കുമരകം: നാട്ടിലെ രോഗികൾക്ക് ചികിത്സ നൽകി സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാന്പ്. ഇന്നലെ കുമരകം എസ്കെഎം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ക്യാന്പിൽ പങ്കെടുത്തത് 3600 രോഗികൾ. ആറ് സൂപ്പർ സ്പെഷാലിറ്റികൾ, 10 സ്പെഷാലിറ്റികൾ എന്നിവയിലടക്കം 100 ഡോക്ടർമാരാണു ചികിത്സിച്ചത്. ക്യാന്പിലെത്തിയ ശസ്ത്രക്രിയ ആവശ്യമായി വരുന്ന 100 പേർക്ക് ബിപിസിഎല്ലിന്റെ സാമൂഹിക ബാധ്യത ഫണ്ടിൽനിന്ന് സൗജന്യമായി ചെയ്ത് നൽകും.
ക്യാന്പിലെത്തിയവർക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. ബിപിസിഎൽ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയാണ് ക്യാന്പിലെ തുടർ ചികിത്സകൾ, ശസ്ത്ര ക്രിയകൾ, ലബോറട്ടറി സേവനങ്ങൾ എന്നിവ നൽകുന്നത്. ക്യാന്പ് കെ. സുരേഷ് കറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജെസിമോൾ മനോജ് അധ്യക്ഷത വഹിച്ചു.
കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. ജുനേദ് റഹ്മാന, കൊച്ചി റിഫൈനറി എക്സിക്യൂട്ടിവ് ഡയറക്ടർ പ്രസാദ് പണിക്കർ, പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ, ഡിഎംഒ ഡോ ജേക്കബ് വർഗീസ് എന്നിവർ പ്രസംഗിച്ചു. കൊച്ചി ഐഎംഎ എറണാകുളം ജനറൽ ആശുപത്രി, കോട്ടയം കെജിഎംഒഎ, കോട്ടയം, ഏറ്റുമാനൂർ ഐഎംഎ ബ്രാഞ്ചുകൾ എന്നിവയാണ് ഡോക്ടർമാരെ ക്യാന്പിൽ എത്തിച്ചത്.
കോട്ടയം ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ യൂണിറ്റ് കുമരകം ഗ്രാമപഞ്ചായത്ത്, എസ്കെഎം ഹയർസെക്കന്‍ഡറി സ്കൂൾ എന്നിവയാണ് ക്യാന്പിന്റെ പ്രാദേശിക സംഘാടനം നടത്തിയത്.