ആർപ്പൂക്കര പഞ്ചായത്ത് നിർമിക്കുന്ന കംഫർട്ട് സ്റ്റേഷന്റെ താത്കാലിക വാതിൽ പൊളിച്ച് അകത്തു കടന്നു വിശ്രമിക്കുന്ന സാമൂഹ്യവിരുദ്ധർ….
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പരിസര പ്രദേശങ്ങളിൽ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ സാന്നിധ്യം.ആർപ്പുക്കര പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ പിൻഭാഗത്ത്, പഞ്ചായത്ത് നിർമിക്കുന്ന കംഫർട്ട് സ്റ്റേഷന്റെ താത്ക്കാലിക വാതിൽ പൊളിച്ച് അകത്തു കയറിയാണ് ഇപ്പോൾ സാമൂഹ്യ വിരുദ്ധർ തന്പടിച്ചിരിക്കുന്നത്.
രാത്രി കാലങ്ങളിൽ കർശനമായ പോലീസ് പട്രോളിംഗുള്ളതിനാൽ പകൽ സമയങ്ങളിലാണ് ഇവർ ഇവിടെ വിഹരിക്കുന്നത്. രാത്രിയാവുന്പോൾ ആശുപത്രി പരിസരത്ത് കയറുന്നതിനാൽ ഇവരെ പിടിക്കുവാൻ പോലീസിന് സാധിക്കാതെ വരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരം, ബസ് സ്റ്റാന്റ്, ടാക്സി- ഓട്ടോറിക്ഷാ സ്റ്റാന്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. ചിലർ കാലിൽ വ്യാജമായി തുണി കെട്ടിയ ശേഷം ഭിക്ഷാടനം നടത്തും.
ഭിക്ഷ യാചിച്ച് കിട്ടുന്ന പണംകൊണ്ട് അമിതമായി മദ്യപിച്ച ശേഷം ബസ് സ്റ്റാന്റിലെ വിശ്രമ ബെഞ്ചിൽ ഇരിക്കുന്ന സ്ത്രീകളെ അസഭ്യം പറയുക പതിവായിരുന്നു. പണം നൽകാത്ത പുരുഷന്മാരേയും ഇക്കൂട്ടർ ആക്ഷേപിക്കും.
ഗുണ്ടകളുടേയും ലഹരി ഉപയോഗക്കാരുടേയും സാമൂഹ്യ വിരുദ്ധരുടേയും കേന്ദ്രമായി മെഡിക്കൽ കോളജ് പരിസരം മാറുന്നുവെന്നു നിരവധി തവണ രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന് കഴിഞ്ഞ 14 ന് രാത്രിയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഡിവൈഎസ്പി സന്തോഷ് കുമാർ, ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തോടെ ആശുപത്രി പരിസര പ്രദേശങ്ങളിൽ കർശന പരിശോധന നടത്തുകയും വർഷങ്ങളായി അനധികൃതമായി ആശുപത്രി പരിസരത്ത് ക്യാന്പ് ചെയ്തവരെ താക്കീത് നൽകി പറഞ്ഞു വിടുകയും ചെയ്തിരുന്നു.
18 ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാൽപാത്തി മല, ആർപ്പൂക്കര എന്നിവിടങ്ങളിലും ഗുണ്ടാ സംഘങ്ങൾ, സാമൂഹ്യ വിരുദ്ധർ, ലഹരി ഉപയോഗിക്കുന്നവർ എന്നിവർക്കായും തെരച്ചിൽ നടത്തി.
കുപ്രസിദ്ധ മോഷ്ടാക്കളുടേയും കുറ്റവാളികളുടേയും വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾക്കു ശേഷം നാലു ദിവസത്തോളം ആശുപത്രി പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ സാന്നിദ്ധ്യമില്ലായിരുന്നു.
ഇപ്പോൾ വീണ്ടും ഇവർ സജീവമായിരിക്കുകയാണെന്നു പ്രദേശത്തെ വ്യാപാരികൾ പറയുന്നു.