അമ്പലപ്പുഴ: ആശുപത്രി പൈപ്പുകളില്‍ ലഭിക്കുന്നത് മലിനജലമെന്ന് പരാതി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൈപ്പുകളില്‍ മലിനജലമാണ് ലഭിക്കുന്നതെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആക്ഷേപം. മാസങ്ങളായുള്ള പരാതിക്കു അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയുമില്ലെന്നും രോഗികള്‍ ആരോപിക്കുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുകയും നിരവധി തവണ രേഖാമൂലം പരാതി നല്‍കിയിട്ടും അധികൃതര്‍ ഇതിന്റെ ഗൗരവം കണക്കിലെടുക്കുന്നില്ല. ഇ കോളി ബാക്ടീരിയയുടെ അളവ് അധികമാണെന്നു പരിശോധനാ ഫലം ലഭിച്ചിട്ടും ആരോഗ്യം കാത്തുരക്ഷിക്കേണ്ടവര്‍ തന്നെ മൗനം പാലിക്കുന്നത് വിരോധാഭാസമാണ്.
ശുചിമുറികളില്‍ ലഭിക്കുന്നതു പുഴുക്കളും ബാക്ടീരിയകളും ദുര്‍ഗന്ധവുമുള്ള മലിന ജലമാണെന്നു രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. അടുത്തു താമസിക്കുന്നവര്‍ ഭക്ഷണത്തോടൊപ്പം പ്രാഥമികാവശ്യത്തിനുള്ള വെള്ളവുമായാണ് എത്തുന്നത്. എന്നാല്‍ വളരെ ദൂരെ നിന്നുമുള്ളവര്‍ മുഖം കഴുകാന്‍ പോലും പണം കൊടുത്ത് വെള്ളം വാങ്ങുകയാണെന്നു രോഗികള്‍ പറയുന്നു. ഇവിടെ വെള്ളം ഫില്‍റ്ററിംഗ് ചെയ്യാറേയില്ലെന്നും ടാങ്കുകള്‍ വൃത്തിയാക്കിയിട്ടു മാസങ്ങളായെന്നും ജീവനക്കാര്‍ തന്നെ പറയുന്നു. രോഗവുമായെത്തുന്നവര്‍ നിരവധി രോഗവുമായി തിരിച്ചു പോകേണ്ട അവസ്ഥയാണുള്ളതെന്നും മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുക്കണമെന്നുമാണ് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നത്.