അമ്പലപ്പുഴ: സുരക്ഷാ സംവിധാനം ഇല്ലാത്തതിനാൽ മെഡിക്കൽ കോളജ് വളപ്പിൽ പുതുതായി നിർമിച്ച ലക്ചർ ഹാൾ പരിസരം സാമൂഹ്യ വിരുദ്ധ താവളമാകുന്നതായി ആക്ഷേപം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് വളപ്പിൽ പുതുതായി നിർമിച്ച ഗ്യാലറി ടൈപ്പ് ലക്ച്ചർ ഹാൾ കെട്ടിടമാണ് സന്ധ്യയ്ക്ക് ശേഷം സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നത്.
നാലുമാസം മുന്പ് നിർമാണം പൂർത്തിയാക്കിയ ലക്ച്ചർ ഹാൾ ആഴ്ചകൾക്ക് മുന്പാമ് ഉദ്ഘാടനം ചെയ്തത്. ആളൊഴിഞ്ഞ ഭാഗത്തെ കെട്ടിടം രാത്രികാലങ്ങളിൽ മദ്യപാനികളായ സാമൂഹ്യ വിരുദ്ധർ താവളമാക്കുകയാണെന്നാണ് ആക്ഷേപം. ഈ ഭാഗത്ത് വെളിച്ചമില്ലാത്തത് ഇവരുടെ വിളയാട്ടത്തിന് സഹായകരമായിരിക്കുകയാണ്. ലക്ച്ചർ ഹാളിന് സമീപത്താണ് ആശുപത്രിയുടെ പഴയ ഗെയിറ്റ്. 24 മണിക്കൂറും തുറന്ന് കിടക്കുന്ന ഈ ഗേറ്റിലൂടെയാണ് സാമൂഹ്യവിരുദ്ധർ ലക്ച്ചർ ഹാളിന് സമീപത്തേക്കെത്തിച്ചേരുന്നത്.
ലെക്ച്ചർ ഹാളും, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങളും ആരംഭിയ്ക്കുന്നതിന് മുന്പായി പഴയ ഗെയിറ്റ് അടച്ചു പൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യത്തെതുടർന്ന് സർക്കാർ ഉത്തരവ് ഇട്ടിരുന്നങ്കിലും, ഈ നിർദ്ദേശം പാലിയ്ക്കാൻ ആശുപത്രി അധികാരികൾ തയാറായില്ല. പണി പൂർത്തികരിച്ച ഗ്യാലറി ടൈപ്പ് ലക്ച്ചർ ഹാൾ, കെട്ടിടത്തിൽ സുരക്ഷാ സംവിധാനം ഒരുക്കാനും അധികൃതർ തയാറായില്ല. ആശുപത്രി വികസന സമതി ചെയർമാൻ കൂടിയായി ജില്ലാ കളക്ടർ ഇടപെട്ട് സുരക്ഷാ സംവിധാനം ഉണ്ടാക്കുകയോ, പഴയ ഗേറ്റ് അടച്ചു പൂട്ടാൻ നടപടി സ്വീകരിയ്ക്കുകയാ, ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്.