടിക്കുകയായിരുന്നു. അന്ന് രാത്രി തന്നെ അൾസർ സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ ചെയ്യുകയും ചെയ്തു.മെഡിസിൻ വാർഡിൽ എത്തിയ ഇവരെ ഒന്പതാം വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നു ആശുപത്രി ജീവനക്കാരെത്തി ശോഭനയുടെ തലമുടി ഷേവ് ചെയ്തു നീക്കുകയായിരുന്നു.
വയറുവേദയ്ക്കു ചികിത്സ തേടിയയാളുടെ തലമുടി ഷേവ് ചെയ്യുന്നതെന്തിനാണു ചോദിച്ചെങ്കില്ലും നഴസ് മറുപടി പറഞ്ഞില്ല. തുടർന്നു സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോഴാണു ശോഭനയ്ക്കു നേരിട്ട ബുദ്ധിമുട്ടു ബന്ധുക്കൾ അറിയുന്നത്. ഇതിനിടയിൽ തലമുടി മുറിച്ചുമാറ്റാൻ നിർദേശം നല്കിയവർ ശോഭനയെയും ബന്ധുക്കളെയും നേരിക്കണ്ടു ക്ഷമാപണം നടത്തുകയും പരാതി നല്കരുതെന്നും നിർദേശിക്കുകയും ചെയ്തു.
എന്നാൽ രോഗികളെ ശ്രദ്ധാപൂർവം പരിചരിക്കേണ്ടവരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായ സാഹചര്യത്തിൽ ആശുപത്രി അധികൃതർക്കു പരാതി നല്കുമെന്നു ബന്ധുക്കൾ പറഞ്ഞു. നിലവിൽ വയറിനുള്ള സർജറി കഴിഞ്ഞ് പ്രത്യേക പരിചരണ വിഭാഗത്തിൽ കഴിയുകയാണ് ശോഭന.