കോട്ടയം: ഗ്ലൗസും മാസ്കും ധരിക്കേണ്ടത് ആര് ? രോഗിയോ അതോ ആശുപത്രി ജീവനക്കാരോ ? കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇങ്ങനെയൊരു തർക്കം ഉടലെടുത്തത്. ജീവനക്കാർ ഗ്ലൗസും മാസ്കും ധരിച്ചത് ശ്രദ്ധയിൽപ്പെട്ട നഴ്സിംഗ് ഓഫീസർ ജീവനക്കാരെക്കൊണ്ട് ഇന്പോസിഷൻ എഴുതിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം വിവാദമായത്.
കഴിഞ്ഞ ദിവസം ആറാം വാർഡിലേക്ക് വന്ന നഴ്സിംഗ് ഓഫീസർ കണ്ടത് ഡ്യൂട്ടിയിലുള്ള നഴ്സുമാരും നഴ്സിംഗ് അസിസ്റ്റന്റും അടക്കമുള്ള ജീവനക്കാർ ഗ്ലൗസും മാസ്കും ധരിച്ചിരിക്കുന്നതാണ്. ഇതു കണ്ട് കലികയറിയ നഴ്സിംഗ് ഓഫീസർ ഇതിന്റെ ഉപയോഗം എന്താണെന്നും ആരാണ് ഇത് ധരിക്കേണ്ടതെന്നും അറിയാമോ എന്നു ചോദിച്ചു.
ഇതിന്റെ ഉപയോഗം വിശദീകരിച്ചുകൊണ്ട് 100 തവണ ഇന്പോസിഷൻ എഴുതണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതോടെയാണ് സംഗതി വിവാദമായത്. എന്നാൽ പിഎസ്സി വഴി നിയമനം ലഭിച്ചവരുൾപ്പെടെയുള്ളവരെ പ്രാകൃത ശിക്ഷാ നിയമം അടിച്ചേൽപ്പിക്കുവാൻ ഓഫീസർക്ക് അധികാരമില്ലെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള ഗവണ്മെന്റ് നഴ്സിംഗ് അസോസിയേഷൻ രംഗത്ത് വന്നതോടെ പിഎസ്സി വഴിയല്ലാത്ത മറ്റുള്ള ജീവനക്കാർ ഇന്പോസിഷൻ എഴുതിത്തരണമെന്നായി ഓഫീസർ.
ഇതിനെ തുടർന്ന് ഭരണപക്ഷ സർവീസ് സംഘടനാ നേതാക്കൾ രംഗത്ത് വന്നതോടെ ശിക്ഷാ നടപടി പിൻവലിക്കുകയായിരിന്നു. ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആറാം വാർഡിലായിരുന്നു സംഭവങ്ങളുടെ തുടക്കം. നേതാക്കൾ ഇടപെട്ട് നഴ്സിംഗ് ഓഫീസറുടെ നടപടി പിൻവലിപ്പിക്കുകയായിരിന്നു.
റ്റി.ബി. അടക്കം വിവിധ പകർച്ച രോഗികൾ ചികിൽസയിൽ കഴിയുന്ന വാർഡുകളിൽ രോഗികൾക്കാണ് മാസ്ക് കൊടുക്കേണ്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ ചട്ടത്തിൽ പറയുന്നതെന്നും അത് കൊടുക്കുവാൻ സർക്കാരിനെ കൊണ്ട് കഴിയാത്തതിനാൽ ജീവനക്കാരും ഇവ ധരിക്കേണ്ടെന്നാണ് നഴ്സിംഗ് ഓഫീസർ നൽകുന്ന മറുപടി.
എന്നാൽ ഒരു സർക്കാരിനെ കൊണ്ടും ചികിത്സ തേടിയെത്തുന്ന മുഴുവൻ രോഗികൾക്കും മാസ്കും, ഗ്ലൗസും നൽകുവാൻ കഴിയില്ലെന്നും ഡോക്ടർ അടക്കമുള്ള ജീവനക്കാർക്ക് ഇവ നൽകിയാൽ പരിചരിക്കുന്നവർക്ക് രോഗം പകരാതിരിക്കുമെന്നാണ് മുഴുവൻ സർവീസ് സംഘടനകളും പറയുന്നത്.