കോട്ടയം: പൊതുമരാമത്തുവകുപ്പിൽ വിവരാവകാശം സംബന്ധിച്ചു അപേക്ഷ നൽകിയ തൊഴിലാളികൾക്കു കരാറുകാരന്റെ ഭീഷണി. ഗാന്ധിനഗർ പൊതുമരാമത്തുവകുപ്പ് കെട്ടിട നിർമാണ വിഭാഗത്തിലാണ് സംഭവം.
മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ ഗ്രൗണ്ട് ഫ്ളോർ ഒഴികെ നാലുനിലകൾ പെയിന്റ് ചെയ്യാനായിരുന്നു പൊതുമരാമത്തുവകുപ്പും കോണ്ട്രാക്റും തമ്മിൽ ഉടന്പടി.
രണ്ടു കോട്ട് പുട്ടി (പെയിന്റ്) ചെയ്യണമെന്നായിരുന്നു ഉടന്പടി. എന്നാൽ ഒരു കോട്ട് അടിച്ചാൽ മതിയെന്ന് തൊഴിലാളികളോട് കോണ്ട്രാക്ടറിന്റെ പ്രതിനിധി ആവശ്യപ്പെട്ടു.
ഇതിൽ തൊഴിലാളികൾ വിസമ്മതം അറിയിച്ചു. ഒരു കോട്ട് അടിച്ചുകഴിഞ്ഞാൽ ജോലി മോശമാണെന്ന് പറഞ്ഞു കുറ്റപ്പെടുത്താൻ സാധ്യതയുള്ളതിനാലാണ് തൊഴിലാളികൾ വിസമ്മതിച്ചത്.
നാളുകളായി അത്തരത്തിൽ നിർമാണ ജോലികളിലെ അഴിമതി തടർന്നുകൊണ്ടിരിക്കുകയാണ്.
ഇതിനാൽ കെട്ടിടം പെയിന്റ് ചെയ്യുന്നതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും കോണ്ട്രാക്ടറും തമ്മിലുള്ള ഉടന്പടിയിലെ വ്യവസ്ഥ എന്താണെന്ന് അറിയുന്നതിനാണ് തൊഴിലാളികളിൽ ഒരാൾ വിവരാവകാശം പ്രകാരം അപേക്ഷ നൽകിയത്.
എന്നാൽ അപേക്ഷ നല്കി അര മണിക്കൂറിനുള്ളിൽ കോണ്ട്രാക്ടർ ഈ തൊഴിലാളിയെ ഫോണിൽ വിളിച്ച് വിവരാവകാശ അപേക്ഷ നൽകിയത് എന്തിനാണെന്നു ചോദിച്ച് ഭീഷണപ്പെടുത്തി.
ഇതിന്റെ പേരിൽ ജോലിയിൽനിന്നും പിരിച്ചുവിടുമെന്ന ഭീഷണിയാണ് കോണ്ട്രാക്ർ നടത്തിയിരിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
പൊതുമരാമത്തുവകുപ്പിലെ ചില ഉദ്യോഗസ്ഥരും കോണ്ട്രാക്ടറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മൂലം വർഷങ്ങളായി മെഡിക്കൽ കോളജിലെ കെട്ടിട നിർമാണങ്ങളിലും അനുബന്ധ ജോലികളിലും കോടിക്കണക്കിനു രൂപയുടെ അഴിമതിയുണ്ടായിട്ടുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
എങ്കിലും കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നു.