ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ ഹൈടെക് വാർഡ് കണ്ടാൽ ആരും അന്പരക്കും. സർക്കാരിന് ഒരു ചില്ലിക്കാശ് പോലും ചെലവില്ലാതെ ആശുപത്രി സൂപ്രണ്ടും ജീവനക്കാരും സന്നദ്ധ സംഘടനയും ചേർന്ന് മനോഹരമാക്കിയ മെഡിക്കൽ കോളജ് ആശുപത്രിയിലെ 10-ാം വാർഡ് ആരെയും അതിശയിപ്പിക്കും.
ന്യൂറോ സർജറി, അസ്ഥിരോഗം എന്നീ വിഭാഗത്തിലെ രോഗികളെ ശസ്ത്രക്രിയക്ക് മുന്പും, ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു മൂന്നു ദിവസം തീവ്രപരിചരണ വിഭാഗത്തിലെ പരിചരണത്തിനു ശേഷം തുടർന്ന് ഡിസ്ചാർജ് ചെയ്യുന്നതു വരെ കിടത്തി ചികിത്സിക്കുന്ന വാർഡുമാണ് ഇത്. വാർഡിന്റെ പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലായി മുന്തിയ ഇനം ചെടിച്ചട്ടികളിൽ സ്ഥാപിച്ചിരിക്കുന്നത് കൂടാതെ ചുവപ്പ് പരവതാനി കൂടി വിരിച്ചതോടെ ഇത് സർക്കാർ ആശുപത്രി വാർഡ് തന്നെയാണോയെന്ന് സംശയിച്ചു പോകും.
ഇനി വാർഡിന് അകത്തു കടന്നാൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വായിക്കുവാൻ പത്രമാസികകൾ, കുടിക്കുന്നതിന് ശുദ്ധീകരിച്ച വെള്ളം , ചൂടുവെള്ളം എന്നിവ ലഭ്യമാക്കും. രോഗികളുടെ വസ്ത്രങ്ങൾ അടങ്ങിയ ബാഗുകൾ സൂക്ഷിക്കുവാൻ അലമാരകളുമുണ്ട്. ജനാലകൾ, അലങ്കരിച്ച കളർഫുൾ ആയ ജനൽ കർട്ടനുകൾ, അക്വേറിയം, വൃത്തിയുള്ള കിടക്കകൾ എന്നിവ വേറെ.
ലക്ഷക്കണക്കിന് രൂപ മുടക്കി വാർഡ് ഭംഗിയുള്ളതാക്കുന്നത് സർക്കാർ ഫണ്ട് അല്ലായെന്നുള്ളതാണ് അതിശയിപ്പിക്കുന്നത്. ഈ വാർഡിന്റെ ചുമതലക്കാരിയായ ഹെഡ് നഴ്സ് ജലജാ മണിയുടേയും സഹജീവനക്കാരുടേയും കഠിന പ്രയത്നമാണ് ഈ വാർഡ് ഇത്ര ഭംഗിയുള്ളതായി നിലനിർത്തുവാൻ കഴിയുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. റ്റി.കെ ജയകുമാർ പരവതാനി സംഭാവന ചെയ്തപ്പോൾ വില കൂടിയ ചെടികൾ സ്ഥാപിച്ചതിന്റെയും ജനൽ കർട്ടൻ, കുടിവെള്ള ശേഖരണം, അക്വേറിയം, എഫ്.എം റേഡിയോ എന്നിവ അടക്കം മറ്റ് മുഴുവൻ സജ്ജീകരണങ്ങളുടേയും പണം മുടക്ക് നവജീവൻ ട്രസ്റ്റി പി.യു.തോമസിന്റെ വകയാണ്.
ഈ ചെടികൾ സ്ഥാപിച്ചതിനേക്കാൾ ബുദ്ധിമുട്ടാണ് ഇത് നശിച്ചുപോകാതെ സംരക്ഷിച്ചു നില നിർത്തുക എന്നത്. താനും മൂന്നു ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന മറ്റ് നഴ്സ്മാർ, ഗ്രേഡ് വണ്, ഗ്രേഡ് ടു ജീവനക്കാർ എന്നിവർ രോഗി പരിചരണത്തിനിടയിൽ ഒട്ടും വിശ്രമിക്കാതെയാണ് വെള്ളം ഒഴിക്കുവാനും മറ്റുമായി സമയം കണ്ടെത്തി ജോലി ചെയ്യുന്നത്. ഈ വാർഡ് വൃത്തിയുള്ളതും കാഴ്ച ഭംഗിയുള്ളതുമാക്കി തീർക്കുന്നത് വഴി രോഗികൾക്ക് മാനസിക സംതൃപ്തി പകരാൻ കഴിയുന്നു.
സൂപ്രണ്ട് ഡോ.റ്റി.കെ ജയകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജിജു, ആർഎംഒ ഡോ ആർ.പി.രഞ്ചിൻ രോഗികളുടെ ചികിത്സാ മേധാവികളായ ഡോ.പി.കെ ബാലകൃഷ്ണൻ (ന്യൂറോ സർജറി), ഡോ.എം.എ തോമസ് (അസ്ഥിരോഗം) അസ്ഥിരോഗത്തിലെ യൂണിറ്റ് ചീഫുമാരായ ഡോ. റ്റി ജി തോമസ് ജേക്കബ്, ഡോ.എം സി ടോമിച്ചൻ എന്നിവരുടെ പിന്തുണയും അഭിനന്ദനവും ഇതിനു പിന്നിലുണ്ട്. പെൻഷൻ പറ്റുന്നതിനു മുൻപ് ഒരു ടിവികൂടി വാങ്ങി നല്കണമെന്ന ആഗ്രഹത്തിലാണ് നഴ്സ് ജലജാ മണി.