ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ കക്കൂസ് മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെ തോടുകളിലേക്ക് ഒഴുക്കിവിടുന്നതായി പരാതി.
വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഈ പ്രവര്‍ത്തി റോഡ് പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി കലുങ്ക് നിര്‍മിക്കാന്‍ ശ്രമിക്കുന്പോഴാണ് കക്കൂസ് മാലിന്യ പൈപ്പ് നിര്‍മ്മാണ തൊഴിലാളികള്‍ കാണുന്നത്.
ഇവര്‍ മാലിന്യ പൈപ്പ് ഹോസ്റ്റല്‍ മതിലിന്റെ ഭാഗത്തുവച്ച് മുറിച്ചു കളഞ്ഞതിനാല്‍, ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന കലുങ്കിന്റെ അടിയില്‍ക്കൂടി നേരേ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ ചെറിയ തോടുകള്‍ വഴിയാണ് മാലിന്യജലം ഒഴുക്കി വിടുന്നത്.
ഈ തോട്ടിലൂടെ പോകുന്ന കക്കൂസ് മാലിന്യം ചാത്തനൂര്‍ കോനാരി തോട്ടിലൂടെ പെണ്ണാര്‍ തോട്ടിലെത്തും. അവിടെ നിന്ന് വിവിധ പഞ്ചായത്ത് തോടുകള്‍ വഴിയ വേന്പനാട്ട് കായലിലും പതിക്കും.
മുടിയൂര്‍ക്കര സീവേജ് പ്ലാന്റി (ലേഡീസ് ഹോസ്റ്റലിന് എതിര്‍വശം)ലെ മലിന ജലവും പെണ്ണാര്‍ തോടു വഴി ഒഴുകി ജനവാസേ കേന്ദ്രങ്ങളുടെ സമീപത്തുള്ള ഈ തോടുകള്‍ വഴി ഒഴുകിയാണ് വേന്പനാട്ടുകായലില്‍ പതിക്കുന്നത്.
ലേഡീസ് ഹോസ്റ്റലിന്റെ മുന്‍ വശത്തുള്ള റോഡ് പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായാണ് പുതിയ കലുങ്ക് നിര്‍മ്മാണം നടക്കുന്നത്.
കലുങ്ക് നിര്‍മ്മിക്കുതിനായി റോഡിന്റെ അടിയിലൂടെ കടന്നുപോയ വലിയ പൈപ്പ് തൊഴിലാളികള്‍ മുറിച്ചു മാറ്റി. അപ്പോഴാണ് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടിരുന്ന പൈപ്പാണെന്ന് കാര്യം അറിയുന്നത്.
കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നതു നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.